തിരുവനന്തപുരം: വയനാടിനായുള്ള സാലറി ചലഞ്ചിന് എതിരായവരെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വിദ്യാഭ്യാസവും വലിയ പദവിയും ഉണ്ടായിട്ട് കാര്യമില്ല. സാമൂഹ്യപ്രതിബദ്ധതയാണ് പ്രധാനം. കുഞ്ഞുകുട്ടികൾ പോലും കുടുക്കപൊട്ടിച്ച് പണം നൽകുന്ന സാഹചര്യമാണ്. അപ്പോഴും കയ്യിലുള്ള പണം നൽകാതിരിക്കാൻ എതിരായി സംസാരിക്കുന്നത് സാമൂഹ്യബോധമില്ലാത്തതുകൊണ്ടാണ്. കൂടുതൽ സർക്കാർ ജീവനക്കാരും സ്വമേധയാ സഹായിക്കാനും ഐക്യപ്പെട്ട് നിൽക്കാനും താത്പര്യമുള്ളവരാണ്. എന്നാൽ ചില എതിർശബ്ദങ്ങളുണ്ടായി. സർക്കാർ ഏതെങ്കിലും തരത്തിലുള്ള നിർബന്ധം ഇക്കാര്യത്തിൽ കാണിച്ചിട്ടില്ല. സർവ്വീസ് സംഘടനകൾ കൂട്ടായി തീരുമാനിച്ചതനുസരിച്ചാണ് കാര്യങ്ങൾ നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരള ലെജിസ്ളേച്ചർ സെക്രട്ടേറിയറ്റ് സ്റ്റാഫ് അസോസിയേഷന്റെ 66-ാമത് വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് ഏറ്റവും കൂടുതൽ സർക്കാർ നിയമനം നടത്തുന്നത് കേരളത്തിലാണ്. പ്രതികൂലസാഹചര്യത്തിൽ പോലും നിയമനം നൽകുന്ന സംസ്ഥാനത്താണ് പൊതുവായ കാര്യങ്ങളിൽ അപശബ്ദങ്ങൾ ഉയരുന്നത്.
ദേശീയ ദുരന്തമായി പ്രഖ്യാപിക്കേണ്ട ദുരന്തമാണ് വയനാട്ടിലുണ്ടായത്. അവിടെ വിദ്യാഭ്യാസവും തൊഴിലും ഉപജീവനവും പുനരാരംഭിക്കാൻ പ്രത്യേക പാക്കേജുകൾ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. കിട്ടുമെന്നാണ് പ്രതീക്ഷ. എന്നാൽ സംസ്ഥാനത്ത് നടപടികൾ കഴിയുന്നതും വേഗം തുടങ്ങേണ്ടതുണ്ട്. അതിനാണ് പൊതുജനങ്ങളുടെ സഹകരണത്തോടെ ധനസമാഹരണം നടത്തുന്നത്. പ്രളയകാലത്തും കൊവിഡിലും എല്ലാം ഇതേ ഐക്യത്തോടെയാണ് കേരളം പ്രതിസന്ധികൾ മറികടന്നതെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.
അയ്യങ്കാളി ഹാളിൽ നടന്ന പരിപാടിയിൽ അസോസിയേഷൻ പ്രസിഡന്റ് കെ.ഷൂജ അദ്ധ്യക്ഷത വഹിച്ചു.സി.പി.എം ജില്ലാസെക്രട്ടറി വി.ജോയി എം.എൽ.എ സ്വാഗതം പറഞ്ഞു.മുൻമന്ത്രി എ.കെ.ബാലൻ, എൻ.ജി.ഒ യൂണിയൻ ജനറൽ സെക്രട്ടറി എം.എ.അജിത് കുമാർ,ബദറുന്നിസ,ഷാജഹാൻ, കെ.എൻ.അശോക് കുമാർ,ഹരിലാൽ,സുനുകുമാർ കെ.വി,ടി.സുബ്രഹ്മണ്യൻ,ഡോ.മുഹമ്മദ് റഫീഖ്, ഡോ.കെ.ബിജുകുമാർ തുടങ്ങിയവർ ആശംസ നേർന്നു.എസ്.സതികുമാർ നന്ദി പറഞ്ഞു.സമ്മേളനം ഇന്ന് സമാപിക്കും.
പേരുകൾ എല്ലാം
പുറത്തുവരണം: ഫെഫ്ക
പ്രത്യേക ലേഖകൻ
കൊച്ചി: സിനിമാമേഖലയിൽ ലൈംഗിക അതിക്രമം നടത്തിയ എല്ലാവരുടെയും പേരുകൾ പുറത്തുവരണമെന്നും അവർ നിയമനടപടിക്ക് വിധേയരാകണമെന്നും ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ. ഗുരുതരമായ കുറ്റകൃത്യം കമ്മിറ്റിക്ക് മുമ്പിൽ റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ ന്യായാധിപയായ ജസ്റ്റിസ് ഹേമ നടപടി സ്വീകരിക്കണമായിരുന്നു. ആരോപണവിധേയരായ ഫെഫ്ക അംഗങ്ങൾ കുറ്റം ചെയ്തതായി പൊലീസ് റിപ്പോർട്ട് സമർപ്പിക്കുകയോ,കോടതി പരാമർശമോ അറസ്റ്റോ ഉണ്ടായാൽ അംഗത്വം മരവിപ്പിക്കും. തിങ്കളാഴ്ച മുതൽ ചേരുന്ന ഫെഫ്കയുടെയും അംഗസംഘടനകളുടെയും യോഗം ഹേമ കമ്മിറ്റി റിപ്പോർട്ട് ചർച്ച ചെയ്യും. റിപ്പോർട്ടിലെ സംഘടനാ നിലപാടും നിർദ്ദേശങ്ങളും തയ്യാറാക്കി 8നകം മുഖ്യമന്ത്രിക്ക് കൈമാറും.
ആഷിഖിന്റേത്
പഴയ ആരോപണം
രാജിവച്ച ആഷിഖ് അബു ഉന്നയിച്ച ആരോപണങ്ങൾ 2018ൽ വ്യക്തത വരുത്തിയതാണ്. തർക്കങ്ങളിൽ ഇടപെടുന്ന സംഘടനകൾ ലഭിക്കുന്ന തുകയുടെ നിശ്ചിതവിഹിതം ക്ഷേമഫണ്ടിലേക്ക് നൽകാറുണ്ട്. പത്തു ശതമാനമാണ് ഫെഫ്ക വാങ്ങുന്നത്. ചികിത്സ,വിരമിക്കൽ,മരണാനന്തര ആവശ്യം തുടങ്ങിയ സമയങ്ങളിൽ അംഗങ്ങളുടെ ക്ഷേമപ്രവർത്തനങ്ങൾക്കാണ് തുക വിനിയോഗിക്കുന്നത്. വരിസംഖ്യയല്ലാതെ മറ്റു വരുമാനമാർഗങ്ങൾ ഫെഫ്കയ്ക്കില്ല. മറുപടി കിട്ടിയ വിഷയത്തിൽ ആറുവർഷം കഴിഞ്ഞും ആഷിഖ് ഉന്നയിക്കുന്ന ആരോപണം പച്ചക്കള്ളമാണെന്ന് അദ്ദേഹം പറഞ്ഞു.
യുവാവിന് നേരെ ലെെംഗികാതിക്രമം:
രഞ്ജിത്തിനെതിരെ കേസ്
കോഴിക്കോട്: സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന യുവാവിന്റെ പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെതിരെ വീണ്ടും കേസ്. കോഴിക്കോട് മാങ്കാവ് സ്വദേശിയായ യുവാവിന്റെ പരാതിയിലാണ് കസബ പൊലീസ് ശനിയാഴ്ച പുലർച്ചെ ഒരു മണിയോടെ കേസെടുത്തത്. സിനിമയിൽ അവസരം ചോദിച്ചെത്തിയ തന്നെ 2012ൽ ബംഗളൂരുവിൽ വച്ച് സംവിധായകൻ രഞ്ജിത്ത് പീഡനത്തിന് ഇരയാക്കിയെന്നാണ് യുവാവിന്റെ പരാതി.
സിനിമാമേഖലയിലെ പരാതികൾ അന്വേഷിക്കാൻ രൂപീകരിച്ച പ്രത്യേക പൊലീസ് സംഘം കഴിഞ്ഞ ദിവസം കോഴിക്കോട് കാരപ്പറമ്പിലെത്തി യുവാവിൽ നിന്ന് മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ലൈംഗികാതിക്രമം,നഗ്നചിത്രങ്ങൾ എടുക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു തുടങ്ങിയ കുറ്റങ്ങൾ ചുമത്തി പൊലീസ് കേസെടുത്തത്. നേരത്തെ ബംഗാളി നടിയുടെ പരാതിയിൽ രഞ്ജിത്തിനെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിനുപിന്നാലെയാണ് രണ്ടാമത്തെ കേസും. സിനിമാമേഖലയിലെ പരാതികൾ അന്വേഷിക്കാൻ രൂപീകരിച്ച പ്രത്യേക പൊലീസ് സംഘത്തിന് അന്വേഷണം കെെമാറുന്നതുൾപ്പെടെയുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് കസബ സ്റ്റേഷൻ എസ്.എച്ച്.ഒ ഗോപകുമാർ ജി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |