സിനിമയുൾപ്പടെ പല മേഖലകളിലും തുല്യനീതി എന്നത് പ്രത്യേകിച്ച് സ്ത്രീകൾക്ക് പലപ്പോഴും നിഷേധിക്കപ്പെടുന്നുണ്ടെന്ന് നടനും ചലച്ചിത്ര അക്കാഡമി വൈസ് ചെയർമാനുമായ പ്രേംകുമാർ. ഒരു സ്ത്രീയുടെ പോരാട്ടമാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവരാനും അത് ചർച്ചയാകാനും കാരണമായത്. അതിന് നമ്മൾ വലിയ സല്യൂട്ട് നൽകേണ്ടതുണ്ടെന്നും കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ പ്രേം കുമാർ പറഞ്ഞു.
'സിനിമയിൽ വന്ന സമയത്തുതന്നെ നിരവധി പീഡനകഥകളും ചൂഷണത്തിന്റെ കഥകളും കേട്ടിട്ടുണ്ട്. അതൊക്കെ കെട്ടുകഥകളായിരിക്കുമെന്നാണ് അപ്പോൾ ധരിച്ചിരുന്നത്. എനിക്ക് സിനിമയിൽ ധാരാളം സ്ത്രീ സുഹൃത്തുക്കളുണ്ട്. എന്നാൽ സിനിമയിലെ തിക്താനുഭവങ്ങളൊന്നും അവർ എന്നോട് പറഞ്ഞിട്ടില്ല.
ഹേമ കമ്മിറ്റി രൂപീകരിച്ചത് സർക്കാരിന്റെ ധീരമായ സമീപനമാണ്. അത് വളരെ പ്രശംസനീയമാണ്. ഉചിതമായ സമയത്തുതന്നെയാണ് അത് പുറത്തുവിട്ടത്. അക്കാദമി ചെയർമാൻ രാജിവച്ചതിൽ ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധമില്ല. റിപ്പോർട്ട് പുറത്തുവന്ന സമയത്ത് കരുതിക്കൂട്ടി നടി ആരോപണം ഉന്നയിച്ചുവെന്നാണ് രഞ്ജിത്തിനെ ബന്ധപ്പെട്ടപ്പോൾ അദ്ദേഹം പറഞ്ഞത്. ഇതിൽ ഗൂഢാലോചനയുണ്ട്. അത് നിയമപരമായും നേരിടുമെന്നാണ് അദ്ദേഹം പറഞ്ഞത്. ആരോപണങ്ങളിൽ അന്വേഷണം ഉണ്ടാവണം. കുറ്റക്കാരനെന്ന് തെളിഞ്ഞാൽ ശിക്ഷിക്കപ്പെടണം.
അമ്മയുടെ കൂട്ടരാജിയോട് യോജിക്കുന്നില്ല. കുറ്റാരോപണ വിധേയർ രാജിവയ്ക്കണം. അമ്മ ജനാധിപത്യ സംഘടനയാണ്. കുറച്ചുപേരുടെ പേരിൽ മാത്രമാണ് ആരോപണം ഉയർന്നത്. അവർ മാറിനിൽക്കട്ടെ, അന്വേഷണം നേരിടട്ടെ. എന്നാൽ ഒന്നടങ്കം രാജിവയ്ക്കുന്നത് ജനാധിപത്യ വിരുദ്ധമാണ്.
സിനിമയിലെ സഹപ്രവർത്തകരെക്കുറിച്ച് ആരോപണങ്ങൾ കേട്ടപ്പോൾ വിഷമമുണ്ടായി. സിനിമാമേഖലയിലുള്ളവർ നികൃഷ്ട ജീവികളാണെന്ന തരത്തിൽ പൊതുബോധം സൃഷ്ടിക്കാൻ ശ്രമങ്ങളുണ്ടായി. തെറ്റുകൾ പലർക്കും സംഭവിക്കാം. എന്നാൽ വ്യക്തികളെ ഇങ്ങനെ ക്രൂശിക്കുന്നത് ശരിയല്ല. ഇതിനിടയിൽ നിരപരാധികൾ പെട്ടുപോയിട്ടുണ്ടാവാം. പറയുന്നതെല്ലാം ശരിയാണെന്നും ആരോപണങ്ങൾ ശരിയാണെന്നും പറയാനാവില്ല. ബ്ളാക്ക് മെയിലിംഗിനും പണം തട്ടാനും ശ്രമിക്കുന്നവരും ഇതിനിടയിലുണ്ട്. നിരപരാധികൾ ശിക്ഷിക്കപ്പെടാൻ പാടില്ല.
സിനിമയിലെ പല പ്രശ്നങ്ങളെക്കുറിച്ചും ബോധ്യമുണ്ട്. ടോയ്‌ലറ്റ് സൗകര്യങ്ങൾ ഇല്ലാതിരുന്നതൊക്കെ സത്യമാണ്. എന്നാൽ പലതും ഇന്ന് മാറി. സിനിമാമേഖലയിൽ പ്രതികരിച്ചാൽ അവസരങ്ങൾ കുറയുമെന്നത് സത്യമായ കാര്യമാണ്. എന്നാൽ പവർ ഗ്രൂപ്പിന്റെ നിയന്ത്രണത്തിലാണ് മലയാള സിനിമയെന്നത് വിശ്വസിക്കുന്നില്ല. പക്ഷേ സിനിമാ നിർമാതാക്കൾക്കും സ്വഭാവികമായും മേൽകോയ്‌മയുണ്ട്. മലയാള സിനിമയെ നിയന്ത്രിക്കുന്ന 15 അംഗ സംഘം ഉണ്ടെന്ന് പറയാനാകില്ല. അധികാര കേന്ദ്രങ്ങൾ സ്വാഭാവികമായും ഉണ്ട്.
സിനിമയിൽ ആരും അവശ്യഘടകമല്ല. പ്രധാനപ്പെട്ട വ്യക്തിത്വങ്ങളെ ഒഴിച്ചാൽ ബാക്കിയാരെയും സിനിമക്കാവശ്യമില്ല. അവർക്കാണ് സിനിമയെ ആവശ്യം. അതിനാൽ തന്നെ പല വിട്ടുവീഴ്‌ചകൾക്കും തയ്യാറായാണ് പലരും സിനിമയിൽ അഭിനയിക്കുന്നത്. ശബ്ദമില്ലാത്ത വലിയൊരു വിഭാഗം സിനിമയിലുണ്ട്. അവർ പ്രതികരിച്ചാൽ ആ സിനിമയിൽ നിന്ന് ഒഴിവാക്കപ്പെടുമെന്നത് വസ്തുതയാണ്. എനിക്കും അത്തരത്തിൽ അവസരം നഷ്ടമായിട്ടുണ്ട്. ഒന്നുങ്കിൽ അച്ചടക്കമായിട്ട് ഒന്നും ശബ്ദിക്കാതെ ഇതിന്റെ ഭാഗമായി നിൽക്കാം, അല്ലെങ്കിൽ തുറന്നുപറഞ്ഞ് സിനിമയൊന്നും വേണ്ടായെന്ന് മാറിനിൽക്കാം.
മോശം അനുഭവം ഉണ്ടായാൽ അപ്പോൾ തന്നെ പ്രതികരിക്കണം. പുരുഷന്മാർ ഒരുവിധത്തിൽ പറഞ്ഞാൽ ഭീരുക്കൾ കൂടിയാണ്, വലിയ ആത്മാഭിമാനമുള്ളവരാണ്. പൊതുസമൂഹം അറിഞ്ഞാൽ അവർ പിന്നെ മോശം പ്രവൃത്തി ആവർത്തിക്കില്ല'- പ്രേംകുമാർ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |