തൃശൂർ : പുതിയ സീസണ് തുടക്കമായതോടെ, അണിയറയിൽ നിന്നും നാടകങ്ങൾ അരങ്ങിലേക്ക്. പല നാടകങ്ങളും അവസാനഘട്ട റിഹേഴ്‌സലിലാണ്. ഉത്സവപറമ്പിലും മറ്റും നാടകങ്ങൾ കണ്ട് ബുക്ക് ചെയ്യാനുള്ള അവസരമായി മാറുന്ന നാടകോത്സവങ്ങളും സജീവമായി. അടുത്ത രണ്ട് മാസത്തിനുള്ളിൽ നിരവധി നാടകോത്സവങ്ങൾക്കാണ് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ തിരശീല ഉയരുക. സംസ്ഥാനത്ത് തന്നെ പ്രധാനമായും നൂറോളം സംഘങ്ങൾ മാത്രമാണ് സജീവമായുള്ളത്. ഇതിൽ പത്തിലേറെ സംഘങ്ങൾക്ക് മാത്രമാണ് കാര്യമായ വേദികൾ ലഭിക്കുക. സംഗീതനാടക അക്കാഡമി അവസാനമായി നടത്തിയ നാടകോത്സവത്തിൽ മത്സരിക്കുന്നതിന് അപേക്ഷ സമർപ്പിച്ചത് 32 പ്രൊഫഷണൽ സംഘങ്ങൾ മാത്രമായിരുന്നു.
പതിറ്റാണ്ട് പിന്നിട്ട സംഘങ്ങളും
നാടകോത്സവങ്ങൾ നടത്തുന്ന പതിറ്റാണ്ടുകൾ പിന്നിട്ട സംഘടനകൾ ജില്ലയിൽ സജീവം. തൃശൂരിൽ ടാസ് നാടകോത്സവം ആരംഭിച്ചിട്ട് കാൽ നൂറ്റാണ്ട് പിന്നിട്ടു. ഇത്തവണ സെപ്തംബർ 21 മുതലാണ് തൃശൂർ ടൗൺ ഹാളിൽ നാടകോത്സവം നടക്കുക. കാണികൾ തന്നെയാണ് ഈ നാടകോത്സവത്തിൽ മികച്ച നാടകത്തെ തിരഞ്ഞെടുക്കുക. പതിഞ്ചോളം നാടകങ്ങൾ വരെ അരങ്ങേറിയിട്ടുള്ള തൃപ്രയാർ നാടക വിരുന്ന് ഇത്തവണ കാൽനൂറ്റാണ്ട് പൂർത്തിയാക്കും. നവംബർ ആദ്യവാരം മുതലാണ് നാടക വിരുന്ന്. ഇത്തവണ പത്ത് നാടകങ്ങളാണ് അരങ്ങേറുക.
കൊട്ടേക്കാട് യുവജന സമിതിയും കാലങ്ങളായി നാടകോത്സവത്തിന്റെ സംഘാടകരാണ്. ആറാട്ടുപുഴ, കുന്നംകുളം, ചൂരക്കോട്ടുകര, വല്ലച്ചിറ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം തന്നെ ഇപ്പോഴും നാടകോത്സവങ്ങൾ സജീവമാണ്. ലക്ഷക്കണക്കിന് രൂപ ചെലവ് വരുന്ന നാടകോത്സവങ്ങൾക്ക് സ്‌പോൺസർമാരെ കണ്ടെത്തി അതിലൂടെ പണം സമാഹരിച്ചാണ് കാണികൾക്ക് മുന്നിലേക്ക് നാടകങ്ങളെത്തിക്കുന്നത്. അഞ്ച് മുതൽ പന്ത്രണ്ട് നാടകങ്ങൾ വരെ അരങ്ങേറുന്ന സ്ഥലങ്ങളുണ്ട്. നാടകോത്സവങ്ങൾക്ക് തുടക്കം കുറിച്ച് എടക്കളത്തൂരിൽ ആരംഭിച്ച നാടകരാത്രികൾക്ക് ഇന്നലെ തിരശീല വീണു.
നാടകങ്ങളെ നെഞ്ചേറ്റുന്ന നിരവധി പേരുടെ പ്രയത്‌നമാണ് നാടകോത്സവം. പലരും ഉദാരമായി സഹായിക്കുന്നത് കൊണ്ടാണ് ഇത്രയും കാലം മുന്നോട്ടുപോകാനായത്. ഒരു കാലത്ത് അഞ്ഞൂറോളം സമിതികൾ ഉണ്ടായിരുന്നത് ഇന്ന് വളരെ ചുരുങ്ങി. ഒരു നാടകം രംഗത്തെത്തണമെങ്കിൽ പത്ത് ലക്ഷത്തിലേറെ രൂപ ചെലവഴിക്കണം. പലരും ലാഭം പ്രതീക്ഷിച്ചിട്ടല്ല ഈ രംഗത്ത് നിലനിൽക്കുന്നത്.
ടി.ടി.വർഗീസ്
ടാസ് നാടകോത്സവം സംഘാടകൻ
പത്ത് വർഷം മുമ്പ് വരെ തീരദേശത്ത് മാത്രം സീസണിൽ അഞ്ഞൂറിലേറെ നാടകങ്ങൾ അവതരിപ്പിച്ചിരുന്നു. സീസൺ ആരംഭിക്കുമ്പോൾ തന്നെ ബുക്ക് ചെയ്യാനെത്തുന്നവർ ഏറെയായിരുന്നു. എന്നാൽ കഴിഞ്ഞ ഏതാനും വർഷമായി വളരെ കുറവ് നാടകങ്ങളാണ് ബുക്ക് ചെയ്യുന്നത്.
കെ.വി.രാമകൃഷ്ണൻ
പ്രോഗ്രാം ബുക്കിംഗ് എജന്റ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |