കോവളം: ജന്മനാ കൈകാലുകൾക്ക് വൈകല്യങ്ങളുള്ള മണക്കാട് ഗവ.കാർത്തിക തിരുനാൾ എച്ച്.എസ്.എസിലെ പ്ലസ് വൺ വിദ്യാർത്ഥി സന്ധ്യയുടെ ആഗ്രഹം ഒടുവിൽ പൂവണിഞ്ഞു.പനത്തുറ കിളിയന്റെ മുടുമ്പ് വീട്ടിൽ ചിത്രകാരിയായ സന്ധ്യക്ക് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് മോഹൻലാലിന്റെ ചിത്രം വരയ്ക്കണമെന്ന മോഹം മനസിൽ ഉദിച്ചത്. അച്ഛൻ സന്തോഷിനോടും അമ്മ രേഖയോടും ഇതുപങ്കുവച്ചു.
മൂന്നുദിവസം കൊണ്ട് രണ്ട് ചിത്രം പൂർത്തിയാക്കി. വരച്ചുകഴിഞ്ഞപ്പോൾ ചിത്രം നടൻ മോഹൻലാലിന് നേരിട്ട് നൽകണമെന്നായി. സ്നേഹസാന്ദ്രം ചാരിറ്റബിൾ ട്രസ്റ്റിന്റെ സഹായത്തോടെ ഇതറിഞ്ഞ് മോഹൻലാലിന്റെ പിറന്നാൾ ദിനത്തിൽ സന്ധ്യയെ കാണാൻ പ്രദേശവാസിയായ സനൽലാലും ലാലിന്റെ ചില സഹപ്രവർത്തകരും സന്ധ്യയുടെ വീട്ടിലെത്തിയിരുന്നു.തുടർന്ന് വീഡിയോ കാളിലൂടെ ലാലിന് സന്ധ്യയെ പരിചയപ്പെടുത്തി.
തുടർന്ന് കഴിഞ്ഞ ദിവസം തലസ്ഥാനത്ത് എത്തിയപ്പോൾ മോഹൻലാൽ സന്ധ്യക്ക് തന്നെ നേരിൽ കാണാൻ അനുവാദം നൽകി.സന്ധ്യ പെൻസിൽ കൊണ്ടുവരച്ച രണ്ട് ചിത്രങ്ങളും മോഹൻലാലിന് സമ്മാനിച്ചു.ചിത്രങ്ങളിഷ്ടപ്പെട്ട ലാൽ ആക്കുളം ഗോകുലം ഗ്രാന്റിൽ നിന്ന് വിഭവസമൃദ്ധമായ ഭക്ഷണം നൽകിയാണ് മടക്കി അയച്ചത്.ചിത്രകാരൻ കോവളം എൻ.കെ.സുനുവിന്റെ മേൽനോട്ടത്തിലാണ് സന്ധ്യ ചിത്രം വരയ്ക്കാൻ തുടങ്ങിയത്. സഹോദരി അഖിത പനത്തുറ ഗവ.എൽ.പി സ്കൂളിലെ 4-ാം ക്ലാസ് വിദ്യാർത്ഥിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |