ന്യൂഡൽഹി: ഓർഡർ കൈപ്പറ്റാനെത്തിയ സൊമാറ്റോ ഡെലിവറി ബോയിയെക്കുറിച്ചുള്ള സ്റ്റാർബക്‌സ് ജീവനക്കാരന്റെ ലിങ്ക്‌ഡിൻ പോസ്റ്റ് വൈറലാകുന്നു.ന്യൂഡൽഹിയിലെ ഖാൻ മാർക്കറ്റിലുള്ള സ്റ്റാർബക്‌സ് സ്റ്റോർ മാനേജറായ ദേവേന്ദ്ര മെഹ്‌റയാണ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.
സൊമാറ്റോ ഡെലിവറി ബോയി ആയ സോനു എന്ന ചെറുപ്പക്കാരനും അദ്ദേഹത്തിന്റെ രണ്ട് വയസുള്ള മകളെയും കൂട്ടിയാണ് ഓർഡർ കൈപ്പറ്റാനെത്തിയത്. കുട്ടിയുമായാണ് സോനു സ്ഥിരം ഓൺലൈൻ ഫുഡ് ഡെലിവറി ജോലിക്ക് പോകുന്നത്. സിംഗിൾ പാരന്റായ സോനു, വീട്ടിൽ കഷ്‌ടപ്പാടുകൾ കാരണമാണ് രാവും പകലുമില്ലാതെ അദ്ധ്വാനിക്കുന്നത്. സോനുവിന്റെ പ്രതിബദ്ധതയും മകളോടുള്ള കരുതലും മറ്റുള്ളവർക്ക് പ്രചോദനമാകുന്നതാണ്.
കുട്ടിയെ സന്തോഷിപ്പിക്കാനായി ബേബിച്ചീനോ (കുട്ടികൾക്ക് നൽകുന്ന പാലുകൊണ്ടുള്ള പാനീയം) നൽകിയെന്ന് ദേവേന്ദ്ര പോസ്റ്റിൽ പറയുന്നു. കഷ്‌ടപ്പാടുകൾക്കിടയിലും ആർജവത്തോടെ മുന്നേറുന്ന മനുഷ്യന്റെ ഇച്ഛാശക്തിയാണ് സോനുവിലൂടെ പ്രകടമാകുന്നതെന്നും ദേവേന്ദ്ര മെഹ്‌റ പങ്കുവച്ച പോസ്റ്റിൽ പറയുന്നു. സോനു മകളുമായി നിൽക്കുന്ന ചിത്രവും പോസ്റ്റിനൊപ്പം പങ്കുവച്ചിട്ടുണ്ട്.
പോസ്റ്റിന് താഴെ സൊമാറ്റോയും കമന്റുമായെത്തി. നിങ്ങളുടെ അഭിനന്ദനങ്ങൾ ഞങ്ങൾ സോനുവിനെ അറിയിക്കുമെന്നും സോനുവിനെ പോലുള്ള തൊഴിലാളികൾ ജോലിയിൽ കാണിക്കുന്ന ആത്മാർത്ഥത പ്രശംസനീയമാണെന്നും കമന്റിൽ പറയുന്നുണ്ട്.
സ്റ്റാർബക്‌സിന്റെ ഭാഗത്ത് നിന്നുള്ള പ്രതികരണം മികച്ചതാണെന്നും എന്നാൽ, ചിത്രം സമൂഹ മാദ്ധ്യമങ്ങളിലൂടെ പങ്കുവയ്‌ക്കേണ്ട ആവശ്യമില്ലായിരുന്നു എന്നും കമന്റുകൾ വരുന്നുണ്ട്. തൊഴിലാളികളുടെ പെണ്‍മക്കളുടെ വിദ്യാഭ്യസത്തിന് സൊമാറ്റോ സഹായം നൽകണമെന്നും കമന്റുകളുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |