ഇസ്ലാമാബാദ്: അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധി, രൂക്ഷമായ തൊഴിലില്ലായ്മ പ്രശ്‌നം കാരണം നാട് വിടുന്ന ലക്ഷക്കണക്കിന് യുവാക്കള്‍, രാഷ്ട്രീയമായി തുടരുന്ന അസ്ഥിരാവസ്ഥ. ആകെ മൊത്തം പ്രശ്‌നങ്ങളുടെ നടുവിലാണ് പാകിസ്ഥാന്‍. ഇന്ത്യയും അഫ്ഗാനിസ്ഥാനും ഇറാനും അതിര്‍ത്തിയില്‍ ഉയര്‍ത്തുന്ന ഭീഷണി വേറെയും. ഇതിന് പുറമേയാണ് രാജ്യത്തിനകത്ത് നിന്ന് തന്നെ സ്വാതന്ത്ര്യം എന്ന ആവശ്യം ഉന്നയിക്കുന്ന ബലൂചിസ്ഥാന്‍ പ്രവിശ്യ.
ഇന്ത്യയില്‍ അതിര്‍ത്തി കടന്ന് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ചുട്ടയായ മറുപടി ലഭിക്കുന്നുണ്ട് പാകിസ്ഥാന്. ഇന്ത്യയുമായി പ്രതിസന്ധിയുണ്ടാകുമ്പോഴെല്ലാം പാകിസ്ഥാനെ സാമ്പത്തികമായി സഹായിച്ചിരുന്നത് ചൈനയാണ്. ദൈനംദിന കാര്യങ്ങള്‍ നടത്തിക്കൊണ്ടുപോകുന്നതിന് ഐഎംഎഫില്‍ നിന്ന് സഹായം ലഭിക്കാതിരുന്ന ഘട്ടത്തിലും ചൈന മുമ്പ് സഹായിച്ചിരുന്നു. ചൈനയ്ക്ക് പുറമേ ഗള്‍ഫ് രാജ്യമായ സൗദി അറേബ്യയും പാകിസ്ഥാനെ കാലാകാലങ്ങളില്‍ കൈയയച്ച് സഹായിച്ചിട്ടുണ്ട്. എന്നാല്‍ രണ്ട് രാഷ്ട്രങ്ങളും ഇപ്പോള്‍ പഴയത്‌പോലെ പാകിസ്ഥാനെ സഹായിക്കുന്നില്ല.
സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ ഒരു അറ്റകൈ പ്രയോഗത്തിന് പാകിസ്ഥാന്‍ തയ്യാറെടുത്തേക്കുമെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പാകിസ്ഥാന്റെ കൈവശം ഒരു 'നിധി' ഉണ്ട് പക്ഷേ അത് സ്ഥിതി ചെയ്യുന്നത് സ്വതന്ത്ര രാഷ്ട്രമെന്ന ആവശ്യം ഉന്നയിക്കുന്ന ബലൂചിസ്ഥാന്‍ പ്രവിശ്യയിലാണ്. 1995ല്‍ സ്വര്‍ണത്തിന്റേയും കോപ്പറിന്റേയും കമനീയ ശേഖരം കണ്ടെത്തിയത് ബലൂചിസ്ഥാനിലാണ്. റെക്കോ ഡിക് എന്നാണ് ഈ ശേഖരത്തെ അറിയപ്പെടുന്നത്. ഒരു ലക്ഷം കോടി ഡോളര്‍ മൂല്യം വരുന്ന 400 മില്യണ്‍ ടണ്‍ സ്വര്‍ണ ശേഖരം ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്.
ഇത്രയും വലിയ സ്വര്‍ണശേഖരം കൈവശമുണ്ടെങ്കിലും അശാന്തമായ ബലൂചിസ്ഥാനും പാക് രാഷ്ട്രീയത്തിലെ അസ്ഥിരതയും അവര്‍ക്ക് വെല്ലുവിളിയാണ്. നിലവില്‍ ഈ ഖനിയുടെ ഉടമസ്ഥാവകാശം ബാരിക് ഗോള്‍ഡ് എന്ന കനേഡിയന്‍ ഖനന കമ്പനിക്കും പാകിസ്ഥാന്‍, ബലൂചിസ്ഥാന്‍ സര്‍ക്കാരുകള്‍ക്കുമാണ്. കനേഡിയന്‍ കമ്പനിക്കാണ് നേരെ പകുതി (50 ശതമാനം) ഓഹരിപങ്കാളിത്തമുള്ളത്. ബാക്കിയുള്ള വിഹിതമാണ് പാകിസ്ഥാന്‍, ബലൂചിസ്ഥാന്‍ സര്‍ക്കാരുകളുടെ കൈവശമുള്ളത്.
പാകിസ്ഥാനിലെ ഈ നിധിയില്‍ സൗദി അറേബ്യക്ക് കണ്ണുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം. കാലങ്ങളായി ഇത് സ്വന്തമാക്കാന്‍ ആഗ്രഹിച്ചും അതില്‍ താത്പര്യം ഉള്ളതുകൊണ്ടും കൂടിയാണ് പാകിസ്ഥാനെ പ്രതിസന്ധി ഘട്ടങ്ങളില്‍ സൗദി സഹായിച്ചത്. മുഴുവനായി വാങ്ങുകയെന്നത് പ്രായോഗികമല്ലാത്തതിനാല്‍ ഭാഗികമായുള്ള ഒരു ഡീലാണ് സൗദി മുന്നോട്ടുവയ്ക്കുന്ന ആശയം. പാക് സര്‍ക്കാരിന് അവകാശപ്പെട്ട ഓഹരിയില്‍ നിന്ന് 15 ശതമാനം ആണ് ഈ ഡീലില്‍ ഉള്‍പ്പെടുന്നത്.
സൗദി പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടില്‍ (പി.ഐ.എഫ്) നിന്ന് ഈ പ്രദേശത്തെ അടിസ്ഥാന സൗകര്യ വികസനത്തില്‍ ശതകോടികള്‍ ചെലവഴിക്കാമെന്നാണ് മുഹമ്മദ് ബിൻ സല്‍മാന്റെ മറ്റൊരു ഓഫര്‍. ആപത്ത് കാലത്ത് സഹായിച്ച സൗദിയെ പിണക്കാനും കഴിയാത്ത അവസ്ഥയുണ്ട് പാകിസ്ഥാന്‍ സര്‍ക്കാരിന്. എന്നാല്‍ ഈ വിഷയത്തില്‍ ബലൂചിസ്ഥാന്‍ എടുക്കുന്ന നിലപാട് നിര്‍ണായകമാകും. സ്വര്‍ണ ഖനിയില്‍ അവകാശം സ്ഥാപിക്കുകയെന്ന സൗദിയുടെ കാലങ്ങളായുള്ള മോഹം നടത്തിക്കൊടുത്ത് സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കുകയെന്നതാണ് പാകിസ്ഥാന് മുന്നിലുള്ള മാര്‍ഗം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |