കൊച്ചി: പി.വി. അൻവർ എം.എൽ.എയുടെ വെളിപ്പെടുത്തലിൽ ഉൾപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സിറ്റി പൊലീസ് കമ്മിഷണർ ഓഫീസിലേയ്ക്ക് നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു.
ഓഫീസിന് മുന്നിൽ പൊലീസ് ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെ പലതവണ ജലപീരങ്കി പ്രയോഗിച്ചു. പിരിഞ്ഞു പോവാതെ റോഡ് ഉപരോധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി.
യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സിജോ ജോസഫ് അദ്ധ്യക്ഷത വഹിച്ച മാർച്ച് രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. എ. ജയശങ്കർ ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ഒ.ജെ ജനീഷ്, ജോഷി പള്ളൻ തുടങ്ങിയവർ സംസാരിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ അബ്ദുൽ റഷീദ്, സ്വാതിഷ് സത്യൻ, വിഷ്ണു പ്രദീപ്, നോബൽ കുമാർ, റഫീഖ് മൂവാറ്റുപുഴ, അനൂപ് ഇട്ടൻ, എബിൻ പൊങ്ങനത്തിൽ, ശ്യാം കെ.പി തുടങ്ങിയവർ നേതൃത്വം നൽകി,
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |