ഇരിട്ടി: ഇരിട്ടി, കുടക്, മൈസൂരു മേഖലകളിൽ കടകൾ, വീട്, ക്ഷേത്രം, മസ്ജിദ്, ക്രിസ്ത്യൻ പള്ളി എന്നിവയിലടക്കം കവർച്ചയും ബൈക്ക് മോഷണവും പതിവാക്കിയ മലയാളികളായ രണ്ട് മോഷ്ടാക്കൾ വീരാജ്‌പേട്ടയിൽ അറസ്റ്റിൽ. ഉളിക്കൽ മണ്ഡപപ്പറമ്പിലെ ടി.എ.സലിം (42), കുടക് സോമവാർപേട്ട ഗാന്ധിനഗറിലെ താമസക്കാരൻ സഞ്ജു എന്ന സഞ്ജയ് കുമാർ (30) എന്നിവരെയാണ് വീരാജ്‌പേട്ട പൊലീസും ഇരിട്ടി പൊലീസും ചേർന്ന് പിടികൂടിയത്. കഴിഞ്ഞ 20 വർഷമായി കേരളം, കുടക്, മൈസൂർ ജില്ലകളിലായി നിരവധി മോഷണക്കേസുകളിൽ പ്രതിയാവുകയും ജയിൽ വാസം അനുഭവിക്കുകയും ചെയ്തയാളാണ് സലിം. കഴിഞ്ഞ ജൂലായിൽ വീരാജ്‌പേട്ടയിലെ നയരാ പെട്രോൾ പമ്പിൽ മോഷണം നടത്തി പിടിക്കപ്പെട്ട് ജാമ്യത്തിലിറങ്ങിയ സമയത്താണ് വീണ്ടും നിരവധി മോഷണങ്ങളിൽ ഇയാൾ പ്രതിയായതെന്ന് വീരാജ്‌പേട്ട പൊലീസ് പറഞ്ഞു.
കഴിഞ്ഞമാസം 10 ന് മാടത്തിൽ പൂവ്വത്തിൻ കീഴിൽ ഭഗവതി ക്ഷേത്രം, പെരിങ്കരി പള്ളി, കേളകത്തെ ഒരു മസ്ജിദ്, ഒരു വീട് എന്നിവിടങ്ങളിൽ മോഷണം നടത്തിയത് ഇവരായിരുന്നു. തുടർന്നു 21 ന് ഇരിട്ടി ടൗണിലെ രണ്ട് മൊബൈൽ ഷോപ്പുകളുടെ പൂട്ട് തകർത്ത് അകത്തുകടന്ന ഇവർ മൊബൈലുകളും പണവും കവർന്ന ശേഷം ഇരിട്ടി സി.പി.എം ഏരിയാ കമ്മിറ്റി ഓഫീസിനു മുൻവശം നിർത്തിയിട്ടിരുന്ന ബൈക്ക് മോഷ്ടിച്ച് കടന്നു കളഞ്ഞു. കുടക് ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി 5 കേസുകളും മൈസൂർ സിറ്റി സ്റ്റേഷനിൽ 2 കേസും കണ്ണൂർ ജില്ലയിൽ നാല് കേസുകളുമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. 1,50,000 രൂപ വിലമതിക്കുന്ന മൂന്ന് ഇരുചക്രവാഹനങ്ങളും 9050 രൂപയും പ്രതികളിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.
ജില്ലാ പൊലീസ് സൂപ്രണ്ടുമാരായ കെ.എൻ.രാമരാജന്റെയും അഡീഷണൽ ജില്ലാ സൂപ്രണ്ട് കെ. സുന്ദർ രാജിന്റെ നിർദ്ദേശപ്രകാരം വീരാജ് പേട്ട സബ് ഡിവിഷൻ ഡിവൈ.എസ്.പി മോഹൻ കുമാർ, വീരാജ് പേട്ട സർക്കിൾ ഇൻസ്‌പെക്ടർ ബി.ശിവരുദ്ര, വീരാജ് പേട്ട റൂറൽ പൊലീസ് സ്റ്റേഷൻ പി.എസ്.ഐ സി.സി.മഞ്ജുനാഥ്, പി.എസ്.ഐ (അന്വേഷണം) വാണിശ്രീ, സയന്റിഫിക് ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് പി.ഐ രാമകൃഷ്ണ എന്നിവർ പ്രതികളെ പിടികൂടിയ സംഘത്തിൽ ഇണ്ടായിരുന്നു. ഇരിട്ടി പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ഷിജോയ്, ബിനീഷ്, സുകേഷ്, പ്രവീൺ, ആറളം പൊലീസ് സ്റ്റേഷനിലെ ജയദേവൻ എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു. പ്രതികളെ കൂടുതൽ അന്വേഷണത്തിനായി ഇരിട്ടിയിൽ എത്തിക്കും.
ഇരുവരും പരിചയപ്പെട്ടത്
ജയിലിൽ വച്ച്
2011ൽ മോഷണക്കേസിൽ മടിക്കേരി ജയിലിൽ കഴിയുമ്പോഴാണ് സഞ്ജയ് കുമാറിനെ സലിം പരിചയപ്പെടുന്നത്. ഇരിട്ടിയിൽ നിന്നും മോഷ്ടിച്ച ബൈക്കുമായി ഇവർ തലശേരി ഭാഗത്തേക്ക് പോയതും തിരിച്ച് കൂട്ടുപുഴ വഴി കർണാടകത്തിലേക്കു കടന്നതുമായ ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിരുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിൽ ഇരിട്ടി സി.ഐ എ.കുട്ടികൃഷ്ണന്റെ നേതൃത്വത്തിലുള്ള പൊലീസും കർണാടകത്തിൽ പ്രതികൾക്കായി തെരച്ചിൽ നടത്തുന്നതിനിടയാണ് ഇവർ രണ്ടുപേരും പിടിയിലാകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |