ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തോടെ ബ്രൂണെയുമായുള്ള ബഹിരാകാശ സഹകരണം വർദ്ധിപ്പിക്കാൻ ധാരണ.
ടെലിമെട്രി, നിരീക്ഷണം, ടെലികമാൻഡ് സ്റ്റേഷനുകൾക്കായുള്ള ഉപഗ്രഹ-വിക്ഷേപണ വാഹനങ്ങളുടെ പ്രവർത്തനത്തിലെ സഹകരണം സംബന്ധിച്ച ധാരണാപത്രത്തിൽ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറും ബ്രൂണൈയിലെ ഗതാഗത-വിവരവിനിമയ മന്ത്രി പെംഗിരൻ ഡാറ്റോ ഷാംഹാരി പെംഗിരൻ ഡാറ്റോ മുസ്തഫയും ഒപ്പുവച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ബ്രൂണൈ സുൽത്താൻ ഹാജി ഹസനാൽ ബോൾക്കിയയുടെയും സാന്നിദ്ധ്യത്തിലായിരുന്നു ഇത്. ബ്രൂണെ തലസ്ഥാനമായ ബന്ദർ സെരി ബെഗവാനും ചെന്നൈയ്ക്കുമിടയിൽ നേരിട്ട് വിമാനസർവീസ് ആരംഭിക്കാനും തീരുമാനിച്ചു. ഇന്നലെ ബന്ദർ സെരി ബെഗവാനിലെ ഇസ്താന നൂറുൽ ഇമാൻ കൊട്ടാരത്തിൽ പ്രധാനമന്ത്രിയും ബ്രൂണൈ സുൽത്താൻ ഹാജി ഹസനാൽ ബോൾക്കിയയും കൂടിക്കാഴ്‌ച നടത്തി. ബ്രൂണൈയിലേക്കുള്ള ഒരു ഇന്ത്യൻ പ്രധാനമന്ത്രിയുടെ ആദ്യ സന്ദർശനം, ഉഭയകക്ഷിബന്ധം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടാണെന്ന് മോദി പറഞ്ഞു. പത്താം വർഷത്തിലെത്തിയ ‘ആക്റ്റ് ഈസ്റ്റ് നയം’ ശക്തിപ്പെടുത്താനും സന്ദർശനം ഉപകരിക്കും.
ഉഭയകക്ഷിബന്ധം കൂടുതൽ ശക്തിപ്പെടുന്നതിനെ ഇരുനേതാക്കളും സ്വാഗതം ചെയ്തു. പ്രതിരോധം, വ്യാപാരം, നിക്ഷേപം, ഭക്ഷ്യസുരക്ഷ, വിദ്യാഭ്യാസം, ഊർജ്ജം, ബഹിരാകാശ സാങ്കേതികവിദ്യ, ആരോഗ്യം, ശേഷി വികസനം, സംസ്കാരം, ജനങ്ങൾ തമ്മിലുള്ള വിനിമയം തുടങ്ങി വിവിധ വിഷയങ്ങളിൽ നേതാക്കൾ ഉഭയകക്ഷി ചർച്ചകൾ നടത്തി. സൈബർ സുരക്ഷ, സാങ്കേതികവിദ്യകൾ, പുനരുപയോഗ ഊർജം തുടങ്ങിയ മേഖലകളിൽ സഹകരണം തുടങ്ങും.
ഭീകരവാദത്തെ അപലപിച്ചു
പ്രാദേശിക-ആഗോള വിഷയങ്ങളിലും ചർച്ചകൾ നടന്നു. പ്രധാനമന്ത്രിയും സുൽത്താനും എല്ലാ തരത്തിലുമുള്ള ഭീകരവാദത്തെയും അപലപിച്ചു. ആസിയാൻ-ഇന്ത്യ സമഗ്ര തന്ത്രപ്രധാന പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്, പരസ്പരപ്രയോജനകരമായ മേഖലകളിൽ ഒരുമിച്ചു പ്രവർത്തിക്കാനുള്ള പ്രതിബദ്ധത അവർ ആവർത്തിച്ചു. സുൽത്താൻ നൽകിയ ഉച്ചവിരുന്നിന് ശേഷമാണ് രണ്ടു ദിവസത്തെ ബ്രൂണെ സന്ദർശനം പൂർത്തിയാക്കി മോദി സിംഗപ്പൂരിലേക്ക് പോയത്. ഇന്ത്യാ സന്ദർശനത്തിന് മോദി സുൽത്താനെ ക്ഷണിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |