SignIn
Kerala Kaumudi Online
Thursday, 10 October 2024 3.55 AM IST

എല്ലായിടത്തും വേണം,​ ശുദ്ധികലശം

Increase Font Size Decrease Font Size Print Page
s

ഹേമ കമ്മിറ്റി റിപ്പോർട്ട് തുറന്നുവിട്ട ആരോപണഭൂതങ്ങൾ ഓരോദിവസം ഓരോ രൂപത്തിൽ അവതരിച്ചുകൊണ്ടിരിക്കുന്നതേയുള്ളൂ. ഇതുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കാൻ പ്രത്യേക ബെഞ്ച് രൂപീകരിക്കുമെന്നാണ് ഇന്നലെ ഹൈക്കോടതി പറഞ്ഞത്. സിനിമാ മേഖലയിൽ നിന്നുള്ള ലൈംഗിക ആരോപണങ്ങൾ പുറത്തുവന്നപ്പോൾ ആ മേഖലയിലെ പ്രമുഖരിൽ ചിലർ തന്നെ പറഞ്ഞത്,​ സമൂഹത്തിന്റെ എല്ലാ മേഖലകളിലുമുണ്ടായ മൂല്യച്യുതി സിനിമയിലും സംഭവിച്ചു എന്നേയുള്ളൂ എന്നാണ്. സാംസ്കാരികമായി നമുക്ക് സംഭവിച്ച ച്യുതിയെക്കുറിച്ചായിരിക്കണമല്ലോ ആ പറഞ്ഞവർ ഉദ്ദേശിച്ചത്. സാമൂഹികമായും ആധുനിക ജീവിതവുമായി ബന്ധപ്പെട്ടും രൂപപ്പെട്ടുവരുന്ന മാറ്റങ്ങൾക്ക് അനുസൃതമായി സംസ്കാരം നവീകരിക്കപ്പെടുകയല്ലേ വേണ്ടത്?

നിർഭാഗ്യമെന്നു പറയാം,​ ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വെളിപ്പെടുത്തലുകളിൽ സാംസ്കാരിക കേരളം പൊതുവെ അധികം ശബ്ദമുയർത്തിക്കണ്ടില്ല. ആരോപണങ്ങൾ,​ നിഷേധങ്ങൾ,​ വെളിപ്പെടുത്തലുകൾ,​ മാദ്ധ്യമങ്ങളുടെ ആഘോഷം,​ കേസുകൾ,​ അതിന്മേലുള്ള തുടർ നിയമ നടപടികൾ,​ സർക്കാർ നീക്കങ്ങൾ... ഇതിനൊക്കെയപ്പുറം മലയാളി ജീവിതങ്ങൾക്കു സംഭവിച്ച സാംസ്കാരികമായ മരണത്തെക്കുറിച്ച് സാംസ്കാരിക നായകന്മാർക്ക് ഒന്നും മിണ്ടാനില്ല. പൊതുവെ,​ സാഹിത്യകാരന്മാർ,​ കലാകാരന്മാർ,​ മാദ്ധ്യമ പ്രവർത്തകർ,​ ബുദ്ധിജീവികൾ.... ഇവരെയൊക്കെയാണല്ലോ സാംസ്കാരിക നായകരായി വിശേഷിപ്പിക്കുന്നത്. ഹേമ കമ്മിറ്റി വിഷയത്തിൽ സിനിമാ മേഖലയ്ക്കു പുറത്തുള്ളവർ ഉച്ചത്തിൽ സംസാരിക്കാത്തത്,​ എല്ലാ മേഖലകളിലും ഇതൊക്കെ സ്വാഭാവികമാണ് എന്ന് നിശബ്ദമായി സ്വയം സമ്മതിച്ചുകൊടുക്കുന്നതിനു തുല്യമല്ലേ?​

2017 ഫെബ്രുവരി പതിനേഴിന് രാത്രിയിൽ ഒരു യുവനടി ക്രൂരമായി പീഡിപ്പിക്കപ്പെട്ടതും,​ തുടർന്നുണ്ടായ സംഭവവികാസങ്ങളുമാണല്ലോ ഹേമ കമ്മിറ്റിയുടെ രൂപീകരണത്തിനു തന്നെ വഴിവച്ചത്. സിനിമാ മേഖലയിൽ സ്‌ത്രീകൾ നേരിടേണ്ടിവരുന്ന ദുരിതങ്ങൾ, ലൈംഗികാതിക്രമങ്ങൾ, സ്‌ത്രീ പുരുഷ അസമത്വങ്ങൾ മുതലായവയെപ്പറ്റി പഠിച്ച് റിപ്പോർട്ട് നൽകുക എന്നതായിരുന്നു കമ്മിറ്റിയുടെ ജോലി. ഈ കമ്മിറ്റി 2019 ഡിസംബർ 31-ന് സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു. സർക്കാരാകട്ടെ,​അവരുടേതായ കാരണങ്ങളാൽ റിപ്പോർട്ടിന്റെ ഉള്ളടക്കം പുറത്തുവിട്ടില്ല. കമ്മിറ്റി റിപ്പോർട്ടിന്റെ പകർപ്പിന് പിന്നെ വിവരാവകാശ നിയമം വേണ്ടിവന്നു. ഒടുവിൽ,​ വിവരാവകാശ കമ്മിഷണറുടെയും ഹൈക്കോടതിയുടെയും കൂടാതെ, വനിതാ കമ്മിഷൻ അദ്ധ്യക്ഷയുടെയും ഇടപെടലുകൾക്കു ശേഷം റിപ്പോർട്ടിന്റെ ഒരു ഭാഗം പുറത്തുവിടാൻ സർക്കാർ നിർബന്ധിതമാവുകയായിരുന്നു.

സ്ഫോടനാത്മകമായ വിവരങ്ങളാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിലുള്ളതെന്നാണ് പൊതുവായ വിവരം. സിനിമാ മേഖലയിൽ ലൈംഗികാതിക്രമങ്ങളും പീഡനങ്ങളും നിരവധിയുണ്ടെന്ന് സാധാരണക്കാർക്കു പോലും അറിവുള്ളതാണെങ്കിലും,​ അത് ഇത്രയും അതിക്രൂരത നിറഞ്ഞതാണെന്ന് ആധികാരികമായി അറിയുന്നത് ജസ്റ്റിസ് ഹേമാ കമ്മിറ്റി റിപ്പോർട്ടിലൂടെയാണ്. സിനിമാ മേഖലയിൽ ലൈംഗികമായും അല്ലാതെയുമുള്ള ക്രൂരതകൾക്കു വിധേയരായ സ്‌ത്രീകൾക്ക്,​ അവർ അനുഭവിച്ച യാതനകളും പീഡനങ്ങളും തുറന്നു പറയുവാനുള്ള ഒരു നിർഭയ വേദിയായി ജസ്റ്റിസ് ഹേമാ കമ്മിറ്റി പരിണമിച്ചത് ഒരു നല്ല തുടക്കമായി കരുതാം.

തൊഴിൽ സ്ഥലത്ത് സ്‌ത്രീകൾക്കു നേരെയുണ്ടാകുന്ന ലൈംഗിക പീഡനം (തടയൽ, നിരോധിക്കൽ, പരിഹാരവും) എന്നൊരു നിയമം 2013-ൽ കേന്ദ്ര സർക്കാർ പ്രാബല്യത്തിൽ വരുത്തിയിട്ടുണ്ട്. ഈ നിയമപ്രകാരം തൊഴിൽ സ്ഥലത്ത് സ്‌ത്രീകൾക്കെതിരെയുള്ള ലൈംഗിക പീഡനം എന്നാൽ, പ്രത്യക്ഷത്തിൽ ലൈംഗിക സ്വഭാവത്തോടു കൂടിയ ശരീരസ്‌പർശം, ലൈംഗികമായി ബന്ധപ്പെടാനുള്ള ആവശ്യപ്പെടൽ, ലൈംഗികച്ചുവയുള്ള വർത്തമാനങ്ങൾ, സ്‌ത്രീയുടെ ഇച്ഛയ്ക്കെതിരായി അശ്ളീല സാഹിത്യമോ, അവയുടെ ചിത്രങ്ങളോ കാണിക്കൽ തുടങ്ങിയവയൊക്കെയാണ്.

ഇങ്ങനെയുള്ള കുറ്റം തെളിഞ്ഞാൽ വിവിധ കാലയളവ് ദൈർഘ്യമുള്ള തടവുശിക്ഷയും പിഴയും കുറ്റക്കാരന് ലഭിക്കാവുന്നതാണ്. സിനിമാ രംഗത്തെ തൊഴിൽ സ്ഥലം എന്നു പറയുന്നത്, സിനിമയെപ്പറ്റി ചർച്ച നടക്കുന്ന ഇടം, ഷൂട്ടിംഗ് സ്ഥലം, സിനിമയുമായി ബന്ധപ്പെട്ട താമസസ്ഥലങ്ങൾ, സിനിമയുമായി ബന്ധപ്പെട്ട് യാത്രചെയ്യുന്ന വാഹനങ്ങൾ തുടങ്ങിയവയെല്ലാം ഉൾപ്പെടും.

സിനിമാ മേഖലയിൽ നിലവിൽ ചിലർക്കെതിരെ ആരോപിക്കപ്പെടുന്ന ലൈംഗികാതിക്രമങ്ങൾ, പുതിയ ശിക്ഷാനിയമമായ ഭാരതീയ ന്യായ സംഹിത പ്രാബല്യത്തിൽ വരുന്നതിനു മുമ്പായതിനാൽ, അതുമായി ബന്ധപ്പെട്ട നടപടികൾ സ്വീകരിച്ചിരിക്കുന്നത് പഴയ ശിക്ഷാ നിയമമായ ഇന്ത്യൻ പീനൽ കോഡ് (ഐ.പി.സി)​പ്രകാരമാണ്.

സ്‌ത്രീയെ മാനഭംഗപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടു കൂടി അവ‌ർക്കു നേരെ നടത്തുന്ന കൈയേറ്റമോ കുറ്റകരമായ ബലപ്രയോഗമോ

(ഐ.പി.സി 354. ജാമ്യം അനുവദിക്കാത്തത്), ലൈംഗിക പീഡനം (ഐ.പി.സി 354എ - ജാമ്യം ലഭിക്കാവുന്നത്), സ്ത്രീയെ വിവസ്‌ത്രയാക്കണമെന്ന ഉദ്ദേശ്യത്തോടെ ബലപ്രയോഗം നടത്തുക (ഐ.പി.സി 354- ബി- ജാമ്യം അനുവദിക്കാത്തത്) എന്നിങ്ങനെ വിവിധ കുറ്റങ്ങളാണ് ചില കുറ്റാരോപിതർക്കെതിരെ ചുമത്തിയിരിക്കുന്നത്. ഈ കുറ്റങ്ങളിലേതെങ്കിലും തെളിഞ്ഞാൽ പ്രതിക്ക് വിവിധ കാലത്തേക്കുള്ള തടവും പിഴയും ശിക്ഷയായി ലഭിക്കുന്നതാണ്.

സിനിമ ഒരു വലിയ വ്യവസായം കൂടിയാണ്. ധാരാളം സ്‌ത്രീപുരുഷന്മാർക്ക് പലതരം ജോലി നൽകുന്ന ആ വ്യവസായം തകരാതെ നോക്കേണ്ടത് നാടിന്റെ ആവശ്യമാണ്. നിർമ്മാതാക്കൾ, സംവിധായകർ, അഭിനേതാക്കൾ തുടങ്ങിയവർക്കെല്ലാം സിനിമ നിലനിറുത്തേണ്ടതിൽ വലിയ ഉത്തരവാദിത്വമുണ്ട്. ജനങ്ങൾ കാണുന്നതുകൊണ്ടാണ് സിനിമാ വ്യവസായം നിലനിൽക്കുന്നതും വളരുന്നതും. ജനങ്ങളെ വെറുപ്പിച്ചാൽ വലിയ ഭവിഷ്യത്തായിരിക്കും ഫലം. ഓർമ്മിക്കേണ്ട ഒരു വസ്ത‌ുത,​ സിനിമാ അഭിനേതാക്കളോടുള്ള പ്രേക്ഷകരുടെ അതിരുകടന്ന ആരാധന ചില അഭിനേതാക്കളെയെങ്കിലും അഹങ്കാരികളും തന്നിഷ്ടക്കാരുമാക്കും എന്നതാണ്. ഈ തന്നിഷ്ടം അതിരുവിടുമ്പോഴാണ് അത് മറ്റൊരാൾക്കു മേലുള്ള ചൂഷണമായിത്തീരുന്നത്.

സിനിമാ മേഖലയിൽ സ്ത്രീകൾക്കു നേരെ ലൈംഗികാതിക്രമങ്ങളും മറ്റു വിധ പീഡനങ്ങളും ഉണ്ടെന്നുള്ള വസ്‌തുത നിലനിൽക്കെ,​ഇത്തരം സംഭവങ്ങളെപ്പറ്റി ഇരകൾക്ക് പരാതി നൽകുന്നതിനായി ഒരു കംപ്ളെയിന്റ് കമ്മിറ്റി സർക്കാർ രൂപവത്‌ക്കരിക്കുകയും, പരാതി നൽകാൻ ഒരു സമയപരിധി വയ്ക്കുകയും ചെയ്യുന്നത് നന്നായിരിക്കും. തൊഴിൽസ്ഥലത്ത് സ്‌ത്രീകൾക്കു നേരെയുണ്ടാകുന്ന പീഡനം (തടയലും, നിരോധിക്കലും, പരിഹാരവും) എന്ന കേന്ദ്ര നിയമത്തിൽ ഇങ്ങനെ ഒരു കംപ്ളെയിന്റ് കമ്മിറ്റിയും,​ പരാതി നൽകുവാൻ സമയ പരിധിയും വ്യക്തമാക്കിയിട്ടുണ്ട്. അതുപോലെ,​ ഒരു പരാതി വ്യാജമെന്നു തെളിഞ്ഞാൽ ആ പരാതി നൽകിയവർക്കെതിരെ ശക്തമായ ശിക്ഷാ നടപടി സ്വീകരിക്കേണ്ടതുമാണ്. സിനിമാരംഗത്തു മാത്രമല്ല,​ മറ്റ് തൊഴിൽ മേഖലകളിലും സ്‌ത്രീകൾ കൊടിയ പീഡനങ്ങൾ അനുഭവിക്കുന്നുണ്ട്. സ്ത്രീകളുടെ വ്യക്തിത്വവും അഭിമാനബോധവും സുരക്ഷിതത്വവും ഉറപ്പാക്കുന്ന വിധത്തിൽ നിയമപരമായി ഒരു ശുദ്ധീകരണ പ്രക്രിയ എല്ലാ മേഖലകളിലും ആവശ്യമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: FILM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.