കാളികാവ്: റവന്യു വകുപ്പ് വിവിധ ആവശ്യങ്ങൾക്ക് പൊതുജനങ്ങൾക്ക് നൽകുന്ന വരുമാന സർട്ടിഫിക്കറ്റിന് മേലിൽ ഗുണഭോക്താവിന്റെ അല്ലെങ്കിൽ അപേക്ഷകന്റെ സത്യവാങ്മൂലം നിർബന്ധമാക്കി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു .
സമൂഹത്തിൽ കൃത്യമായ വരുമാന സർട്ടിഫിക്കറ്റ് അനുവദിക്കാൻ കഴിയുന്നത് സർക്കാർ ജീവനക്കാർക്കും പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും മാത്രമാണെന്നും സർക്കാരിതര മേഖലയിൽ ജോലി ചെയ്യുന്നവർ കൃത്യമായ വരുമാനം ബോദ്ധ്യപ്പെടുത്താതെയാണ് വരുമാന സർട്ടിഫിക്കറ്റ് കരസ്ഥമാക്കുന്നതെന്നും കാണിച്ച് കഴിഞ്ഞ മാസം 11ന് ലാൻഡ് റവന്യു കമ്മിഷണർ സർക്കാരിന് കത്ത് നൽകിയിരുന്നു.
തുടർന്നാണ് പുതിയ ഉത്തരവ് . വരുമാന സത്യവാങ്മൂലം തെറ്റാണെങ്കിൽ നേടുന്ന ആനുകൂല്യം റദ്ദാക്കുന്നതിനും അതിനുള്ള നഷ്ടപരിഹാരം അപേക്ഷകനിൽ നിന്ന് ഈടാക്കുന്നതിനും പുതിയ ഉത്തരവിൽ വ്യവസ്ഥയുണ്ട്. ഇ-ഡിസ്ട്രിക്ട് പോർട്ടലിലൂടെ അക്ഷയകേന്ദ്രങ്ങൾ വഴിയാണ് റവന്യു വകുപ്പിന്റെ 24ൽ പരം സർട്ടിഫിക്കറ്റുകൾ നൽകുന്നത് .
നിയമനടപടിയിൽ നിന്ന് ഒഴിയാവാവില്ല
ഇനി വരുമാനസർട്ടിഫിക്കറ്റിന് അപേക്ഷിക്കുന്ന സമയത്ത് ഉത്തരവിൽ പറഞ്ഞിരിക്കുന്ന മാതൃകയിൽ അപേക്ഷകനോ ഗുണഭോക്താവോ ഇത്തരത്തിൽ സത്യവാങ്മൂലം അപേക്ഷയോടൊപ്പം നൽകണം. സർക്കാർ പൊതുമേഖലാ ജീവനക്കാരുടെ വരുമാനം കൃത്യമായി ലഭിക്കുമെന്നിരിക്കെ വൻകിട കർഷകർ, വ്യാപാരികൾ, സ്വകാര്യ കമ്പനികളിലെ ജീവനക്കാർ തുടങ്ങിയവരുടെ വരുമാനം കണക്കാക്കാൻ നിലവിൽ മാർഗ്ഗങ്ങളില്ല.ഇതിനെ മറികടക്കാനും അവിഹിത മാർഗ്ഗത്തിലൂടെ സർക്കാർ ആനുകൂല്യങ്ങൾ കൈപ്പറ്റുന്നത് തടയാനുമാണ് പുതിയ ഉത്തരവിലൂടെ ലക്ഷ്യമിടുന്നത്. സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്‌മൂലം നൽകി വരുമാന സർട്ടിഫിക്കറ്റ് കൈപ്പറ്റുന്നയാൾക്ക് നിയമ നടപടിയിൽ നിന്ന് ഒഴിഞ്ഞുമാറാനുമാവില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |