കോഴിക്കോട് : ലോകോത്തര ഷോപ്പിംഗിന്റെ നവ്യാനുഭവം മലബാറിന് സമ്മാനിക്കുന്ന കോഴിക്കോട് ലുലു മാൾ നാളെ തുറക്കും. മാവൂർ റോഡിന് സമീപം മാങ്കാവിൽ മൂന്നര ലക്ഷം സ്ക്വയർഫീറ്റിലാണ് പുതിയ മാൾ. മൂന്ന് നിലകളിലായി അത്യാധുനിക സൗകര്യങ്ങളോടെയുള്ള മാൾ നാളെ രാവിലെ 11 മണി മുതൽ ഷോപ്പിംഗിനായി തുറക്കും. ഇതോടനുബന്ധിച്ച് പ്രത്യേക ഓഫറുകളും ഒരുക്കിയിട്ടുണ്ട്. ലുലു ഹൈപ്പർ മാർക്കറ്റ്, ഫാഷൻ സ്റ്റോർ, കണക്ട് എന്നിവയ്ക്ക് പുറമേ ഇൻഡോർ ഗെയിമിംഗ് കേന്ദ്രമായ ഫൺടൂറയും സജ്ജമാണ്.
ഒന്നര ലക്ഷം സ്ക്വയർ ഫീറ്റിലുള്ള ലുലു ഹൈപ്പർമാർക്കറ്റിൽ ലോകത്തെ വിവിധ ഇടങ്ങളിൽ നിന്നുള്ള മികച്ച ഉത്പന്നങ്ങൾ ലഭ്യമാകും. മുൻനിര ബ്രാൻഡഡ് ഉത്പന്നങ്ങൾ മുതൽ മലബാറിലെ കാർഷിക മേഖലയിൽ നിന്നുള്ള പഴം, പച്ചക്കറി, പാൽ ഉത്പന്നങ്ങൾ വരെ ഹൈപ്പർ മാർക്കറ്റിൽ ലഭ്യമാകും. പലവ്യഞ്ജനങ്ങൾ, മത്സ്യം ഇറച്ചി എന്നിവയ്ക്കായി പ്രത്യേകം കൗണ്ടറുകളുണ്ട്. ഹോട്ട് ഫുഡ് - ബേക്കറി വിഭവങ്ങളുടെ വിപുലമായ ശ്രേണിയും ഒരുക്കിയിട്ടുണ്ട്.
വിട്ടുപകരണങ്ങളുടെയും ഡിജിറ്റൽ ഇലക്ട്രോണിക്സ് ഉത്പന്നങ്ങളുടെയും ശേഖരവുമായി ലുലു കണക്ടും ആകർഷകമായ ഫാഷൻ ശേഖരവുമായി ലുലു ഫാഷൻസ്റ്റോറും പുതുമയാർന്ന ഷോപ്പിംഗ് സമ്മാനിക്കും. വിപുലമായ ഫുഡ് കോർട്ടാണ് മറ്റൊരു പ്രത്യേകത. 500 ൽ അധികം പേർക്ക് ഒരേസമയം ഭക്ഷണം കഴിക്കാൻ ഇവിടെ സൗകര്യമുണ്ട്. കെ.എഫ്.സി, ചിക്കിംഗ്, പിസ ഹട്ട്, ബാസ്കിൻ റോബിൻസ്, ഫ്ലെയിം ആൻ ഗോ, സ്റ്റാർബക്സ് തുടങ്ങി പതിനാറിലധികം ബ്രാൻഡുകളുടെ ഔട്ട്ലെറ്റുകളാണ് സജ്ജീകരിച്ചിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |