തിരുവനന്തപുരം : അവയവം മാറ്റിവയ്ക്കൽ കൂടുതൽ ഫലപ്രദമായി നടപ്പിലാക്കാൻ സർക്കാർ ഉപദേശക സമിതി രൂപീകരിച്ചു. 1994ലെ ട്രാൻസ്‌പ്ലാന്റേഷൻ ഓഫ് ഹ്യൂമൺ ഓർഗൻസ് ആക്ട് പ്രകാരമാണ് സമിതി പ്രവർത്തിക്കുക. അപ്രോപ്രിയേറ്റ് അതോറിട്ടിയെ സഹായിക്കുകയും മാർഗനിർദ്ദേശങ്ങൾ നൽകുകയുമാണ് ഉപദേശക സമിതിയുടെ ചുമതലയെന്ന് മന്ത്രി വീണാജോർജ് പറഞ്ഞു.
രണ്ടു വർഷത്തെ കാലാവധിയുള്ള ഉപദേശക സമിതിയുടെ അദ്ധ്യക്ഷൻ ആരോഗ്യ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി/ പ്രിൻസിപ്പൽ സെക്രട്ടറിയാണ്. ആരോഗ്യ വകുപ്പ് ഡയറക്ടറാണ് മെമ്പർ സെക്രട്ടറി. കോട്ടയം സർക്കാർ മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ.ടി.കെ.ജയകുമാർ, കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ക്ലിനിക്കൽ പ്രൊഫസറും ചീഫ് ട്രാൻസ്‌പ്ലാന്റ് സർജനുമായ എസ്.സുധീന്ദ്രൻ എന്നിവരാണ് സമിതിയിലെ മെഡിക്കൽ വിദഗ്ദ്ധർ. പൊതുജനാരോഗ്യ വിദ്ഗദ്ധൻ ഡോ.വി.രാമൻകുട്ടി, സാമൂഹിക പ്രവർത്തക ഡോ.ഖദീജ മുതാംസ്, റിട്ട.ജില്ല ജഡ്ജി എം.രാജേന്ദ്രൻ നായർ, തിരുവനന്തപുരം മെഡിക്കൽ കോളേജ് ഓഫ്താൽമോളജി വിഭാഗം മുൻ പ്രൊഫസർ ഡോ.വി.സഹസ്രനാമം, അവയവം സ്വീകരിച്ചവരുടെ പ്രതിനിധിയായി ലിവർ ഫൗണ്ടേഷൻ ഓഫ് കേരളയുടെ സെക്രട്ടറി എം.കെ.മനോജ് കുമാർ തുടങ്ങിയവരാണ് സമിതിയിലേക്ക് നിയമിതരായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |