കോഴിക്കോട്: മാദ്ധ്യമ പ്രവർത്തകനെ കൊല്ലാൻ ശ്രമിച്ച കേസിലെ, 16 വർഷമായി വിദേശത്ത് ഒളിവിൽ കഴിയുകയായിരുന്ന പ്രതി അറസ്റ്റിൽ. 2005 ജൂലായ് 15 ന് നടക്കാവ് പൊലീസ് സ്റ്റേഷൻ പരിധിയിൽ പത്രപ്രവർത്തകനായ ബഷീറിനെ സംഘം ചേർന്ന് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ മുഖ്യ പ്രതി കോഴിക്കോട് സ്വദേശി ഒത്മാൻ ഖാമിസ് ഒത്മാൻ അൽ ഹമാദി (അറബി അബ്ദുൾ റഹിമാൻ-47) യെയാണ് കോഴിക്കോട് ക്രൈം ബ്രാഞ്ച് ഡൽഹിയിൽ അറസ്റ്റ് ചെയ്തത്. ആദ്യം നടക്കാവ് പൊലീസ് അന്വേഷണം നടത്തിയ കേസ് പിന്നീട് ക്രൈം ബ്രാഞ്ച് ഏറ്റെടുക്കുകയും മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങിയ അബ്ദുൾ റഹിമാൻ വിദേശത്തേക്ക് കടക്കുകയും യു.എ.ഇ ൽ വച്ച് ഒത്മാൻ ഖാമിസ് ഒത്മാൻ അൽ ഹമാദി എന്ന് പേര് മാറ്റി പുതിയ പേരിൽ പാസ്പോർട്ട് ഉണ്ടാക്കി 16 വർഷത്തോളമായി വിദേശത്ത് ഒളിവിൽ കഴിയുകയായിരുന്നു. ഈ മാസം ആറിന് പ്രതി വിദേശത്ത് നിന്നും ഡൽഹി ഇന്ദിരാഗാന്ധി ഇന്റർനാഷണൽ എയർപോർട്ടിൽ എത്തിയപ്പോൾ എമിഗ്രേഷൻ അധികൃതർ തടഞ്ഞുവച്ച് അധികൃതരെ വിവരമറിയിക്കുകയായിരുന്നു. കസബ, നല്ലളം ഉൾപ്പെടെ വിവിധ സ്റ്റേഷനുകളിൽ നിരവധി കേസുകളിൽ അബ്ദുൾ റഹിമാൻ പ്രതിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |