തിരുവനന്തപുരം : നഴ്സിംഗ് പാരാമെഡിക്കൽ പഠനത്തിന് സർക്കാർ നിയന്ത്രണത്തിലുള്ള സീപാസിൽ (സെന്റർഫോർ പ്രൊഫഷണൽ ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസിന്) വൻ ഫീസ് വർദ്ധന. സർക്കാർ,സ്വാശ്രയ മേഖലയിലെ നഴ്സിംഗ്,പാരാമെഡിക്കൽ ഫീസ് നിശ്ചയിക്കുന്നതിനായി നിയോഗിച്ചിട്ടുള്ള ജസ്റ്റിസ്(റിട്ട) കെ.കെ.ദിനേശൻ അദ്ധ്യക്ഷനായ ഫീസ് റഗുലേറ്ററി കമ്മിറ്റിയാണ് ഫീസ് വർദ്ധന അനുവദിച്ചത്. ട്യൂഷൻ ഫീസാണ് ഉയർത്തിയത്.
അതേസമയം ഫീസ് വർദ്ധിപ്പിക്കണമെന്ന, സർക്കാർ നിയന്ത്രണത്തിലുള്ള സിമെറ്റിന്റെയും സ്വകാര്യ മാനേജ്മെന്റുകളുടെയും അപേക്ഷ കമ്മിറ്റി നിരസിച്ചു. സീപാസ്,സിമെറ്റ് എന്നിവിടങ്ങളിലും സ്വകാര്യ കോളേജുകളിലെ സർക്കാർ സീറ്റുകളിലും ഒരുപോലെയായിരുന്ന ഫീസ് ഘടന ഇതോടെ മാറി.
സീപാസ് കോളേജുകളിൽ ബാച്ചിലർ ഒഫ് ഫിസിയോതെറാപ്പിക്ക് (ബി.പി.ടി) ഒറ്റയടിക്ക് 20,000രൂപയാണ് ട്യൂഷൻ ഫീസിനത്തിൽ ഉയർത്തിയത്. ബി.എസ്‌സി നഴ്സിംഗ്, ബി.എസ്‌സി മൈക്രോബയോളജി കോഴ്സുകൾക്ക് ട്യൂഷൻ ഫീസിൽ 10,000 രൂപയും വർദ്ധിപ്പിച്ചു.
ഇതോടെ ബി.പി.ടിക്ക് പ്രതിവർഷം ഫീസ് 59750 രൂപയിൽ നിന്ന് 79750 രൂപയായി ഉയർന്നു. നഴ്സിംഗിന് 73025 രൂപയിൽ 83025 രൂപയും മൈക്രോബയോളജിക്ക് 45,000 രൂപയിൽ നിന്ന് 55,000 രൂപയും അടയ്ക്കണം. ബി.പി.ടി പഠനം പൂർത്തിയാക്കാൻ മറ്റ് സർക്കാർ സീറ്റുകളെക്കാൾ സീപാസിലെ കുട്ടികൾ 8000 രൂപ അധികം നൽകണം.
നഴ്സിംഗ്,മൈക്രോബയോളജി പഠനത്തിന് 40,000രൂപയും അടയ്ക്കണം. സീപാസിന്റെ 11സ്ക്കൂൾ ഒഫ് മെഡിക്കൽ എജ്യുക്കേഷനുകളിലാണ് ഫീസ് വർദ്ധന ബാധകം. എല്ലാ സീറ്റിലും എൽ.ബി.എസ് നടത്തുന്ന അലോട്ട്മെന്റിലൂടെയാണ് പ്രവേശനം.
ഏകപക്ഷീയമായി ഫീസ് വർദ്ധിപ്പിച്ചത് അനീതിയാണെന്നും, ഫീസ് വർദ്ധനവിനായുള്ള സീപാസ് ഡയറക്ടറുടെ അപേക്ഷ മാത്രം അംഗീകരിച്ചത് തെറ്റായ സമീപനമാണെന്നും സർക്കാർ തലത്തിൽ ഉൾപ്പെടെ ആക്ഷേപമുണ്ട്.
ഐ.ഇ.എൽ.ടി.എസ് ആൻഡ് ഒ.ഇ.ടി ഓഫ്ലൈൻ/ഓൺലൈൻകോഴ്സ്
തിരുവനന്തപുരം: നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫോറിൻ ലാംഗ്വേജസിന്റെ (എൻ.ഐ.എഫ്.എൽ) തിരുവനന്തപുരം,കോഴിക്കോട് സെന്ററുകളിൽ ഐ.ഇ.എൽ.ടി.എസ്, ഒ.ഇ.ടി ഓഫ്ലൈൻ/ഓൺലൈൻകോഴ്സുകളിലേക്ക് അപേക്ഷിക്കാം. ഐ.ഇ.എൽ.ടി.എസ് ആൻഡ് ഒ.ഇ.ടി (ഓഫ്ലൈൻ 8 ആഴ്ച) കോഴ്സിൽ നഴ്സിംഗ് ബിരുദധാരികളായ ബി.പി.എൽ/എസ്.സി/എസ്.ടി വിഭാഗങ്ങളിൽ ഉൾപ്പെടുന്നവർക്ക് ഫീസ് സൗജന്യമാണ്. മറ്റുളളവർക്ക് ജി.എസ്.ടി ഉൾപ്പെടെ 4,425 രൂപയാണ് ഫീസ് (ലിസണിംഗ്, റീഡിംഗ്, സ്പീക്കിംഗ്, റൈറ്റിംഗ് എന്നീ നാലു മോഡ്യൂളുകൾ). ഓഫ്ലൈൻകോഴ്സിൽ 3 ആഴ്ച നീളുന്ന അഡിഷണൽ ഗ്രാമർ ക്ലാസിനും അവസരമുണ്ടാകും. ഐ.ഇ.എൽ.ടി.എസ് ഓൺലൈൻ എക്സാം ബാച്ചിന് 4,425 രൂപയും, റഗുലർ ബാച്ചിന് 7,080 രൂപയുമാണ് ഫീസ്. ഒ.ഇ.ടി (ഓൺലൈൻ 4 ആഴ്ച ) 5,900 രൂപയും, ഏതെങ്കിലും ഒരു മോഡ്യൂളിന് 8260 ഉം, ഏതെങ്കിലും രണ്ട് മോഡ്യൂളുകൾക്ക് 7080 രൂപയുമാണ് ഫീസ്. ഓൺലൈൻ കോഴ്സുകൾക്ക് ഫീസിളവ് ബാധകമല്ല.
www.nifl.norkaroots.org സന്ദർശിച്ച് അപേക്ഷ നൽകണം. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്ന ആരോഗ്യമേഖലയിലെ പ്രൊഫഷണലുകൾക്ക് നോർക്ക റൂട്ട്സ് വഴി വിദേശത്ത് ജോലി കണ്ടെത്തുന്നതിനും അവസരമുണ്ടാകും. ഫീസ് സംബന്ധിക്കുന്ന വിവരങ്ങൾക്ക് +917907323505 (തിരുവനന്തപുരം) +918714259444 (കോഴിക്കോട്) .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |