കോഴിക്കോട്: ആർ.എസ്.എസ് നേതാവ് റാം മാധവുമായുള്ള എ.ഡി.ജി.പി അജിത്‌കുമാറിന്റെ കൂടിക്കാഴ്ചയുടെ വിവരം പുറത്തുവരുമ്പോൾ കേരളം ഞെട്ടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. കൂടിക്കാഴ്ചയിൽ ആരൊക്കെ പങ്കെടുത്തുവെന്ന് ഇപ്പോൾ പറയുന്നില്ല. ഈ കോക്കസിൽ മന്ത്രിസഭയിലെ ഒരു ഉന്നതനും ഭാഗമാണ്. കൂടിക്കാഴ്ചയുടെ അജൻഡ തൃശൂർ പൂരമാണെന്ന് താൻ പറഞ്ഞിട്ടില്ല.
തൃശൂരിൽ സഹായിക്കാം, പകരം തങ്ങളെ ഉപദ്രവിക്കരുതെന്നായിരുന്നു ബി.ജെ.പിയോടുള്ള സി.പി.എമ്മിന്റെ സമീപനം. തൃശൂർ പൂരം കലക്കിയതിൽ എ.ഡി.ജി.പിക്ക് നേരിട്ട് പങ്കുണ്ട്. ഇക്കാര്യത്തിൽ ജുഡീഷ്യൽ അന്വേഷണം വേണം. പൂരം കലക്കുന്നതിനു വേണ്ടി നടത്തിയ ഗൂഢാലോചന പുറത്തുവന്നിട്ടുണ്ട്. കാഫിർ വിവാദം പോലെ ഗൗരവതരമാണ് പൂരം കലക്കലും. സാമൂഹികമായ ഭിന്നിപ്പുണ്ടാക്കി ജയിക്കാനുള്ള തന്ത്രമായിരുന്നു. എന്നാൽ അത് പൊളിഞ്ഞു. ഹൈന്ദവ വികാരം ഇളക്കിവിട്ട് തൃശൂരിൽ ബി.ജെ.പിയെ വിജയിപ്പിക്കാനുള്ള ശ്രമമാണ് നടന്നത്.
പിണറായി മോദിയുടെ മറ്റൊരു രൂപം
മോദിയുടെ മറ്റൊരു രൂപമാണ് പിണറായി വിജയൻ. വിവാദമുണ്ടാകുമ്പോൾ മാദ്ധ്യമങ്ങളെ കാണില്ല. ഇത് ഭീരുത്വമാണ്. ഉത്സവ സീസണുകളിലെ വിലക്കയറ്റം തടയാനാണ് സർക്കാർ ഓണച്ചന്തകൾ. എന്നാൽ നിത്യോപയോഗ സാധനങ്ങളുടെ വില കൂട്ടിയുള്ള ഓണച്ചന്തകളാണ് സർക്കാരിന്റെ ഓണസമ്മാനം. ഒളിമ്പിക് മെഡൽ ജേതാവ് പി.ആർ. ശ്രീജേഷിന് സർക്കാർ സ്വീകരണം നൽകാത്തതിന് കാരണം മന്ത്രിമാർ തമ്മിലുള്ള അടിയാണെന്നും സതീശൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |