വാഷിംഗ്ടൺ: ഓരോ അഞ്ചുമിനിട്ടിലും ഇന്ത്യയുടെ വിശ്വസ്തതയെ പരിശോധനയ്ക്ക് വിധേയമാക്കാനാവില്ലെന്ന് യുഎസ് മുൻ സ്റ്റേറ്റ് സെക്രട്ടറി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റഷ്യ സന്ദർശനത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു മുൻ സ്റ്റേറ്റ് സെക്രട്ടറി കോണ്ടലീസ റൈസ്. ഇന്ത്യ-യുസ് ഡിഫൻസ് ആക്‌സിലെറേഷൻ എക്കോസിസ്റ്റം പരിപാടിയിലായിരുന്നു അവരുടെ പ്രതികരണം (ഇൻഡസ് എക്‌സ്).
'ഇന്ത്യ- യുഎസ് ബന്ധം ശാശ്വതവും ഉഭയകക്ഷിപരവുമാണ്, വൈറ്റ് ഹൗസിൽ വരുന്നവർക്ക് ബന്ധത്തിന്റെ പ്രാധാന്യം അറിയാം. എല്ലാ രാജ്യങ്ങൾക്കും തന്ത്രപരമായ സ്വയംഭരണാവകാശമുണ്ട്. അതിൽ നമുക്ക് പ്രശ്‌നമൊന്നുമില്ല. എന്നാൽ ഇന്ത്യയുടെയും യുഎസിന്റെയും ആഴത്തിലെ താത്‌പര്യങ്ങളായിരിക്കും ശക്തമായ പങ്കാളിത്തത്തിലേയ്ക്ക് നയിക്കുന്നത്. പ്രധാനമന്ത്രി മോദിയുടെ മോസ്‌കോ സന്ദർശനം പ്രതിരോധ മേഖലയിൽ കാര്യമായ മാറ്റങ്ങളുണ്ടാക്കില്ല. ഇന്ത്യയുമായുള്ള സൈനിക സഹകരണം വർദ്ധിപ്പിക്കുന്നത് മന്ദഗതിയിയിലായി. സുപ്രധാനമായ സമയവും അവസരവും നഷ്ടപ്പെട്ടതായി യുഎസ് മനസിലാക്കുന്നു'- റൈസ് പറഞ്ഞു.
'ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായുള്ള ആത്മബന്ധത്തെക്കുറിച്ച് മോദിക്കറിയാം. ഇത് ഇന്ത്യക്ക് വലിയ വെല്ലുവിളി ഉയർത്തും. യുഎസിന്റെ ശക്തമായ എതിരാളിയാണ് ചൈന. റഷ്യ സാങ്കേതികമായും സൈനികപരമായും ശക്തരായതിനാൽ ശീതകാലയുദ്ധ സമയത്തേക്കാൾ സ്ഥിതിഗതികൾ ഗുരുതരമാണ്. ചൈന സാങ്കേതികപരമായി ശക്തരാണെന്നതും വെല്ലുവിളി ഉയർത്തുന്നു'-റൈസ് കൂട്ടിച്ചേർത്തു.
കഴിഞ്ഞ മൂന്ന് മാസത്തിനിടെ മോദി റഷ്യയും യുക്രെയ്‌നും സന്ദർശിച്ചിരുന്നു. യുക്രെയ്‌ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കിയുമായി കൂടിക്കാഴ്‌ച നടത്തിയതിന് ശേഷമാണ് മോദി പുടിനുമായി സന്ദർശനം നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |