ന്യൂഡൽഹി: മണിപ്പൂരിൽ സ്ഥിതി ഗുരുതരമായി തുടരുന്ന സാഹചര്യത്തിൽ 2000 കേന്ദ്രസേനാംഗങ്ങളെ കൂടി അവിടേക്ക് അയക്കാൻ കേന്ദ്രസർക്കാർ തീരുമാനം. ജാർഖണ്ഡിലും തെലങ്കാനയിലെ വാറംഗലിലും ക്യാമ്പ് ചെയ്‌തിരുന്ന രണ്ട് ബറ്റാലിയൻ സി.ആർ.പി.എഫ് സംഘം മണിപ്പൂരിലേക്ക് തിരിച്ചു. ഒരു സംഘത്തെ ഇംഫാലിലും രണ്ടാമത്തെ യൂണിറ്റിനെ ചുരാചന്ദ്പൂരിലും നിയോഗിക്കും. സംസ്ഥാനത്ത് തുടരുന്ന 16 ബറ്റാലിയൻ കേന്ദ്രസേനയ്‌ക്ക് പുറമെയാണിത്. അക്രമികൾ ബോംബിടാനും മറ്റും ഉപയോഗിക്കുന്ന ഡ്രോണുകൾ തകർക്കാൻ ഡ്രോൺ ഗൺ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ മണിപ്പൂരിലെത്തിച്ചു. ഇന്നലെ ഒരു സ്ത്രീ കൂടി കൊല്ലപ്പെട്ടതോടെ, ഒരാഴ്ചക്കിടെ 12 പേർ മരിച്ചെന്നാണ് റിപ്പോർട്ട്. അതിനിടെ, ഇന്നലെ മണിപ്പൂർ തലസ്ഥാനമായ ഇംഫാലിൽ കർഫ്യു പ്രഖ്യാപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും നാളെയും അവധി നൽകും.
15 മാസത്തിലേറെയായി നടക്കുന്ന സംഘർഷത്തിൽ 200ലധികം ആളുകളാണ് കൊല്ലപ്പെട്ടത്.
വിദ്യാർത്ഥികൾക്ക് പരിക്ക്
മണിപ്പൂർ രാജ്ഭവനിലേക്ക് ഇന്നലെയും ആയിരകണക്കിന് പേർ പ്രതിഷേധ പ്രകടനം നടത്തി. സുരക്ഷാസേനയുമായുണ്ടായ സംഘർഷത്തിൽ 40ൽപ്പരം വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. രാജ്ഭവനിലേക്ക് നീങ്ങിയ സമരക്കാരെ കോൺഗ്രസ് ഓഫീസിന് സമീപം തടയുകയായിരുന്നു. തിങ്കളാഴ്ചയും പ്രക്ഷോഭകരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി. ഡി.ജി.പിയെയും സുരക്ഷാ ഉപദേഷ്‌ടാവിനെയും നീക്കണമെന്നാവശ്യപ്പെട്ടാണ് തെരുവിലെ പ്രതിഷേധം.
ഇന്റർനെറ്റ് നിരോധനം
സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് അഞ്ചു ദിവസത്തേക്ക് ഇന്റർനെറ്റ് നിരോധിച്ചു.
ഈ മാസം 15ന് വൈകിട്ട് മൂന്നുവരെയാണിത്. അതിക്രമങ്ങൾ വർദ്ധിപ്പിക്കുന്ന തരത്തിൽ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ ചിത്രങ്ങളും വ്യാജസന്ദേശങ്ങളും പ്രചരിക്കുമെന്ന ആശങ്കയെ തുടർന്നാണ് നടപടി.
വിദേശശക്തികളെന്ന് മെയ്‌തി ഗ്രൂപ്പ്
ഇപ്പോഴത്തെ ഡ്രോൺ - മിസൈൽ ആക്രമണങ്ങൾക്ക് പിന്നിൽ വിദേശശക്തികളാണെന്ന് മെയ്‌തി സംഘടനകൾ ആരോപിച്ചു. ഡൽഹിയിൽ സംഘടിപ്പിച്ച വാർത്താസമ്മേളനത്തിലാണ് ആരോപണം. പ്രത്യേക ഭരണകൂടമെന്ന ആവശ്യം കുക്കി വിഭാഗം ആവർത്തിച്ചു.
-പ്രധാനമന്ത്രി നരേന്ദ്രമോദി അടിയന്തരമായി ഇടപെടണം.സമാധാനം കൊണ്ടുവരാൻ നടപടികളുണ്ടാകണം.
അശോക് ഗെഹ്‌ലോട്ട്
കോൺഗ്രസ് നേതാവ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |