കോഴിക്കോട്: ഗുരുതര ആരോപണങ്ങളെ തുടർന്ന് സസ്‌പെൻഷനിലായ മുൻ എം.എൽ.എ ജോർജ്.എം. തോമസിനെ സി.പി.എം തിരിച്ചെടുത്തു. സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവും തിരുവമ്പാടി മുൻ എം.എൽ.എയുമായ ജോർജ് എം.തോമസിനെ മുക്കം തോട്ടുമുക്കം ബ്രാഞ്ച് കമ്മിറ്റിയിലാണ് ഉൾപ്പെടുത്തത്. കഴിഞ്ഞദിവസം ബ്രാഞ്ച് സമ്മേളനത്തിൽ അദ്ദേഹം പങ്കെടുത്തു. കഴിഞ്ഞവർഷം ജൂലായിലാണ് സസ്‌പെൻഡ് ചെയ്തത്. 14 മാസത്തിന് ശേഷമാണ് തിരിച്ചെടുത്തത്. സാമ്പത്തിക ക്രമക്കേടും പാർട്ടി അച്ചടക്കം ലംഘിച്ചുള്ള പ്രവർത്തനങ്ങളുമാണ് നടപടിയിലേക്ക് നയിച്ചത്.
പോക്‌സോ പീഡന കേസിലെ പ്രതിയെ രക്ഷിക്കാൻ ഇടപെട്ടു, പ്രതിയിൽ നിന്ന് 25 ലക്ഷം കൈപ്പറ്റി, സഹായിച്ച പൊലീസുദ്യോഗസ്ഥന് ഭൂമി നൽകി, നാട്ടുകാരനിൽ നിന്ന് വഴി വീതി കൂട്ടാനായി മദ്ധ്യസ്ഥനെന്ന നിലയിൽ ഒരു ലക്ഷം രൂപ വാങ്ങി, ക്വാറി മുതലാളിമാരെക്കൊണ്ട് വീട് നിർമ്മാണത്തിന് സാമഗ്രികൾ വാങ്ങിപ്പിച്ചു തുടങ്ങിയ ഗൗരവമുള്ള ആരോപണങ്ങളാണ് പാർട്ടിയുടെ അന്വേഷണ റിപ്പോർട്ടിൽ ശരിവച്ചത്.
എം.എൽ.എ എന്ന നിലയ്ക്ക് പദവിയുപയോഗിച്ചുവെന്ന ഒഴുക്കൻ മട്ടിലുള്ള മറുപടിയാണ് ഇതിനൊക്കെ ജോർജ്ജ്.എം.തോമസ് അന്വേഷണ കമ്മിഷന് നൽകിയത്. പാർട്ടിക്കുള്ളിലും പുറത്തും സർക്കാരിലും നടക്കുന്ന വഴിവിട്ട പ്രവർത്തനങ്ങളെക്കുറിച്ച് പി.വി.അൻവർ ഉയർത്തി ആരോപണങ്ങൾ പാർട്ടിക്കും സർക്കാരിനും തലവേദനയായി നിൽക്കുമ്പോഴാണ് ആരോപണ വിധേയനായ ഒരാളെ തിരികെയെത്തിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |