തിരുവനന്തപുരം: ഫാസ്റ്റ് പാസഞ്ചർ സർവീസുകളുടെ സഞ്ചാരപരിധി രണ്ടു ജില്ലകളിൽ മാത്രമായി ചുരുക്കി കെ.എസ്.ആർ.ടി.സി കൊണ്ടുവന്ന തലതിരിഞ്ഞ പരിഷ്കാരം പൊതുജനത്തെ പെരുവഴിയിലാക്കി. പകരം ചെയിൻ സർവീസ് നടത്തുമെന്ന് അറിയിപ്പുണ്ടായെങ്കിലും ഒന്നും സംഭവിച്ചില്ല. പുതിയ പരിഷ്കാരം ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതായി പല ഡിപ്പോ മേധാവികളും അറിയിച്ചിട്ടും ഇതു തുടരാനാണ് മാനേജ്മെന്റ് തീരുമാനം.
രണ്ട് ജില്ലകൾക്കപ്പുറത്തേക്ക് ഓടുന്ന ഫാസ്റ്റ് പാസഞ്ചറുകൾ നിറുത്തലാക്കാൻ കെ.എസ്.ആർ.ടി.സി വീണ്ടും നീക്കം തുടങ്ങിയതു ചൂണ്ടിക്കാട്ടി കേരളകൗമുദി ജൂൺ പത്തിന് റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു. വരുമാനം കൂട്ടാനുള്ള കുറുക്കുവഴിയായി നേരത്തേ ഈ ഉത്തരവ് ഇറക്കിയിരുന്നെങ്കിലും മേയ് രണ്ടിന് പിൻവലിച്ചു. സർവീസുകളുടെ താളം തെറ്റുമെന്നും യാത്രാക്ളേശം കൂടുമെന്നും ഡിപ്പോ അധികൃതർ ഓപ്പറേഷൻസ് മേധാവിയെ അറിയിച്ചതിനെ തുടർന്നായിരുന്നു ഇത്. എന്നാൽ, ഓപ്പറേഷൻസ് വിഭാഗത്തിലെ ചിലരുടെ വാക്കു വിശ്വസിച്ച മാനേജ്മെന്റ് പിന്നീട് തീരുമാനം നടപ്പിലാക്കുകയായിരുന്നു.
ബുദ്ധിമുട്ട് പരിഹരിക്കാൻ തിരക്കേറിയ രാവിലെ ഏഴര മുതൽ പത്തര വരെയും, വൈകിട്ട് മൂന്നര രാത്രി ഏഴു വരെയും അഞ്ച് മിനിട്ട് ഇടവിട്ട് ഫാസ്റ്റുകൾ ഓടിക്കുമെന്നാണ് അറിയിരിച്ചിരുന്നത്. പക്ഷേ, ഇന്നലെ രാവിലെ പലയിടങ്ങളിലും യാത്രക്കാർക്ക് അരമണിക്കൂറിലേറെ കാത്തുനിന്നാണ് ബസ് കിട്ടിയത്. ചെയിൻ സർവീസിന്റെ പേരിൽ ബസുകളുടെ എണ്ണം കുറച്ചതോടെ ഉള്ള ബസുകളിൽ കയറാൻ പറ്റാത്തവിധം തിരക്കായി. ദേശീയപാതയിലും എം.സി റോഡിലും ഇതായിരുന്നു സ്ഥിതി.
ദീർഘദൂര യാത്രയ്ക്ക് ഫാസ്റ്റ് പാസഞ്ചറുകളെ ആശ്രയിച്ചിരുന്നവരാണ് ഏറെ ദുരിതമനുഭവിച്ചത് ലക്ഷ്യത്തിലെത്താൻ രണ്ട് ബസുകളെ ആശ്രയിക്കേണ്ടി വന്നതോടെ യാത്രാച്ചെലവ് കൂടി. ഇറങ്ങിക്കയറാൻ ബുദ്ധിമുട്ടുള്ളവർക്ക് നിരക്കു കൂടിയ സൂപ്പർഫാസ്റ്റുകളായിരുന്നു ആശ്രയം. പുതിയ ക്രമീകരണം ഞായറാഴ്ച നിലവിൽ വന്നെങ്കിലും അവധിദിവസമായതിനാൽ ആദ്യ ദിവസം കാര്യമായ പ്രയാസമുണ്ടായില്ല.
രണ്ടു ദിവസത്തിനകം പ്രശ്‌നം പരിഹരിക്കുമെന്നാണ് കെ.എസ്.ആർ.ടി.സിയുടെ വിശദീകരണം. പുതിയ ക്രമീകരണത്തിലുടെ 180 ബസുകൾ ലാഭിക്കാനായെന്നും ഇതുവഴി പ്രതിമാസം അഞ്ചു കോടി രൂപ ലാഭിക്കാനാകുമെന്നും അധികൃതർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |