തിരുവനന്തപുരം: ഹേമ കമ്മിറ്റിക്ക് മുമ്പാകെ മൊഴി നൽകിയവരുടെ സ്വകാര്യത ഉറപ്പാക്കണമെന്ന് ഡബ്ല്യു.സി.സി പ്രതിനിധികൾ മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽകണ്ട് അഭ്യർത്ഥിച്ചു. സിനിമാമേഖലയിലെ ലൈംഗിക ചൂഷണ പരാതികൾ സംബന്ധിച്ച പ്രത്യേക സംഘത്തിന്റെ അന്വേഷണത്തിന്റെ പേരിൽ സ്വകാര്യത ലംഘിക്കപ്പെടരുതെന്നും ആവശ്യപ്പെട്ടു. പരിഗണിക്കാമെന്ന് മുഖ്യമന്ത്രി മറുപടി നൽകി. വനിതകൾക്ക് ലൊക്കേഷനിൽ സൗകര്യം ഉറപ്പാക്കണമെന്നും ഹേമ കമ്മിറ്റി സിനിമാമേഖലയിൽ നടപ്പാക്കാൻ നിർദ്ദേശിച്ച ശുപാർശകൾ നടപ്പാക്കണമെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു.
നടി രേവതി, റിമ കല്ലിംഗൽ, ദീദി ദാമോദരൻ, ബീനാപോൾ, ആശ ആച്ചി ജോസഫ് എന്നിവരാണ് മുഖ്യമന്ത്രിയെ കണ്ടത്. കോടതി നടപടികൾ പുരോഗമിക്കുന്നതിനാലും റിപ്പോർട്ടിൻമേൽ പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തിയതിനാലും മൊഴി നൽകിയവരുടെ സ്വകാര്യത നഷ്ടമായേക്കാമെന്ന ആശങ്ക ഉയർന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയെ കണ്ടതെന്ന് രേവതി പറഞ്ഞു. മൊഴി നൽകിയവരുടെ സ്വകാര്യതയെക്കുറിച്ച് ഞങ്ങൾ ആശങ്കാകുലരാണ്. അവർ പറഞ്ഞ കാര്യങ്ങൾ, അവരുടെ പേരുകൾ പുറത്തുവരാൻ പാടില്ല.
വേട്ടക്കാർ, 'ഇല്ല, ഞാൻ ചെയ്തില്ല' എന്നുപറഞ്ഞ് കോടതിയിലും മറ്റും പോകുന്നു. ഇരകൾ സ്വാഭാവികമായും വല്ലാത്ത മാനസികാവസ്ഥയിലാകും. മൊഴി നൽകിയവർ സുരക്ഷിതരായിരിക്കണമെന്നും രേവതി പറഞ്ഞു. സർക്കാരുമായി ചേർന്ന് മുന്നോട്ടു പോകാൻ എന്തു ചെയ്യാനാകുമെന്നാണ് വീണ്ടും ആലോചിക്കുന്നതെന്ന് റിമ കല്ലിംഗൽ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |