പരമ്പരാഗത കമ്മ്യൂണിസ്റ്റ് നിർവചനങ്ങളിൾ ഒതുങ്ങാത്ത നേതാവായിരുന്നു സീതാറാം യെച്ചൂരി. ആന്ധ്രയിലെ ബ്രാഹ്മണ ജൻമി കുടുംബത്തിൽ ജനനം, കടുകട്ടി ഭാഷയില്ല. സൗമ്യഭാവം. ഭക്ഷണ പ്രിയൻ. പാർട്ടി പാളം തെറ്റിയെന്ന് വിളിച്ചു പറഞ്ഞതിന് ഒരു വിഭാഗത്തിന് അനഭിമതനായി. പോകേണ്ട പാതകൾ മുൻകൂട്ടി കാണാനുള്ള പ്രായോഗിക രാഷ്‌ട്രീയ തന്ത്രങ്ങളും ആശയപരമായ മികവും സംഘടനാപരമായ കരുത്തും സി.പി.എമ്മിന് അവഗണിക്കാനായില്ല. അങ്ങനെയാണ് 30-ാം വയസിൽ കേന്ദ്ര നേതൃത്വത്തിലെത്തിയ യെച്ചൂരി പത്തുവർഷം സി.പി.എം ജനറൽ സെക്രട്ടറിയായി പാർട്ടിയെ നയിച്ചത്.
പ്രായോഗിക രാഷ്‌ട്രീയത്തിന്റെ വക്താവായിരുന്നു യെച്ചൂരി. കോൺഗ്രസ് നേതാവ് പി.ചിദംബരത്തിനൊപ്പം യു.പി.എ സർക്കാരിന്റെ പൊതു മിനിമം പരിപാടി തയ്യാറാക്കി. ഭരിക്കുന്ന പാർട്ടിക്ക് പുറമെ നിന്ന് പിന്തുണ നൽകുക എന്ന ആശയം കൊണ്ടുവന്നു. ജനതാദൾ സർക്കാർ, 96-98ലെ മൂന്നാം മുന്നണി സർക്കാർ, 2004-08 വരെയുള്ള യു.പി.എ സർക്കാർ തുടങ്ങി സി.പി.എം പുറത്തു നിന്ന് പിന്തുണ നൽകിയപ്പോഴെല്ലാം ഏകോപന ചുമതല വഹിച്ചു.
കേന്ദ്രത്തിൽ കോൺഗ്രസും ബി.ജെ.പിയും ഭരിച്ചപ്പോഴെല്ലാം പ്രതിപക്ഷ കക്ഷികൾക്കിടയിലെ പാലമായി. കേന്ദ്രത്തിൽ ബി.ജെ.പിയെ നേരിടുന്ന മതേതര പാർട്ടി കൂട്ടായ‌്‌മയ്‌ക്കായും പ്രതാപം നഷ്‌ടപ്പെട്ട ബംഗാളിൽ തിരിച്ചുവരവിനും കോൺഗ്രസുമായി കൈകോർത്തു. രണ്ടാം യു.പി.എ കാലത്തെ ടുജി സ്പെക്ട്രം അടക്കം അഴിമതി വിഷയങ്ങളിൽ കോൺഗ്രസിനെ ആക്രമിച്ചതും ഇതേ യെച്ചൂരി.
പ്രത്യയശാസ്‌ത്ര വഴികാട്ടി
പ്രായോഗിക രാഷ്‌ട്രീയത്തിനായി വാദിച്ചപ്പോഴും ഇടത് ആശയങ്ങളിൽ സി.പി.എമ്മിനെ ഉറപ്പിച്ചു നിർത്താനും ശ്രമിച്ചു. സാമൂഹിക മാറ്റവും സാമ്പത്തിക മാറ്റവും എന്ന രണ്ട് ജനാധിപത്യ തൂണുകളിലൂന്നിയാണ് പാർട്ടിയെ നയിച്ചത്. 1992ൽ യു.എസ്.എസ്.ആറിന്റെ തകർച്ചയോടെ നേരിട്ട പ്രത്യയശാസ്‌ത്ര പ്രതിസന്ധിക്ക് പരിഹാരം നിർദ്ദേശിച്ച പ്രത്യയശാസ്ത്ര രേഖയുടെ സ്രഷ്‌ടാവാണ്. 1992 ജനുവരിയിൽ മദ്രാസിൽ നടന്ന 14-ാം പാർട്ടി കോൺഗ്രസിൽ അവതരിപ്പിച്ച ഓൺ സെർട്ടൻ ഐഡിയോളജിക്കൽ ഇഷ്യൂസ്' (ചില പ്രത്യയശാസ്ത്ര പ്രശ്നങ്ങളെക്കുറിച്ച് ) എന്ന രേഖയുടെ കരട് അവതരിപ്പിച്ചു. രാഷ്‌ട്രീയ സമ്പദ്‌വ്യവസ്ഥ (പൊളിറ്റിക്കൽ ഇക്കണോമി) എന്ന തലത്തിൽ നിന്ന് ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ വീക്ഷിക്കുന്നതായിരുന്നു ഉള്ളടക്കം.
റാങ്ക് ജേതാവ്, ടെന്നിസ് കമ്പം
ആന്ധ്രാപ്രദേശിൽ കിഴക്കൻ ഗോദാവരി സ്വദേശിയാണ് യെച്ചൂരി. ആന്ധ്ര റോഡ് ട്രാൻസ്‌പോർട്ട് കോർപറേഷനിൽ എൻജിനിയറായ സർവേശ്വര സോമയാജി യെച്ചൂരിയുടെയും സർക്കാർ ഉദ്യോഗസ്ഥ കൽപ്പകത്തിന്റെയും മകനായി 1952 ആഗസ്റ്റ് 12ന് പഴയ മദ്രാസിലാണ് ജനനം. പ്രാഥമിക വിദ്യാഭ്യാസം ഹൈദരാബാദിൽ. തെലങ്കാന പ്രക്ഷോഭ നാളുകളിൽ കുടുംബം ഡൽഹിയിലേക്ക് താമസം മാറ്റിയത് ഭാവി കരുപ്പിടിപ്പിച്ചു. സി.ബി.എസ്.ഇ അഖിലേന്ത്യാ പരീക്ഷയിലും ഡൽഹി സെന്റ് സ്റ്റീഫൻസ് കോളേജിൽ ബിഎ ഓണേഴ്സിലും ജവഹർലാൽ നെഹ്റു സർവകലാശാലയിൽ എം.എ ഇക്കണോമിക്സിലും റാങ്ക്. പിഎച്ച്.ഡി പഠനം അടിയന്തരാവസ്ഥകാലത്തെ ഒളിജീവിതത്തിൽ മുടങ്ങി. വായനയും പ്രസംഗവും ടെന്നീസുമായിരുന്നു വിനോദങ്ങൾ.
നേതാവാക്കിയ കാമ്പസ്
കമ്മ്യൂണിസ്റ്റ് ആദർശങ്ങളിലേക്ക് വലിച്ചടുപ്പിച്ചതും ഉള്ളിലെ നേതാവിനെ പരുവപ്പെടുത്തിയതും ജെ.എൻ.യു കാമ്പസാണ്. കാമ്പസിൽ സീനിയറും പിന്നീട് പാർട്ടി സഹപ്രവർത്തകനുമായ പ്രകാശ് കാരാട്ടിനുമുണ്ട് അതിൽ പങ്ക്. 1974ൽ എസ്.എഫ്.ഐയിലൂടെ തുടക്കം. മൂന്നുവട്ടം ജെ.എൻ.യു യൂണിയൻ പ്രസിഡന്റ്. മലയാളിയും ബംഗാളിയും കുത്തകയാക്കിയ എസ്.എഫ്.ഐ അഖിലേന്ത്യാ അദ്ധ്യക്ഷ സ്ഥാനത്തുമെത്തി.
എസ്.എഫ്.ഐയിൽ നിന്ന് കേന്ദ്രകമ്മിറ്റിയിൽ
1984ൽ എസ്.എഫ്.ഐ അഖിലേന്ത്യാ അദ്ധ്യക്ഷനായിരിക്കെ, 32-ാം വയസിൽ സി.പി.എം കേന്ദ്ര കമ്മിറ്റിയിലെത്തി. 40-ാം വയസിൽ പൊളിറ്റ് ബ്യൂറോയിലും. പിന്നീട് പാർട്ടിയെ നയിച്ച പ്രകാശ് കാരാട്ട്,എസ്.രാമചന്ദ്രൻ പിള്ള എന്നിവരും യെച്ചൂരിക്കൊപ്പം ദേശീയ നേതൃത്വത്തിൽ എത്തിയവർ.1988ലെ തിരുവനന്തപുരം 13-ാം പാർട്ടി കോൺഗ്രസ് മുതൽ ത്രിമൂർത്തികൾ പാർട്ടിയിൽ പ്രധാനികളുമായി. അവർക്കിടയിൽ ആശയപരമായ ഭിന്നതയുണ്ടായതും ചരിത്രം. 2015ൽ വിശാഖപട്ടണം 21-ാം പാർട്ടി കോൺഗ്രസിൽ കാരാട്ടിന്റെ പിൻഗാമിയായി ജനറൽ സെക്രട്ടറി. കാരാട്ട് പക്ഷം എസ്.രാമചന്ദ്രൻ പിള്ളയെ മുന്നിൽ നിറുത്തി നടത്തിയ ശ്രമങ്ങൾ പരാജയപ്പെടുത്തി. 2018ൽ ഹൈദരാബാദിലെ 22-ാം പാർട്ടി കോൺഗ്രസിൽ രണ്ടാമൂഴം. കാരാട്ട് പക്ഷം മണിക് സർക്കാരിനെ കൊണ്ടുവരാൻ ശ്രമിച്ചെങ്കിലും നടന്നില്ല. 2022ൽ കണ്ണൂരിൽ എതിരില്ലാതെ മൂന്നാംവട്ടവും തിരഞ്ഞെടുക്കപ്പെട്ടു.
മൂർച്ചയുള്ള നർമ്മം
പ്രതിയോഗികൾക്കുള്ള ഒളിയമ്പുകൾ നിറച്ച മൂർച്ചയുള്ള പ്രസംഗം. അസാമാന്യ നർമ്മബോധം രാഷ്‌ട്രീയ എതിരാളികളെയും ചിരിപ്പിച്ചു. കമ്മ്യൂണിസ്റ്റ് ആണെങ്കിലും കടുകട്ടി നേതാവായില്ല. ഭക്ഷണമായാലും ടെന്നീസ് ആയാലും ജീവിതം ആസ്വദിച്ചു. ഇടവേളകളിൽ ചുണ്ടത്ത് സിഗരറ്റ് പുകയും. മാദ്ധ്യമ പ്രവർത്തകരോട് മനസ് തുറക്കും. വരികൾക്കിടയിൽ നിന്ന് വായിച്ചാൽ അതു വാർത്തയാക്കാം. ജാതി,മത,രാഷ്‌ട്രീയ ചിന്തകൾ വിഷയമാക്കിയ നിരവധി പുസ്‌തകങ്ങളും രചിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |