ഇംഫാൽ: സുരക്ഷാ ഉപദേഷ്ടാവിനെയും ഡി.ജി.പി.യെയും നീക്കണമെന്നാവശ്യപ്പെട്ട് മണിപ്പൂരിൽ വിദ്യാർത്ഥി പ്രക്ഷോഭം ആളിക്കത്തുന്നതിനിടെ ഗവർണർ ലക്ഷ്മൺ പ്രസാദ് ആചാര്യ സംസ്ഥാനം വിട്ടതായി റിപ്പോർട്ട്. ഇംഫാലിൽ രാജ്ഭവന് നേരെ വിദ്യാർത്ഥി പ്രക്ഷോഭം ശക്തമായതിന് പിന്നാലെയാണിത്. മണിപ്പൂരിന്റെ അധിക ചുമതലയുള്ള അസാം ഗവർണറായ ലക്ഷ്മൺ പ്രസാദ് ഗുവാഹത്തിക്ക് പോയതായി റിപ്പോർട്ട് വന്നെങ്കിലും രാജ്ഭവൻ വൃത്തങ്ങൾ നിഷേധിച്ചു. ഗവർണറുടെ സാന്നിദ്ധ്യത്തിൽ സമാധാന ചർച്ചകൾ നടക്കാനിരിക്കെയാണ് നീക്കം. സംസ്ഥാനത്തെ സാഹചര്യവും പ്രതിഷേധക്കാരുടെ ആവശ്യങ്ങളും ഗവർണർ കേന്ദ്രസർക്കാരിനെ അറിയിച്ചേക്കും.
ചൊവ്വാഴ്ച രാത്രി വിദ്യാർത്ഥി പ്രതിനിധികൾ ഗവർണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഉചിതനടപടികൾ സ്വീകരിക്കുമെന്ന് ഗവർണർ ഉറപ്പുനൽകിയെങ്കിലും പ്രക്ഷോഭം അയഞ്ഞില്ല. പ്രക്ഷോഭം ശക്തമാകുന്ന പശ്ചാത്തലത്തിൽ ഇംഫാൽ താഴ്‌വരയിൽ കൂടുതൽ സൈന്യത്തെ വിന്യസിച്ചു. ഇന്റർനെറ്റ് സേവനവും റദ്ദാക്കി. ഇംഫാൽ ഈസ്റ്റിലും വെസ്റ്റിലും ആളുകൾ വീടിനു പുറത്തിറങ്ങുന്നതു തടഞ്ഞ് കലക്ടർമാർ ഉത്തരവിട്ടു.
ചൊവ്വാഴ്‌ച രാജ്ഭവനിലേക്ക് നടന്ന വിദ്യാർത്ഥി പ്രതിഷേധം വൻ സംഘർഷത്തിലേക്ക് നീങ്ങിയിരുന്നു. പ്രതിഷേധത്തിനിടെ 55ലധികം വിദ്യാർത്ഥികൾക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കും പരിക്കേറ്രു. ആയിരക്കണക്കിനു വിദ്യാർത്ഥികളെ പൊലീസും സുരക്ഷാസേനയും തടഞ്ഞു. സമരക്കാർ കല്ലെറിഞ്ഞതോടെ കണ്ണീർവാതക ഷെല്ലുകളും മോക് ബോംബുകളും ഉപയോഗിച്ചു. പരിക്കേറ്റവർ ചികിത്സയിലാണ്. 33 പേർ അറസ്റ്റിലായി. മണിപ്പൂരിലെ ക്രമസമാധാന നില കൈകാര്യം ചെയ്യാൻ കഴിയാത്തതിന്റെ പേരിൽ ഡി.ജി.പിയെയും സുരക്ഷാ ഉപദേഷ്ടാവിയെയും നീക്കം ചെയ്യണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. മണിപ്പൂർ സർവകലാശാലയിലെ എല്ലാ ബിരുദ പരീക്ഷകളും മാറ്റിവച്ചതായി അധികൃതർ അറിയിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അവധി നീട്ടി. അതിനിടെ, സംഘർഷ പ്രദേശങ്ങളിൽ കർഫ്യൂ തുടരുകയാണ്. 2000ത്തോളം അധിക കേന്ദ്രസേനാംഗങ്ങളെ കഴിഞ്ഞ ദിവസം സംസ്ഥാനത്ത് വിന്യസിച്ചിരുന്നു. ഒരാഴ്ചയ്ക്കിടെ മണിപ്പൂരിൽ വിവിധയിടങ്ങൾ ഉണ്ടായ ആക്രമങ്ങളിൽ 15 ഓളം പേരാണ് കൊല്ലപ്പെട്ടത്.
അഞ്ച് ജില്ലകളിൽ
ബ്രോഡ്ബാൻഡ് ഇന്റർനെറ്റ്
ഇംഫാൽ വെസ്റ്റ്, ഇംഫാൽ ഈസ്റ്റ്, തൗബാൽ, ബിഷ്ണുപൂർ, കാച്ചിംഗ് എന്നീ അഞ്ച് ജില്ലകളിൽ ബ്രോഡ്ബാൻഡ് കണക്ഷനുകൾ വഴിയുള്ള ഇന്റർനെറ്റ് പുനഃസ്ഥാപിച്ചു. മൊബൈൽ ഡേറ്റ ഉപയോഗിക്കാനാവില്ല. കഴിഞ്ഞ ആഴ്ചയിലെ ഡ്രോൺ ആക്രമണങ്ങൾക്കും പ്രതിഷേധങ്ങൾക്കും പിന്നാലെയായിരുന്നു ഇന്റർനെറ്റ് നിരോധിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |