സി.ബി.ഐ കേസിലും ജാമ്യം
ദീർഘകാലം ജയിൽ സ്വാതന്ത്ര്യലംഘനം
ന്യൂഡൽഹി : ഹരിയാന നിയസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, ആംആദ്മി പാർട്ടിക്ക് ഊർജ്ജം പകർന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ജയിൽ മോചിതനായി. മദ്യനയവുമായി ബന്ധപ്പെട്ട സി.ബി.ഐ കേസിൽ സുപ്രീംകോടതി ജാമ്യം അനുവദിച്ചതോടെയാണിത്. ഇ.ഡി കേസിൽ നേരത്തേ ജാമ്യം നേടിയിരുന്നു.
സി.ബി.ഐ അറസ്റ്രിനെതിരെയും ജാമ്യത്തിനും രണ്ടു ഹർജികളാണ് സമർപ്പിച്ചിരുന്നത്. രണ്ടംഗ ബെഞ്ചിലെ ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജൽ ഭുയാൻ എന്നിവർ പ്രത്യേകം വിധികളെഴുതി. ജാമ്യം നൽകുന്നതിൽ ഇരുവരും യോജിച്ചു.
ദീർഘകാലം തടവിലിടുന്നത് മൗലികാവകാശമായ വ്യക്തിസ്വാതന്ത്ര്യത്തിന്റെ ലംഘനമാകും. ജാമ്യമാണ് നിയമം. ജയിൽ അനിവാര്യ സാഹചര്യത്തിൽ മാത്രമായിരിക്കണം. പ്രോസിക്യൂഷൻ നടപടികൾ ശിക്ഷയാവരുത്. അത് കോടതികൾ ഉറപ്പാക്കണമെന്നും ബെഞ്ച് വ്യക്തമാക്കി.
സി.ബി.ഐ അറസ്റ്റ് നടപടികൾ പാലിക്കാതെയാണെന്ന ഹർജിയിൽ ജഡ്‌ജിമാർ ഭിന്നാഭിപ്രായം രേഖപ്പെടുത്തി. അറസ്റ്റ് നിയമപരമാണെന്ന് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി. എന്നാൽ കേസെടുത്ത് 22 മാസത്തിനു ശേഷമുള്ള അറസ്റ്റ് നീതീകരിക്കാനാവില്ലെന്ന് ജസ്റ്റിസ് ഉജ്ജൽ ഭുയാൻ വ്യക്തമാക്കി. ഇ.ഡി കേസിൽ ഇടക്കാലജാമ്യം നേടി പുറത്തിറങ്ങുന്നത് തടയാനായിരുന്നു അത്. ചോദ്യം ചെയ്യലിനോട് നിസഹകരിച്ചെന്നത് കുറ്റസമ്മതമല്ലെന്നും ചൂണ്ടിക്കാട്ടി.
കൂട്ടിലടച്ച തത്തയല്ലെന്ന്
സി.ബി.ഐ തെളിയിക്കണം
സി.ബി.ഐ കൂട്ടിലടച്ച തത്തയല്ലെന്ന് പ്രവൃത്തിയിലൂടെ തെളിയിക്കണമെന്ന് ജസ്റ്റിസ് ഭുയാൻ നിരീക്ഷിച്ചു. അന്വേഷണം സുതാര്യവും നിഷ്‌പക്ഷവുമായിരിക്കണം. രാജ്യത്തെ ഉന്നത അന്വേഷണ ഏജൻസിയാണെന്ന് ഓർമ്മ വേണം. സീസറിന്റെ ഭാര്യയെപ്പോലെ സംശയത്തിന് അതീതമായിരിക്കണം. മുൻപ് കൽക്കരി കുംഭകോണക്കേസിൽ സുപ്രീംകോടതി തന്നെ സി.ബി.ഐയെ കൂട്ടിലടച്ച തത്തയെന്ന് പരാമർശിച്ചിട്ടുണ്ട്. ആ ധാരണ മാറ്റിയെടുക്കണം.
ഓഫീസിൽ
പോകാനാവില്ല
1.മുഖ്യമന്ത്രിയുടെ ഓഫീസിലോ സെക്രട്ടേറിയറ്റിലോ പോകരുതെന്ന് ജാമ്യവ്യവസ്ഥ
2.ലെഫ്റ്റനന്റ് ഗവർണറുടെ അനുമതി വേണ്ടാത്ത ഫയലുകളിൽ ഒപ്പിടരുത്
3.കേസുമായി ബന്ധപ്പെട്ട് പരാമർശങ്ങൾ നടത്തരുത്
4.സാക്ഷികളെ കാണരുത്. കേസ് ഫയലുകൾ വിളിച്ചുവരുത്തരുത്
5.10 ലക്ഷം ബോണ്ട് കെട്ടിവയ്‌ക്കണം. വിചാരണയ്‌ക്ക് ഹാജരാകണം
കസ്റ്റഡി, ജയിൽ
154 ദിവസം
മദ്യനയക്കേസിൽ ഇ.ഡി, സി.ബി.ഐ കസ്റ്റഡിയിലും തിഹാർ ജയിലിലുമായി കഴിഞ്ഞത് 154 ദിവസം
മാർച്ച് 21നായിരുന്നു ഇ.ഡി കേസിൽ കേജ്‌രിവാളിന്റെ അറസ്റ്റ്. ജൂൺ 26ന് സി.ബി.ഐ അറസ്റ്രും
ലോക്‌സഭാ തിര. പ്രചാരണത്തിനായി മേയ് 10 മുതൽ 22 ദിവസത്തേക്ക് ഇടക്കാല ജാമ്യം
ഏകാധിപത്യം അവസാനിപ്പിക്കാൻ ബി.ജെ.പിക്ക് കോടതിയുടെ സന്ദേശമാണിത്
- മനീഷ് സിസോദിയ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |