ശ്രീനഗർ: കാശ്‌മീരിലെ കിഷ്‌ത്വാറിൽ സംയുക്ത സേനയും ഭീകരരും തമ്മിൽ ശക്തമായ ഏറ്റുമുട്ടൽ. ഇവിടെ ചത്രുവിന് സമീപം നൈദ്ഗ്രാം ഗ്രാമത്തിലെ പിംഗ്നൽ ദുഗദ്ദ എന്ന വനത്തിലാണ് സൈനികർ ഭീകരരെ നേരിട്ടത്. സ്ഥലത്ത് പരിശോധന നടത്തുകയായിരുന്ന സൈന്യത്തിന്റെയും ജമ്മു കാശ്‌മീർ പൊലീസിന്റെയും സംയുക്ത സംഘത്തിന് നേരെ ഭീകരർ വെടിയുതിർത്തു. തുടർന്നാണ് ശക്തമായ ഏറ്റുമുട്ടൽ നടന്നത്. സംഭവത്തിൽ ഒരു സൈനികൻ വീരമൃത്യു വരിക്കുകയും മൂന്നുപേർക്ക് പരിക്കേൽക്കുകയും ചെയ്‌തു.
രണ്ടോ മൂന്നോ ഭീകരർ വനത്തിൽ ഒളിച്ചിരുപ്പുണ്ടെന്നാണ് വിവരം. തുടർന്ന് കൂടുതൽ സേനയെ ഇവിടെ വിന്യസിച്ചിട്ടുണ്ട്. ഉധംപൂരിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചതിന് ശേഷം ദിവസങ്ങൾക്കകമാണ് വീണ്ടും ഏറ്റുമുട്ടൽ നടന്നത്. ജനവാസമുള്ള പ്രദേശങ്ങളിലും പോളിംഗ് നടക്കുന്ന ഭാഗങ്ങളിലും കടുത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. സെപ്‌തംബർ 18നാണ് കാശ്‌മീരിൽ ഈ ജില്ലകളിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്.
ആക്രമണം നടന്ന ഡോഡയിൽ പ്രധാനമന്ത്രി നാളെ സന്ദർശിക്കാനിരിക്കെയാണ് ഇന്ന് ശക്തമായ ഏറ്റുമുട്ടൽ നടന്നത്. ഡോഡ, ഉധംപൂർ, കത്വ എന്നീ ജില്ലകളിൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി ഭീകരാക്രമണം രൂക്ഷമാണ്. 12ഓളം സൈനികരാണ് ഈ ഏറ്റുമുട്ടലുകളിൽ വീരമൃത്യു വരിച്ചത്. രണ്ട് കരസേനാ ക്യാപ്‌റ്റൻമാർ, ഏഴ് സൈനികർ എന്നിവരെ രാജ്യത്തിന് നഷ്‌ടമായി. അതേസമയം മൂന്ന് ഭീകരരെയും സൈന്യം വധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |