കൊല്ലം: തൊടിയൂർ അമ്പിരേത്ത് ദുർഗാ ദേവി ക്ഷേത്രത്തിലെ തിടപ്പള്ളിയിൽ നിന്ന് 5 ഓട്ടുരുളികളും 6 നിലവിളക്കുകളും 12,000 രൂപയും മോഷ്ടിച്ച കേസിൽ ശൂരനാട് തെക്ക് കിടങ്ങയം നടുവിൽ മാരൂർ ചിറയിൽ വീട്ടിൽ ത്രിജിത്ത് (ആരോമൽ-19) കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിൽ. കഴിഞ്ഞ ജൂലായ് 30 ന് പുലർച്ചെ ആണ് സംഭവം .
സി.സി.ടി.വി ദൃശ്യങ്ങളും മറ്റ് തെളിവുകളും ശേഖരിച്ച് പൊലീസ് സംഘം അന്വേഷണം നടത്തിയെങ്കിലും മോഷ്ടാവിനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. മോഷണം പോയ ഓട്ട് പാത്രങ്ങൾ കേന്ദീകരിച്ച് നടത്തിയ അന്വേഷണത്തിൽ ശൂരനാടുള്ള ആക്രിക്കടയിൽ ഇവ വില്പന നടത്തിയെന്ന് കണ്ടെത്തിയിരുന്നു. ആക്രിക്കട ഉടമയിൽ നിന്നു വിവരങ്ങൾ ശേഖരിച്ച അന്വേഷണ സംഘം
ത്രിജിത്തിനെ കസ്റ്റഡിയിൽ എടുത്ത ശേഷം തെളിവുകളുടെ അടിസ്ഥാനത്തിൽ നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നിർദ്ദേശപ്രകാരം കരുനാഗപ്പള്ളി എ.സി.പി അഞ്ജലി ഭാവനയുടെ നേതൃത്വത്തിൽ കരുനാഗപ്പള്ളി പൊലീസ് ഇൻസ്‌പെക്ടർ വി. ബിജു, എസ്.ഐമാരായ ഷമീർ, ഷാജിമോൻ, സന്തോഷ് കുമാർ, സി.പി.ഒമാരായ ഹാഷിം, രാജീവ് കുമാർ, ശ്രീനാഥ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |