കൊച്ചി: രാമങ്കരി മജിസ്‌ട്രേറ്റ് കോടതി ജാമ്യംനൽകിയ പ്രതിയെ കൊടുങ്ങല്ലൂർ കോടതിയുടെ വാറന്റുമായി എത്തി പിടികൂടിയ സംഭവത്തിൽ ഹൈക്കോടതിയുടെ ഇടപെടൽ. ആലപ്പുഴ രാമങ്കരി കോടതി അങ്കണത്തിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തപ്പോൾ അഭിഭാഷകനുനേരെ അതിക്രമം ഉണ്ടായെന്നാണ് പരാതി.
പ്രതി ജയ്‌മോനെതിരെ കൊടുങ്ങല്ലൂർ മജിസ്‌ട്രേറ്റ് കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറന്റിന്റെ വിശദാംശങ്ങൾ അറിയിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു. കോടതി സ്വമേധയാ പരിഗണിച്ച ഹർജിയിലാണ് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ചിന്റെ നിർദ്ദേശം.
മറ്റൊരു കേസിൽ കൊടുങ്ങല്ലൂർ കോടതി അന്നുതന്നെ വാറന്റ് പുറപ്പെടുവിച്ചതിനാലാണ് അറസ്റ്റെന്നും ഇക്കാര്യം രാമങ്കരി കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയെന്നുമായിരുന്നു സർക്കാരിന്റെ വിശദീകരണം. ഇതിൽ ഹൈക്കോടതി അഡ്വക്കേറ്റ്‌സ് അസോസിയേഷന്റെ അഭിഭാഷകൻ സംശയം പ്രകടിപ്പിച്ചു.
കൊടുങ്ങല്ലൂർ കോടതിയുടെ അറസ്റ്റ് വാറന്റിനെക്കുറിച്ച് അറിയിച്ചിട്ടും രാമങ്കരി കോടതി ജാമ്യം അനുവദിച്ച സാഹചര്യത്തിൽ പ്രതിയെ കോടതിഅങ്കണത്തിൽവച്ച് അറസ്റ്റുചെയ്ത നടപടി ശരിയല്ലെന്നും രാമങ്കരി കോടതിയെ അറിയിച്ച് പിന്നീട് അറസ്റ്റ് ചെയ്യുന്നതായിരുന്നു ഉചിതമെന്നും കോടതി വിലയിരുത്തി. കേസ് ഈ മാസം 26ന് വീണ്ടും പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |