നെടുമങ്ങാട് : മാല പൊട്ടിക്കാൻ ശ്രമിക്കവെ തടഞ്ഞ സ്‌കൂട്ടർ യാത്രികയെ റോഡിൽ ചവിട്ടിയിടുകയും, പ്രതിയെ പിന്തുടർന്ന് പിടികൂടിയ യുവാവിനെ മുളകുപൊടിയെറിഞ്ഞും പെട്രോളൊഴിച്ച് കത്തിക്കാൻ ശ്രമിക്കുകയും ചെയ്ത മധുര രാമനാഥപുരം പരമകോടി സ്വദേശിയും ഇരട്ട ബിരുദധാരിയുമായ നന്ദശീലറൻ (25) നെടുമങ്ങാട് പൊലീസിന്റെ പിടിയിൽ. കേരളത്തിൽ ശിക്ഷ കുറവായതിനാലാണ് പിടിച്ചുപറി നടത്താൻ ഇറങ്ങിത്തിരിച്ചതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. പ്രതിയുടെ സഹോദരി ഡോക്ടറും സഹോദരൻ എൻജിനീയറുമാണ്. കഴിഞ്ഞ 10ന് നെടുമങ്ങാട് കല്ലമ്പാറയിലാണ് സംഭവം. തിരുനെൽവേലിയിൽ നിന്ന് തെങ്കാശി വഴി ബൈക്കിൽ പാലോട്ടെത്തി, എ.ടി.എമ്മിൽ കയറി പണമെടുത്ത ശേഷം നെടുമങ്ങാട് ഭാഗത്തേക്ക് വരുമ്പോൾ പനയഞ്ചേരിക്ക് സമീപത്ത് വച്ച് കൊല്ലങ്കാവ് സന്തോഷ് കുമാറിന്റെ ഭാര്യ സുനിതയുടെ മാല പിടിച്ചുപറിക്കാൻ ശ്രമിക്കുകയായിരുന്നു. തടഞ്ഞ സുനിതയെ ചിവിട്ടിത്തള്ളിയ ശേഷം ബൈക്ക് ഓടിച്ചുപോയ നന്ദശീലറനെ കോട്ടയം സ്വദേശി ബെന്നറ്റ് കല്ലമ്പാറയിൽ വച്ച് പിടികൂടുകയും തുടർന്ന് ബെന്നറ്റിനെ മുളകുപൊടി വിതറി പ്രെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമിക്കുകയുമായിരുന്നു. എന്നാൽ ശ്രമം വിഫലമായതോടെ ബൈക്ക് ഉപേക്ഷിച്ച് കിള്ളിയാറ്റിൽ ചാടി പ്രതി രക്ഷപ്പെട്ടു. ബൈക്കും ഫോണും എ.ടി.എം സ്ലിപ്പും സ്ഥലത്തു നിന്ന് കണ്ടെടുത്ത പൊലീസ് സുനിതയുടെയും ബെന്നറ്റിന്റെയും മൊഴിയുടെ അടിസ്ഥാനത്തിൽ തിരുനെൽവേലി പൊലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇയാൾ സഞ്ചരിച്ച പൾസർ ബൈക്ക് ബന്ധുവിന്റേതാണെന്ന് കണ്ടെത്തി. നന്ദശീലറന് ബി.എസ് സിയിലും ബയോകെമിസ്ട്രിയിലും ബിരുദമുണ്ട്. നെടുമങ്ങാട് ഡിവൈ.എസ്.പി കെ.എസ്. അരുണിന്റെ മേൽനോട്ടത്തിൽ എസ്.എച്ച്.ഒ മിഥുൻ. ടി.കെ, എസ്.ഐ ജെ. സന്തോഷ് കുമാർ എന്നിവരാണ് കേസ് അന്വേഷിച്ചത്. സ്ഥലത്തെത്തിച്ച് തെളിവെടുത്ത പ്രതിയെ ഇന്ന് നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും. കൊല്ലങ്കാവിൽ വാടകയ്ക്ക് താമസിക്കുകയാണ് ബെന്നറ്റ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |