കോട്ടയം: കാര്‍ നിയന്ത്രണം വിട്ട് ആറ്റിലേക്ക് മറിഞ്ഞ് രണ്ട് വിനോദസഞ്ചാരികള്‍ മരിച്ചു. കോട്ടയം കുമരകത്ത് കൈപ്പുഴമുട്ടിലാണ് അപകടം സംഭവിച്ചത്. കേരളത്തില്‍ വിനോദസഞ്ചാരത്തിനെത്തിയ മഹാരാഷ്ട്ര സ്വദേശികളായ രണ്ട് പേരാണ് മരിച്ചത്. കാറില്‍ നിന്ന് 27 വയസ് പ്രായമുള്ള ഒരു യുവതിയുടെ ആധാര്‍ കാര്‍ഡ് ലഭിച്ചുവെന്ന് പൊലീസ് പറയുന്നു.
ഒരു കുഞ്ഞ് കാറിലുണ്ടായിരുന്നോ എന്നും സംശയമുണ്ട്. തിങ്കളാഴ്ച രാത്രി 8.45ഓടെയാണ് അപകടമുണ്ടായത്. കാറിന്റെ നിയന്ത്രണം തെറ്റിയതാകാം അപകടത്തിന് കാരണമെന്നാണ് സംഭവ സ്ഥലത്തെത്തിയ പൊലീസിന്റെ പ്രാഥമിക നിഗമനം.
കോട്ടയം ഭാഗത്തുനിന്നും വന്ന കാര്‍ കൈപ്പുഴമുട്ട് പാലത്തിന്റെ ഇടതുവശത്തെ സര്‍വീസ് റോഡ് വഴി വന്നപ്പോഴാണ് ആറ്റില്‍ വീണതെന്ന് നാട്ടുകാര്‍ പറഞ്ഞു. കാറിന്റെ ഉള്ളില്‍ നിന്നും ആളുകളുടെ നിലവിളി ശബ്ദം കേട്ട് ജനങ്ങള്‍ ഓടിയെത്തിയപ്പോള്‍ കാര്‍ വെള്ളത്തില്‍ മുങ്ങിത്താണിരുന്നു. ഫയര്‍ ഫോഴ്‌സ് എത്തിയാണ് കാര്‍ ആറ്റിനുള്ളില്‍ നിന്നും കണ്ടെത്തിയത്. ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കേയാണ് മരണം സംഭവിച്ചത്. അപകടത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.
എറണാകുളത്ത് നിന്ന് റെന്റിന് എടുത്ത കാറാണ് അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം.
കോഴിക്കോടും അപകടം
കോഴിക്കോട് കാക്കൂരില്‍ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് അപകടം. കാറില്‍ ഉണ്ടായിരുന്ന കുട്ടികളടക്കമുള്ള നാല് പേര്‍ക്ക് പരിക്കേറ്റു. നാദാപുരം സ്വദേശി സതീഷ്, ഭാര്യ മോനിഷ, രണ്ടു മക്കള്‍ എന്നിവര്‍ക്കാണ് പരിക്ക്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |