മുംബയ്: ഫാസ്റ്റ് ബൗളര്‍ ജസ്പ്രീത് ബുംറ മെഗാ താര ലേലത്തിന് മുമ്പ് മുംബയ് ഇന്ത്യന്‍സ് വിട്ടേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. മറ്റൊരു ടീമുമായി താരം പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയെന്നും മുംബയ്ക്ക് കൂടി സമ്മതമാകുന്ന ഒരു സമവാക്യത്തിനായി ചര്‍ച്ചകള്‍ പുരോഗമിക്കുന്നുവെന്നുമാണ് സൂചന. അഞ്ച് തവണ ഐപിഎല്‍ ചാമ്പ്യന്‍മാരായ മുംബയ് കഴിഞ്ഞ സീസണില്‍ ഹാര്‍ദിക് പാണ്ഡ്യയെ തിരികെ എത്തിക്കുകയും നായകനാക്കുകയും ചെയ്തുവെങ്കിലും ടീം അവസാന സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
രോഹിത് ശര്‍മ്മയെ നായകസ്ഥാനത്ത് നിന്ന് മാറ്റിയാണ് ഹാര്‍ദിക്കിനെ നായകനാക്കിയത്. ഇതില്‍ ആരാധകര്‍ ഉള്‍പ്പെടെ അമര്‍ഷത്തിലായിരുന്നു. നായകമാറ്റത്തെ പരോക്ഷമായി വിമര്‍ശിച്ച ആദ്യം രംഗത്ത് വന്നത് ബുംറയായിരുന്നു. മാനേജ്‌മെന്റുമായി അത്ര നല്ല ബന്ധമല്ല ബുംറയ്ക്കുള്ളത്. ഐപിഎല്ലില്‍ മുംബയ് വിട്ടാല്‍ മറ്റെല്ലാ ടീമുകളും സൈന്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന താരമാണ് ബുംറയെന്നതില്‍ സംശയമില്ല. താരവുമായി ചര്‍ച്ച നടത്തിയത് ഗുജറാത്ത് ടൈറ്റന്‍സ് ആണെന്നാണ് റിപ്പോര്‍ട്ടുകള്‍.
അഹമ്മദാബാദുകാരനായ ബുംറയ്ക്ക് സ്വന്തം നാട്ടിലെ ക്ലബിനായി കളിക്കാന്‍ താത്പര്യമുണ്ടെന്നും സൂചനകളുണ്ട്. എന്നാല്‍ ടി20 ലോകകപ്പിലെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് ആയ താരത്തെ കൈവിടാന്‍ മുംബയ് തയ്യാറാകില്ല. അതിനാല്‍ മുംബയ് മാനേജ്‌മെന്റിനെ മോഹിപ്പിക്കുന്ന ഒരു ഓഫറാണ് ഗുജറാത്ത് മുന്നോട്ട് വയ്ക്കുന്നത്. കാലങ്ങളായി മുംബയ് നോട്ടമിടുന്ന റാഷിദ് ഖാന്‍ ഗുജറാത്തിന്റെ താരമാണ്. ബുംറയ്ക്ക് പകരമായി റാഷിദിനെ നല്‍കാം എന്നതാണ് ഗുജറാത്ത് ടൈറ്റന്‍സ് മുന്നോട്ടുവയ്ക്കാനുദ്ദേശിക്കുന്നത്.
കഴിഞ്ഞ സീസണിലെ സംഭവവികാസങ്ങള്‍ വെച്ച് നോക്കുമ്പോള്‍ രോഹിത് ശര്‍മ്മയും ടീമില്‍ അദ്ദേഹത്തിന്റെ കടുത്ത അനുയായികളുമായ ജസ്പ്രീത് ബുംറ, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ്മ എന്നിവര്‍ തുടരാന്‍ സാദ്ധ്യതയില്ല. അങ്ങനെ വന്നാല്‍ ബുംറയ്ക്ക് പകരം റാഷിദ് എന്നത് മുംബയ് അംഗീകരിച്ചേക്കും. ഇന്ത്യന്‍ ക്യാപ്റ്റനായിരുന്ന രോഹിത്തിനെ മാറ്റിയാണ് ഹാര്‍ദിക്കിനെ ക്ലബ് പുതിയ ക്യാപ്റ്റനാക്കിയത്. ഭാവി ഇന്ത്യന്‍ ക്യാപ്റ്റന്‍ എന്നതായിരുന്നു മുംബയ് മാനേജ്‌മെന്റിനെ ഇതിന് പ്രേരിപ്പിച്ച ഘടകം.
എന്നാല്‍ ലോകകപ്പിന് ശേഷം രോഹിത് ഒഴിഞ്ഞപ്പോള്‍ ഹാര്‍ദിക്കല്ല സൂര്യകുമാര്‍ യാദവ് ആണ് ക്യാപ്റ്റനായത്. താരവും മുംബയ്ക്കായി കളിക്കുന്നുണ്ട്. രോഹിത്തിന് ശേഷം മുംബയ് നായകസ്ഥാനം പ്രതീക്ഷിച്ചിരുന്ന സൂര്യയും ബുംറയും ഹാര്‍ദിക്കിനെ നായകനാക്കിയതില്‍ അസംതൃപ്തി അറിയിച്ചിരുന്നു. അതിനാല്‍ തന്നെ ബുംറയ്ക്ക് പകരം റാഷിദ് എത്തുകയാണെങ്കില്‍ അതൊരു നല്ല ഡീല്‍ എന്നതിലുപരി അസംതൃപ്തരില്‍ ഒരാള്‍ സ്വയം ഒഴിയുന്നുവെന്ന സാഹചര്യവും സൃഷ്ടിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |