ചായയോടൊപ്പം കടകളിൽ നിന്നുവാങ്ങുന്ന പലഹാരങ്ങൾ കഴിച്ചുമടുത്തോ? എങ്കിൽ മുട്ട കൊണ്ടൊരു ലോലിപോപ്പ് പരീക്ഷിച്ചാലോ? അധികം സമയം ചെലവഴിക്കാതെ ചായ തയ്യാറാക്കാനെടുക്കുന്ന സമയം കൊണ്ട് ഉഗ്രൻ മുട്ട ലോലിപോപ്പും പാകം ചെയ്യാവുന്നതേയുളളൂ.
ആവശ്യമായ സാധനങ്ങൾ
മൂന്ന് പുഴുങ്ങിയ മുട്ട, സവാള ചെറുതായി അരിഞ്ഞത്, മല്ലിയില, ഉപ്പ്, മുക്കാൽ ടീസ്പൂൺ കുരുമുളക് പൊടി, കാൽടീസ്പൂൺ കറി മസാല, കാൽ ടീസ്പൂൺ മുളക് പൊടി, കാൽടീസ്പൂൺ വലിയ ജീരകം പൊടിച്ചത്, രണ്ട് ടേബിൾ സ്പൂൺ മൈദ, സൺഫ്ലവർ ഓയിൽ, ബ്രെഡ് പൊടി
തയ്യാറാക്കേണ്ട രീതി
പുഴുങ്ങി വച്ചിരിക്കുന്ന മുട്ട നന്നായി ഗ്രേറ്റ് ചെയ്യുക. അതിലേക്ക് ചെറുതായി അരിഞ്ഞ സവാള, ആവശ്യത്തിന് മല്ലിയില, കാൽ ടീസ്പൂൺ കുരുമുളക് പൊടി, കാൽടീസ്പൂൺ കറി മസാല, കാൽ ടീസ്പൂൺ മുളക് പൊടി, കാൽടീസ്പൂൺ വലിയ ജീരകം പൊടിച്ചത് തുടങ്ങിയവ ചേർക്കുക. ശേഷം നന്നായി യോജിപ്പിച്ചെടുക്കുക. ഇതിലേക്ക് രണ്ട് ടേബിൾ സ്പൂൺ മൈദയും അൽപം മുട്ടയുടെ വെളളയും ചേർത്ത് കുഴച്ചെടുക്കുക. ശേഷം ലോലിപോപ്പ് തയ്യാറാക്കാനായി ചെറിയ ഉരുളകളാക്കുക. ഈ ഉരുളകളെ വീണ്ടും മുട്ടയുടെ വെളളയിലും ബ്രെഡ് പൊടിയിലും മുക്കിയെടുത്ത് പൊരിച്ചെടുക്കുക. ലോലിപോപ്പിന്റെ രൂപം കിട്ടാനായി ഉരുളയിലേക്ക് ടൂത്ത്പികും കൂടി വയ്ക്കുക. ഇതിനെ ടൊമാറ്റോ സോസിൽ മുക്കി കഴിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |