പുത്തൂർ: കിണറ്റിൽ വീണ വൃദ്ധയെ സാഹസികമായി രക്ഷപ്പെടുത്തി പുത്തൂർ എസ്.ഐ ടി.ജെ.ജയേഷ്. വെണ്ടാർ ഹനുമാൻ സ്വാമി ക്ഷേത്രതിന് സമീപം കിഴക്കേ പുത്തൻ വീട്ടിൽ രാധമ്മ (74) കിണറ്റിൽ വീണ വിവരം വീട്ടുകാർ പുത്തൂർ പൊലീസിനെ അറിയിച്ചതിനെ തുടർന്ന് എസ്.ഐയും ടീമും സ്ഥലത്തെത്തി.
ഉടൻ തന്നെ എസ്.ഐ കിണറിലിറങ്ങി അബോധാവസ്ഥയിലായിരുന്ന രാധമ്മയെ കയറിൽ കെട്ടിനിറുത്തി, ശാസ്താംകോട്ട ഫയർഫോഴ്സിന്റെയും നാട്ടുകാരുടെയും സഹായത്തോടെ മുകളിലെത്തിക്കുകയായിരുന്നു. കിണറ്റിൽ ഓക്സിജന്റെ കുറവുള്ളതിനാൽ എസ്.ഐയുടെ ആവശ്യപ്രകാരം മുകളിൽ നിന്ന് വെള്ളം ഒഴിച്ചുകൊണ്ടിരുന്നു. 30 അടിയിലേറെ താഴ്ചയുള്ള കിണറ്റിൽ പകുതിയിലധികം വെള്ളം നിറഞ്ഞ് കിടക്കുകയായിരുന്നു. മുകളിലെത്തിയപ്പോഴേക്കും എസ്.ഐ ക്ഷീണിച്ചിരുന്നു. പ്രഥമ ശുശ്രൂഷ നൽകിയ ശേഷം വൃദ്ധയെ ഫയർഫോഴ്സ് വാഹനത്തിൽ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. അപകടനില തരണം ചെയ്തതായി പൊലീസ് അറിയിച്ചു. നാടിന്റെ ഹിറോയായി മാറിയ എസ്.ഐ ടി.ജെ.ജയേഷ് പതിനൊന്ന് വർഷം ഫയർഫോഴ്സ് ഉദ്യോഗസ്ഥനായിരുന്നു. മികച്ച സേവനത്തിന് 2019 ൽ മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ ലഭിച്ചിരുന്നു. എഴുകോൺ ഇരുമ്പനങ്ങാട് ശ്രേയസിൽ ദിവ്യയാണ് ഭാര്യ. മക്കൾ: അർജുൻ, ആരാദ്ധ്യ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |