തിരുവനന്തപുരം: കാലാവധി പൂർത്തിയായ ആയിരക്കണക്കിന് കെഎസ്ആർടിസി ബസുകളുടെ രജിസ്ട്രേഷൻ കാലാവധി രണ്ട് വർഷത്തേക്ക് നീട്ടി ഗതാഗത വകുപ്പ്. 15 വർഷം പൂർത്തിയായ ബസുകളുടെ കാലാവധിയാണ് നീട്ടിയിരിക്കുന്നത്. കെഎസ്ആർടിസിയുടെ ചെയർമാൻ സർക്കാരിനോട് അഭ്യർത്ഥിച്ചതിനെ തുടർന്നാണ് പുതിയ ഉത്തരവിറക്കിയത്.
15 വർഷം കാലാവധി പൂർത്തിയാക്കിയ 1270 വാഹനങ്ങൾക്ക് (1117 ബസുകളും 153 ബസിതര വാഹനങ്ങൾ) നിരത്തിലിറക്കാൻ കഴിയാത്തത് വൻപ്രതിസന്ധിക്കിടയാകുമെന്നും പൊതുനിരത്തിൽ നിന്നും ഇത്രയും വാഹനങ്ങൾ പിൻവലിക്കേണ്ടി വരുന്നത് കെഎസ്ആർടിസിയുടെ പ്രവർത്തനത്തെ സാരമായി ബാധിക്കുമെന്നും ചെയർമാൻ അറിയിച്ചിരുന്നു. രജിസ്‌ട്രേഷൻ റദ്ദാക്കുന്ന വാഹനങ്ങൾക്ക് പകരം പുതിയ വാഹനങ്ങൾ വാങ്ങുന്നതിനുളള ധനസഹായം ഇതുവരെ ലഭിച്ചിട്ടില്ല എന്നതും സ്വകാര്യ ബസുകൾക്കുളള കാലാവധി 22 വർഷമായി സർക്കാർ ഉയർത്തി നൽകിയിട്ടുളളതും കൂടി പരിഗണിച്ച് കെഎസ്ആർടിസി വാഹനങ്ങൾക്ക് 2026 സെപ്റ്റംബർ 30വരെ കാലാവധി ദീർഘിപ്പിച്ച് നൽകണമെന്ന് ചെയർമാൻ ആവശ്യപ്പെടുകയുണ്ടായി. ഇതോടെയാണ് ഗതാഗത വകുപ്പ് പുതിയ തീരുമാനം പ്രാബല്യത്തിൽ കൊണ്ടുവന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |