കോട്ടയം: ജില്ലയിൽ വിവിധയിടങ്ങളിൽ മോഷണം പെരുകിയിട്ടും പ്രതികളെ പിടികൂടാനാകാതെ ഇരുട്ടിൽത്തപ്പി പൊലീസ്. ആളില്ലാത്ത വീടുകളും, ആരാധനാലയങ്ങളുമാണ് മോഷ്ടാക്കൾ നോട്ടമിട്ടിരിക്കുന്നത്. ജനം ഭീതിയിലായിട്ടും ജയിലിൽ നിന്നിറങ്ങിയ സ്ഥിരം മോഷ്ടാക്കളെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുവെന്ന പതിവ് മറുപടിയാണ് പൊലീസിന്റേത്.
തമിഴ് സംഘമാണോയെന്ന സംശയവും ഉയരുന്നുണ്ട്. ജനുവരി മുതൽ സെപ്തംബർ വരെ 50 ഓളം മോഷണങ്ങളാണ് നടന്നത്. ഭൂരിഭാഗം കേസുകളിലും പ്രതികളെ പിടികൂടാനായിട്ടില്ല. മോഷണം തടയുന്നതിന് നാട്ടുകാരുടെ നേതൃത്വത്തിൽ വിവിധ സ്ഥലങ്ങളിൽ നിരീക്ഷണവും ശക്തമാണ്. ട്രെയിനുകൾ, ധനകാര്യസ്ഥാപനങ്ങൾ എന്നിവിടങ്ങളിലും മോഷണം നടത്തുന്ന സംഘം ജില്ലയിലെത്തിയിട്ടുണ്ടെന്നാണ് സൂചന. ഇന്നലെ അതിരമ്പുഴ കുറ്റിക്കാട്ട് കൊട്ടാരം ഭഗവതി ക്ഷേത്രത്തിൽ മോഷണശ്രമം നടന്നു. ഒരു വർഷത്തിനിടെ മൂന്നാംതവണയാണിത്.
വീട്ടുജോലിക്കാരെയും കരുതണം
ജില്ലയിൽ വിവിധയിടങ്ങളിൽ വീട്ടുജോലി, ഹോംനഴ്‌സ് എന്നിങ്ങനെ വ്യാജരേഖയിലെത്തുന്നവർ സ്വർണാഭരണങ്ങളുമായി മുങ്ങുന്ന സംഭവും ഏറുകയാണ്. ഒറ്റയ്ക്ക് താമസിക്കുന്നവർ, പ്രായമായവർ എന്നിവരെയാണ് ഇവർ ലക്ഷ്യം വയ്ക്കുന്നത്. പിടിയിലായവരിൽ ഏറെയും സ്ത്രീകളാണ്. ട്രെയിനുകളിൽ മൊബൈൽഫോൺ മോഷ്ടിക്കുന്നതിന് പിന്നിൽ അന്യസംസ്ഥാന സ്വദേശികളാണ്. പാത്താമുട്ടം ശാരദാ ദേവീക്ഷേത്രത്തിൽ കാണിക്കവഞ്ചി തകർത്ത പ്രതിയെ പിടികൂടിയില്ല. ഗാന്ധിനഗർ ചെമ്മനംപടി ആലപ്പാട്ട് ചന്ദ്രന്റെ വീട്ടിൽ നിന്ന് 20 പവൻ മോഷണം പോയിട്ട് ഒരു മാസമായി. മുട്ടമ്പലത്തെ വീട്ടിൽ നിന്ന് അഞ്ച് പവനും 11500 രൂപയും നഷ്ടപ്പെട്ടു. ജില്ലാ ജനറൽ ആശുപത്രിയ്ക്ക് സമീപത്തെ കടകൾ കുത്തിത്തുറന്ന് 20000 രൂപ കവർന്നു.
ഈ വർഷത്തെ മോഷണക്കേസുകൾ
ജനുവരി : 8
ഫെബ്രുവരി : 6
മാർച്ച് : 4
ഏപ്രിൽ : 4
മേയ് : 4
ജൂൺ : 6
ജൂലായ് : 4
ആഗസ്റ്റ് : 6
സെപ്തംബർ : 8
സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട
വീട് പൂട്ടി പുറത്ത് പോയാൽ വിവരം അയൽക്കാരെ അറിയിക്കണം
കൂടുതൽ ദിവസം നീണ്ടാൽ പൊലീസിനെ അറിയിക്കണം
പകൽ വീട്ടിലെ ലൈറ്റ് കത്തിക്കിടക്കാതിരിക്കാൻ ശ്രദ്ധിക്കണം
കതകുകളും, ജനൽപ്പാളികളും കുറ്റിയിട്ടിട്ടുണ്ടെന്ന് ഉറപ്പാക്കണം
കമ്പിപ്പാര, പിക്കാസ് മുതലായവ വീടിന് പുറത്ത് സൂക്ഷിക്കരുത്
''മോഷണങ്ങൾ പതിവായതോടെ വീട് പൂട്ടി എങ്ങോട്ടും പോകാൻ കഴിയാത്ത സ്ഥിതിയാണ്. രാത്രിയിൽ ഭീതയോടെയാണ് വീട്ടിനുള്ളിൽ കഴിയുന്നത്.
ലീലാമ്മ, അതിരമ്പുഴ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |