ന്യൂഡൽഹി : ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ രണ്ടാംഘട്ട പ്രചാരണ യാത്രയ്‌ക്ക് ഇന്ന് തുടക്കം. ഒക്ടോബർ മൂന്നുവരെയാണ് പരിപാടികൾ തീരുമാനിച്ചിരിക്കുന്നത്. കോൺഗ്രസ് വിജയപ്രതീക്ഷ പുലർത്തുന്ന പരമാവധി മണ്ഡലങ്ങളിൽ രാഹുലെത്തും. സഹോദരിയും കോൺഗ്രസ് നേതാവുമായ പ്രിയങ്ക ഗാന്ധി, ഹരിയാന മുൻമുഖ്യമന്ത്രിയും നിലവിൽ പ്രതിപക്ഷ നേതാവുമായ ഭൂപിന്ദർ സിംഗ് ഹൂഡ എന്നിവർ യാത്രയിൽ അണിചേരും. ഒക്ടോബർ അഞ്ചിനാണ് ഹരിയാനയിലെ 90 സീറ്റുകളിലേക്ക് വോട്ടെടുപ്പ്. എട്ടാം തീയതി വോട്ടെണ്ണും.
രാഹുൽ നുണയന്ത്രമെന്ന് ഷാ
കർണാടകയിലും ഹിമാചൽ പ്രദേശിലും അധികാരത്തിലെത്തിയിട്ടും രാഹുൽ ഗാന്ധി ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിച്ചില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആരോപിച്ചു. ഹരിയാന ഗുരുഗ്രാമിൽ സംഘടിപ്പിച്ച പ്രചാരണറാലിയിലാണ് രാഹുലിനെതിരെ വിമർശനമുന്നയിച്ചത്. വഖഫ് ബോർഡ് നിയമഭേദഗതി പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ കൊണ്ടുവരും. രാഹുൽ നുണയന്ത്രമാണ്. അഗ്നിവീർ പദ്ധതിയെ കുറിച്ച് വ്യാജ പ്രചാരണം നടത്തുന്നു. പെൻഷൻ ലഭ്യമാകുന്ന ജോലികൾ അഗ്നിവീറുകൾക്ക് ഉറപ്പാക്കുമെന്നും അമിത് ഷാ പറഞ്ഞു.
എട്ട് വിമതരെ പുറത്താക്കി ബി.ജെ.പി
ന്യൂഡൽഹി : ഹരിയാനയിൽ പാർട്ടിയോട് പിണങ്ങി സ്വതന്ത്ര സ്ഥാനാർത്ഥികളായി മത്സരിക്കുന്ന എട്ടു വിമത നേതാക്കളെ ആറു വർഷത്തേക്ക് ബി.ജെ.പി പുറത്താക്കി. മുൻമന്ത്രി രഞ്ജിത് ചൗട്ടാല, മുൻ എം.എൽ.എ ദേവേന്ദ്ര കദ്‌യാൻ എന്നിവരുൾപ്പെടെയാണിത്. മുഖ്യമന്ത്രി നയാബ് സിംഗ് സൈനിക്കെതിരെ മത്സരിക്കുന്ന വിമതൻ സന്ദീപ് ഗാർഗിനെയും പുറത്താക്കി. വലിയ വിമതപ്രശ്‌നം കോൺഗ്രസും നേരിടുന്നുണ്ട്. നേരത്തെ 21 വിമതരെ ആറുവർഷത്തേക്ക് കോൺഗ്രസ് പുറത്താക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |