ന്യൂഡൽഹി: ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിനായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് ‘ഹരിയാന വിജയ് സങ്കൽപ് യാത്ര’ എന്ന പേരിൽ റോഡ് ഷോ തുടങ്ങി. രാഹുലിന്റെയും പ്രിയങ്കയുടെയും റോഡ്‌ഷോ കാണാൻ വൻ ജനക്കൂട്ടമെത്തി.
കേന്ദ്രത്തിൽ ബി.ജെ.പി സർക്കാരിനെ നയിക്കുന്നത് അദാനിയാണെന്ന് രാഹുൽ പറഞ്ഞു. ഹരിയാനയിലെ ജനങ്ങൾക്ക് വേണ്ടത് അദാനി സർക്കാരല്ല, അവരുടെ ആവശ്യങ്ങൾ നോക്കുന്ന സ്വന്തം സർക്കാരാണ്. മോദി സുഹൃത്തുക്കൾക്ക് നൽകിയ അത്രയും പണം താൻ ഇന്ത്യയിലെ പാവപ്പെട്ടവർക്കും അടിച്ചമർത്തപ്പെട്ടവർക്കും നൽകും. അഗ്‌നിവീർ വഴി സൈനികരുടെ പെൻഷൻ തട്ടിയെടുക്കുകയാണ്.
ഹരിയാനയിലെ ജനങ്ങൾക്ക് പത്ത് വർഷം അപമാനം മാത്രമാണ് ലഭിച്ചതെന്ന് പ്രിയങ്കാ ഗാന്ധി ചൂണ്ടിക്കാട്ടി. കർഷകരുടെ മേൽ ലാത്തികൾ വർഷിച്ചു, കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിച്ചു. യുവാക്കളെ തൊഴിലില്ലായ്മയിലേക്ക് തള്ളിവിട്ടു. സംസ്ഥാനത്ത് റിക്രൂട്ട്‌മെന്റുകളൊന്നും നടക്കുന്നില്ല.
ആദ്യ ദിവസത്തെ യാത്ര രാവിലെ അംബാലയിലെ നാരൈൻഗഡിൽ തുടങ്ങി വൈകുന്നേരം കുരുക്ഷേത്രയിലെ താനേസറിൽ സമാപിച്ചു. സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിംഗ് ഹൂഡ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |