കൊച്ചി: പ്രണയത്തിന് പ്രായത്തിന്റെ അതിർവരമ്പുകളില്ലെന്ന് അടിവരയിട്ട് ഉറപ്പിക്കുന്നതായിരുന്നു പ്രണയലേഖനമെഴുത്ത് മത്സരവേദി. മഹാകവി ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ 114-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച മത്സരത്തിൽ പങ്കെടുത്ത 67 പേരിൽ ബഹുഭൂരിപക്ഷവും തലനരച്ചവർ. പത്താം ക്ളാസ് വിദ്യാർത്ഥി മുതൽ 70 വയസുള്ളവർ വരെ പ്രേമലേഖനങ്ങളെഴുതി.
വിദ്യാർത്ഥികളും 30ൽ താഴെയുള്ളവരും ആറ് പേർ മാത്രം. മത്സര പരീക്ഷയുടെ ആശങ്കകളൊന്നുമില്ലാതെ പ്രണയാതുരമായ പുഞ്ചിരിയോടെയായിരുന്നു മത്സരാർത്ഥികളുടെ പ്രകടനം.
തിരുവനന്തപുരത്ത് നിന്ന് രണ്ടുപേരെത്തി. എറണാകുളം, തൃശൂർ, ആലപ്പുഴ,ഇടുക്കി ജില്ലകളിൽ നിന്നും പ്രണയാതുരമായ മനസുള്ള കുറച്ചുപേർ വന്നു. മാമംഗലത്തുള്ള ദമ്പതികളും മത്സരാർത്ഥികളായി. ചിറ്റൂർ എസ്.ബി.ഒ.എ. സ്കൂളിലെ രണ്ട് വിദ്യാർത്ഥികളായിരുന്നു ജൂനിയർമാർ. 70കാരൻ കാർട്ടൂണിസ്റ്റ് ബാലു പ്രണയം വിങ്ങുന്ന മനസുള്ളവരിലെ കാരണവരായിരുന്നു. പ്രണയിച്ച് വിവാഹിതനായ ആളാണ് ഇദ്ദേഹം.
വിവിധ ജില്ലകളിലുള്ള 104 പേർ രജിസ്റ്റർ ചെയ്തെങ്കിലും ഇന്നലെ രാവിലെ ചങ്ങമ്പുഴ ഗ്രന്ഥശാലയിൽ നടന്ന ലേഖനമെഴുത്ത് മത്സരത്തിൽ 67 പേർ മാത്രമാണ് എത്തിയത്. ഇതിൽ 22 പേർ വനിതകളാണ്. ഒരു മണിക്കൂറായിരുന്നു ഒരുപേജ് പ്രണയലേഖനമെഴുതാനുള്ള സമയം.
'പ്രേമ’മാണ് വിഷയം
തലമുറകൾക്ക് പ്രണയവികാരം പകർന്നേകിയ ചങ്ങമ്പുഴയുടെ ഇക്കൊല്ലത്തെ ജന്മദിനാഘോഷങ്ങളുടെ വിഷയം പ്രേമമാണ്. അതുകൊണ്ടാണ് പ്രണയലേഖനമെഴുത്തിലും പ്രണയവീഡിയോയിലും മത്സരം സംഘടിപ്പിച്ചത്. 16 പേർ വീഡിയോകൾ സമർപ്പിച്ചിട്ടുണ്ട്.
വിജയിച്ചവരുടേത് വായിക്കും
വിജയികളായ മൂന്നുപേരുടെ പ്രണയലേഖനങ്ങൾ ചങ്ങമ്പുഴ ജന്മദിനാഘോഷ വേദിയിൽ വായിക്കും. ചങ്ങമ്പുഴ പാർക്കിൽ 8, 9, 10 തീയതികളിലാണ് ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാല സംഘടിപ്പിക്കുന്ന ജന്മദിനാഘോഷം. പത്താം തീയതിയിലെ ചടങ്ങിലാണ് വിജയികളുടെ പ്രേമ ലേഖന വായനയും വിജയികൾക്ക് സർട്ടിഫിക്കറ്റും സമ്മാനങ്ങളും വിതരണവും നടക്കുക.
പ്രതീക്ഷിച്ചതിലേറെപ്പേർ മത്സരത്തിൽ പങ്കെടുത്തു. അടുത്തവർഷവും പ്രണയലേഖനമെഴുത്ത് മത്സരം നടത്തും.
വി.ഡി.ഷജിൽ
സെക്രട്ടറി, ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാല
ടെക്നോളജിയിൽ മുങ്ങി യുവാക്കളിൽ പ്രണയം നഷ്ടമാകുന്ന കാലത്ത് ഇത്തരമൊരു മത്സരം നടത്തിയത് നല്ല കാര്യമാണ്. പ്രണയം നിറഞ്ഞ മനസുള്ളതിനാൽ സന്തോഷപൂർവ്വം പങ്കെടുത്തു. പ്രണയലേഖനങ്ങൾ ഒരുപാട് എഴുതി, പ്രണയിച്ച് വിവാഹം കഴിച്ചയാളാണ്.
ദീപ എൻ.എസ്.
റിട്ട.ഹയർ സെക്കൻഡറി പ്രിൻസിപ്പൽ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |