തിരുവനന്തപുരം: ഓരോ മുറിയുടേയും വലിപ്പത്തിൽ കോൺക്രീറ്റ് പെട്ടികൾ. അത് അടുക്കിച്ചേർത്താൽ വീടായി ! പിന്നീട് പൊളിച്ചെടുത്ത് മറ്റൊരിടത്ത് കൊണ്ടുപോയി വീട് 'റീസെറ്റ്' ചെയ്യാനുമാകും.
എൻജിനിയർ എ.സുരേഷ്‌കുമാറിന്റെആശയമാണ് വിജയം കണ്ടത്. തറയും മേൽക്കൂരയും രണ്ടു ചുമരുകളും ഉള്ള പ്രീകാസ്റ്റ് ബോക്സുകൾ നിർമ്മിച്ച് അവ ക്രെയിനിന്റെ സഹായത്തോടെ ഉറപ്പിച്ചാണ് വീട് നിർമ്മിക്കുന്നത്. വീടിന്റെ പ്ലാൻ അനുസരിച്ച് വാതിൽ, ജനാല തുടങ്ങിയവയ്ക്കുള്ള സ്ഥലം ഒഴിവാക്കിയാണ് ബോക്സ് നിർമ്മാണം.
വാനം തോണ്ടിയുള്ള അടിസ്ഥാന നിർമ്മാണം വേണ്ട. പകരം റോളർ കൊണ്ട് മണ്ണ് ഉറപ്പിക്കും. ശേഷം നാലു ചുറ്റും ബെയ്സമെന്റ് കെട്ടും. അതിൽ മണ്ണ്നിറച്ച് നിരപ്പാക്കും. ഇങ്ങനെ വീടുകൾ മാത്രമല്ല, ആശുപത്രികൾ വരെ നിർമ്മിക്കാം.
ഒരു ബോക്സിന് അഞ്ച് ടൺ ഭാരമുണ്ട്. വയറിംഗ് ഉൾപ്പെടെ ഒരുക്കാം. ബോക്സുകൾ സീൽ ചെയ്ത് ജോയിന്റെ ഫ്രീയാക്കാം.
കൊവിഡ് കാലത്താണ് കോവളം സ്വദേശിയായ സുരേഷ് ഈ രീതി പ്ലാൻ ചെയ്യുന്നത്. ഇതിനായി പ്രെട്രോ പ്രൈവറ്റ് കമ്പനി രൂപീകരിച്ചു. ഒരു വീട് കമലേശ്വരത്ത് നിർമ്മിച്ചതോടെ പേറ്റന്റിന് അപേക്ഷിച്ചു.
കേരള സ്റ്റാർട്ടപ്പ് മിഷൻ മുൻ എം.ഡി പ്രൊഫ.കെ.സി.ചന്ദ്രശേഖരൻ നായർ, മരാമത്ത് ചീഫ് ആർക്കിടെക്ട് രാജീവ് പി.എസ്, ഹൗസിംഗ് ബോർഡ് റിട്ട. ചീഫ് എൻജിനീയർ ഡി.അജയൻ, രഞ്ജിത്ത്.ആർ, രവികുമാർ എന്നിവരുടെ സാങ്കേതിക സഹായവും ഉപദേശവും വിജയത്തിലേക്ക് എത്തിച്ചു.
ബോക്സുകൾ തയ്യാറായാൽ ഒരു മാസത്തിൽ 1000ചതുരശ്ര അടി വീട് നിർമ്മിക്കാം
25% ചെലവ് കുറവാണ്. വീടിന്റെ എണ്ണം കൂടുമ്പോൾ ചെലവ് കുറയും
ഏത് കാലാവസ്ഥയിലും ഏത് സ്ഥലത്തും വീട് നിർമ്മിക്കാം
ക്രെയിനും മറ്റും കൊണ്ടു പോകാൻ റോഡ് വേണം
വീട് ബ്ലോക്കുകളായി ഇളക്കിമാറ്റാം
''പ്രളയ, ഉരുൾപൊട്ടൽ മേഖലകളിൽ ഈ മാതൃകയിലുള്ള വീടുകൾ കൂടുതൽ പ്രായോഗികമാണ്.''- എ.സുരേഷ്‌കുമാർ,
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |