കോഴിക്കോട്: വ്യാജ ഡോക്ടറുടെ ചികിത്സയിലായിരുന്ന വൃദ്ധൻ മരിച്ച സംഭവത്തിൽ കടലുണ്ടി കോട്ടക്കടവ് ടി.എം.എച്ച് ആശുപത്രി അധികൃതരെ പ്രതി ചേർത്തു. ആശുപത്രി മാനേജർ മനോജിനെയാണ് പ്രതി ചേർത്തത്. ഇത് സംബന്ധിച്ച റിപ്പോർട്ട് നാളെ കോടതിയിൽ സമർപ്പിക്കും. സംഭവത്തിൽ ആശുപത്രിയി ആർ.എം.ഒ ആയിരുന്ന എം.ബി.ബി.എസ് പാസാകാത്ത പത്തനംതിട്ട തിരുവല്ല സ്വദേശി അബു അബ്രഹാം ലൂക്കിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
പച്ചാട്ട് വിനോദ് കുമാറാണ് (60) ഇയാളുടെ ചികിത്സയിൽ മരിച്ചത്. അബു അബ്രഹാമിന്റെ വിദ്യാഭ്യാസ യോഗ്യതയുൾപ്പെടെ പരിശോധിക്കുന്നതിൽ ആശുപത്രി അധികൃതർക്ക് വീഴ്ചയുണ്ടായെന്ന് ഫറോക്ക് എസ്.എച്ച്.ഒ ശ്രീജിത്ത് പറഞ്ഞു. രജിസ്റ്റർ നമ്പറിലെ പേരിൽ വ്യത്യാസമുണ്ടായിരുന്നെങ്കിലും ആശുപത്രി അധികൃതർ കൃത്യമായി പരിശോധിച്ചില്ല.
ഇയാളുമായി ബന്ധപ്പെട്ട രേഖകൾ ആശുപത്രിയിൽ നിന്ന് പൊലീസ് കണ്ടെത്തി. എന്നാൽ അബു അബ്രഹാം ലൂക്ക് കബളിപ്പെച്ചെന്നാണ് ആശുപത്രി അധികൃതർ പറഞ്ഞത്. ഇതിൽ എത്രത്തോളം വാസ്തവമുണ്ടെന്ന് പരിശോധിക്കുമെന്നും ശ്രീജിത്ത് പറഞ്ഞു.
നെഞ്ചുവേദനയ്ക്ക് ചികിത്സ തേടിയ പച്ചാട്ട് വിനോദ് കുമാർ കഴിഞ്ഞ 23നാണ് മരിച്ചത്. സംഭവത്തിൽ സംശയം തോന്നി മകനും പി.ജി ഡോക്ടറുമായ അശ്വിൻ പി. വിനോദും ഭാര്യ ഡോ. മാളവികയും നടത്തിയ അന്വേഷണത്തിലാണ് അബു അബ്രഹാം ലൂക്ക് എം.ബി.ബി.എസ് പാസായില്ലെന്ന് കണ്ടെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |