SignIn
Kerala Kaumudi Online
Saturday, 05 October 2024 12.44 AM IST

ക്ലിനിക്കൽ സ്ഥാപനങ്ങൾക്ക് പുതിയ രജിസ്‌ട്രേഷൻ, നിയന്ത്രണ നിയമം

Increase Font Size Decrease Font Size Print Page
clinical

സംസ്ഥാനത്ത് വിവിധ ചികിത്സാ സമ്പ്രദായങ്ങളിൽ സേവനം നല്കുന്ന ക്ലിനിക്കൽ സ്ഥാപനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുവാൻ 2018-ൽ നിലവിൽ വന്ന കേരള ക്ലിനിക്കൽ സ്ഥാപനങ്ങളുടെ രജിസടേഷൻ, നിയന്ത്രണ നിയമം ഭേദഗതി ചെയ്ത് നിയമമായിക്കഴിഞ്ഞു. ഇതനുസരിച്ച്,​ സംസ്ഥാനത്ത് നിലവിൽ രജിസ്‌ട്രേഷൻ ഇല്ലാതെ പ്രവർത്തിക്കുന്ന ആരോഗ്യ സ്ഥാപനങ്ങൾക്ക് 50,000 മുതൽ അഞ്ചു ലക്ഷം രൂപ വരെ പിഴ ഈടാക്കും. രജിസ്‌ട്രേഷൻ ഇല്ലാത്ത സ്ഥാപനങ്ങൾക്ക് താത്കാലിക റജിസ്‌ട്രേഷൻ എടുക്കാൻ നോട്ടീസ് അയച്ചു തുടങ്ങിയിട്ടുമുണ്ട്. ഒരു ഡോക്ടർ മാത്രമുള്ള ക്ലിനിക്കുകളെ രജിസ്‌ട്രേഷനിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അത്തരം ക്ലിനിക്കുകൾക്ക് പുതിയ രജിസ്‌ട്രേഷൻ നിയമം ബാധകമല്ല.


2018-ലെ നിയമം അനുസരിച്ച് ആരോഗ്യ സ്ഥാപനങ്ങൾക്ക് താത്കാലിക ലൈസൻസ് കാലാവധി രണ്ടു വർഷത്തേക്കാണ് നൽകിയിരുന്നത്. 2021-ൽ ഇത് നാലു വർഷമായും,​ 2022-ൽ നാലര വർഷവുമായി ഉയർത്തി. ഈ രണ്ട് ഭേദഗതികളോടെയാണ് പുതിയ ബിൽ നിലവിൽ വരുന്നത്. സെക്ഷൻ 51 പ്രകാരം നിയമത്തിൽ വൈഷമ്യങ്ങളും പോരായ്മകളും പരിഹരിക്കാൻ രണ്ടു വർഷം കാലാവധി നൽകിയിരുന്നെങ്കിൽ,​ പുതിയ ഭേദഗതി അനുസരിച്ച് അത് നാലു വർഷമായി ഉയർത്തുകയും ചെയ്തിട്ടുണ്ട്.


2021-ലെ ക്ലിനിക്കൽ സ്ഥാപനങ്ങൾ (രജിസ്‌ട്രേഷനും നിയന്ത്രണവും ) ഭേദഗതി ഓർഡിനൻസ് ഇതോടെ റദ്ദായി,​ 2021-ലെ കേരള ക്ലിനിക്കൽ സ്ഥാപനങ്ങൾ (രജിസ്‌ട്രേഷനും നിയന്ത്രണവും ) ഭേദഗതി ആക്ട് എന്നായി മാറും. ക്ളിനിക്കൽ സ്ഥാപനങ്ങൾ എന്നതുകൊണ്ട് അർത്ഥമാക്കുന്നത് സർക്കാർ, സർക്കാർ വകുപ്പ്, പൊതു- സ്വകാര്യ ട്രസ്റ്റ്, വ്യക്തിഗത പങ്കാളിത്ത സ്ഥാപനങ്ങൾ, കേരള സഹകരണ സംഘം ആക്ടിനു കീഴിൽ രജിസ്റ്റർ ചെയ്ത സഹകരണ സംഘം, തിരുവിതാംകൂർ- കൊച്ചി സാഹിത്യ,​ ശാസ്ത്ര,​ ധാർമ്മിക സംഘങ്ങൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള ആക്ടിൻ കീഴിലോ, സൊസൈറ്റീസ് രജിസ്‌ട്രേഷൻ ആക്ടിനു കീഴിലോ രജിസ്റ്റർ ചെയ്ത ചാരിറ്റബിൾ സൊസൈറ്റി, തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾ എന്നിവയാണ്. കൺസൾട്ടേഷൻ സ്ഥാപനങ്ങളും സായുധസേനകളുടെ നിയന്ത്രണത്തിലുള്ള ക്ലിനിക്കൽ സ്ഥാപനങ്ങളും ഇതിൽ ഉൾപ്പെടുകയില്ല.

രജിസ്‌ട്രേഷൻ

അതോറിട്ടി

ജില്ലാ കളക്ടർ എക്സ് ഒഫിഷ്യോ ചെയർപേഴ്സണും ജില്ലാ ആരോഗ്യ മെഡിക്കൽ ഓഫീസർ വൈസ് ചെയർപേഴ്സണുമായതാണ് എല്ലാ ജില്ലകളിലും രജിസ്‌ട്രേഷനുള്ള അതോറിട്ടി. ക്ലിനിക്കൽ സ്ഥാപനങ്ങളുടെ സംസ്ഥാന രജിസ്റ്റർ തയ്യാറാക്കാനുള്ള ചുമതല കൗൺസിൽ സെക്രട്ടറിക്കാണ്. വിവിധ വിഭാഗങ്ങളിലുള്ള ക്ലിനിക്കൽ സ്ഥാപനങ്ങൾക്ക് അവയുടെ നിലവാരത്തിന്റെ അടിസ്ഥാനത്തിൽ രജിസ്‌ട്രേഷൻ നൽകും.

ആക്ട് 15 അനുസരിച്ച്,​ ക്ലിനിക്കൽ സ്ഥാപനങ്ങൾക്ക് അതത് വിഭാഗത്തിന് അനുസൃതമായ നിലവാരം ഉണ്ടായിരിക്കണം. മെഡിക്കൽ- പാരാമെഡിക്കൽ ജീവനക്കാർക്ക് കൗൺസിൽ പരസ്യപ്പെടുത്തിയിട്ടുള്ള ഏറ്റവും കുറഞ്ഞ യോഗ്യത ഉണ്ടായിരിക്കുക,​ കൗൺസിൽ ഉത്തരവുകൾ നിർബന്ധമായി പാലിക്കുമെന്ന് ഉറപ്പ് നൽകുക,​ സുരക്ഷയുടെയും അണുബാധാ നിയന്ത്രണത്തിന്റെയും നിലവാരം പുലർത്തുന്ന ചികിത്സാ മാർഗങ്ങൾ അവലംബിക്കുക തുടങ്ങിയ ഉപാധികളുണ്ടാകും. സെക്ഷൻ 16 (1) വ്യവസ്ഥകൾ പ്രകാരം കേരളത്തിലെ എല്ലാ ക്ലിനിക്കൽ സ്ഥാപനങ്ങളും ബന്ധപ്പെട്ട അതോറിട്ടിയിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. താത്കാലിക രജിസ്‌ട്രേഷനിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ നിശ്ചിത കാലാവധിക്കകം സ്ഥിരം രജിസ്‌ട്രേഷൻ ആർജ്ജിച്ചിരിക്കണം. വ്യത്യസ്ത ചികിത്സാ സേവനങ്ങൾക്ക് വെവ്വേറെ രജിസ്‌ട്രേഷൻ നേടിയിരിക്കണം. അതേസമയം,​ ഒരു സ്ഥാപനത്തിന്റെ ഭാഗമായി വരുന്ന ലാബിനോ, രോഗ നിർണയ കേന്ദ്രത്തിനോ പ്രത്യേകം രജിസ്‌ട്രേഷൻ ആവശ്യമില്ല.

രജിസ്‌ട്രേഷൻ

എങ്ങനെ?​


സർട്ടിഫിക്കറ്റ് നൽകുന്ന തീയതി മുതൽ രണ്ടു വർഷക്കാലമാണ് താത്കാലിക രജിസ്‌ട്രേഷൻ സാധുത. രജിസ്‌ട്രേഷൻ ഫോറത്തിൽ ഫീസ് സഹിതം താത്കാലിക രജിസ്‌ട്രേഷന് അപേക്ഷിക്കാം. അപേക്ഷ ലഭിച്ച് 45 ദിവസങ്ങൾക്കകം അതോറിറ്റി അപേക്ഷകന് സർട്ടിഫിക്കറ്റ് നൽകും. സെക്ഷൻ 19 അനുസരിച്ച്,​ സ്ഥിരം രജിസ്‌ട്രേഷന് വിഭാഗത്തിനനുസരിച്ചുള്ള നിലവാരം പാലിച്ചിട്ടുണ്ടെന്നു കാണിക്കുന്ന തെളിവ് സഹിതമാണ് ഫീസ് സഹിതം അപേക്ഷ സമർപ്പിക്കേണ്ടത്. താത്കാലിക രജിസ്‌ട്രേഷൻ കാലാവധി തീരുന്ന തീയതിക്ക് 60 ദിവസം മുമ്പായി സ്ഥിരം രജിസ്‌ട്രേഷന് അപേക്ഷിക്കണം. രജിസ്‌ട്രേഷൻ നൽകുന്നതിനു മുമ്പ് അതോറിട്ടി നിലവാരം പരിശോധിക്കും. സ്ഥിരം രജിസ്‌ട്രേഷനുള്ള അപേക്ഷ നിരസിച്ചാൽ 30 ദിവസത്തിനകം അപേക്ഷകനെ കാരണം അറിയിക്കും. സ്ഥാപനം നിലവാരം ആർജ്ജിക്കാത്ത സംഭവത്തിൽ താത്കാലിക,​ സ്ഥിരം രജിസ്‌ട്രേഷനുകൾ അതോറിട്ടി റദ്ദാക്കും. ഒരു കാരണവശാലും രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് കൈമാറ്റം ചെയ്യാൻ പാടില്ല. സ്ഥാപനം നിന്നു പോയാൽ 30 ദിവസത്തിനകം സ്ഥാപനത്തിന്റെ രജിസ്‌ട്രേഷൻ അതോറിട്ടിയെ തിരികെ ഏല്പിക്കണം.

സ്ഥാപനങ്ങളുടെ

പരിശോധന

സെക്ഷൻ 37 പ്രകാരം ക്ലിനിക്കൽ സ്ഥാപനങ്ങളിലെ പരിശോധന കൗൺസിലിനോ അതോറിട്ടിക്കോ അപ്പലേറ്റ് അതോറിറ്റിക്കോ അവർ അധികാരപ്പെടുത്തിയ ഏതെങ്കിലും ഉദ്യോഗസ്ഥർക്കോ നിർവഹിക്കാം. ക്ലിനിക്കൽ സ്ഥാപനം, കെട്ടിടം, ലബോറട്ടറികൾ എന്നിവയ്ക്ക് നോട്ടീസ് നൽകിയായിരിക്കും പരിശോധന. പരിശോധനാ റിപ്പോർട്ട് 48 മണിക്കൂറുകൾക്കകം സമർപ്പിക്കപ്പെടും. രജിസ്‌ട്രേഷൻ ഇല്ലാതെ ഒരു ക്ലിനിക്കൽ സ്ഥാപനം ആരെങ്കിലും നടത്തിവരുന്നതായി സംശയമുണ്ടായാൽ അവിടെ ഏതു സമയത്തും അധികൃതർക്ക് പ്രവേശിക്കാവുന്നതും പരിശോധിക്കാവുന്നതുമാണ്. അന്വേഷണത്തിനു വേണ്ടുന്ന സൗകര്യം ക്ലിനിക്കൽ സ്ഥാപനം നൽകേണ്ടതാണ്.


രജിസ്‌ട്രേഷൻ

റദ്ദാക്കൽ

സെക്ഷൻ 25 അനുസരിച്ചാണ് രജിസ്‌ട്രേഷൻ റദ്ദാക്കൽ നടപടി സ്വീകരിക്കുക. പരിചരണം തേടുന്ന ആളുകളുടെ ആരോഗ്യത്തിന് ദോഷകരമായ ഒരു കാര്യം സ്ഥാപനം ബോധപൂർവമായോ അശ്രദ്ധ മൂലമോ ചെയ്താൽ കാരണം കാണിക്കൽ നോട്ടീസ് നൽകും. ചട്ടങ്ങളിലോ വ്യവസ്ഥകളിലോ ലംഘനം സംഭവിച്ചിട്ടുണ്ടെന്ന് അതോറിട്ടിക്കോ കൗൺസിലിനോ ബോദ്ധ്യപ്പെട്ടാൽ രജിസ്‌ട്രേഷൻ റദ്ദാക്കും.

സെക്ഷൻ 34 പ്രകാരം അപ്പീലുകളും,​ 35 പ്രകാരം റിവിഷനുകളും,​ 36 പ്രകാരം പരാതി പരിഹാരവും നിർദ്ദേശിച്ചിരിക്കുന്നു.
അതോറിട്ടിയുടെ തീരുമാനത്തിനെതിരെ അപ്പീലുകൾ സ്വീകരിക്കുന്നതിനും തീരുമാനമെടുക്കുന്നതിനുമായി ആരോഗ്യവും കുടുംബക്ഷേമവും വകുപ്പ് സെക്രട്ടറി ചെയർപേഴ്സണും, നിയമ വകുപ്പ് അഡി.നിയമ സെക്രട്ടറി, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ എന്നിവർ അംഗങ്ങളുമായ ഒരു അപ്പലേറ്റ് അതോറിട്ടി ഉണ്ടായിരിക്കും. ഒരു രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് നൽകുന്നതോ പുതുക്കുന്നതോ നിരസിക്കുന്നതോ റദ്ദാക്കുന്നതോ മറ്റോ ആയ ഉത്തരവിൽ പരാതിയുള്ളവർക്ക് ആ തീരുമാനത്തിന്റെ തീയതി മുതൽ 45 ദിവസത്തിനകം അപ്പലേറ്റ് അതോറിറ്റി മുമ്പാകെ അപ്പീൽ ബോധിപ്പിക്കാം. അറുപത് ദിവസത്തിനകം തീർപ്പുണ്ടാകും. അപ്പലേറ്റ് അതോറിട്ടിയുടെ ഉത്തരവിനെതിരെ ഹൈക്കോടതി മുമ്പാകെ റിവിഷൻ ബോധിപ്പിക്കാവുന്നതാണ്.

ശിക്ഷാ

നടപടി


ആക്ടിലെ വ്യവസ്ഥകളുടെ ലംഘനത്തിനുള്ള ശിക്ഷ സെക്ഷൻ 26 പ്രകാരമാണ് വിശദീകരിക്കുന്നത്. ഈ വകുപ്പ് പ്രകാരം കൗൺസിലിനും,​ആക്ടിലെ മറ്റ് വകുപ്പുകൾ പ്രകാരം അതോറിട്ടിക്കും ശിക്ഷ നിർണയിക്കാം. ആദ്യ ലംഘനത്തിന് പതിനായിരം രൂപ വരെയാണ് ശിക്ഷ. രണ്ടാമത്തെ ലംഘനത്തിന് അമ്പതിനായിരം രൂപ വരെയും തുടർന്നുള്ള ലംഘനത്തിന് അഞ്ചു ലക്ഷം രൂപ വരെയുമാകും പിഴ ശിക്ഷ വിധിക്കുക. കുറ്റം ഗുരുതര സ്വഭാവമുള്ളതാണെങ്കിൽ പിഴ ശിക്ഷയ്ക്കു പുറമേ ക്ലിനിക്കൽ സ്ഥാപനം അടച്ചുപൂട്ടുന്നതിന് കൗൺസിൽ ഉത്തരവിടുകയും ചെയ്യും. രജിസ്‌ട്രേഷൻ ഇല്ലാതെ ക്ലിനിക്കൽ സ്ഥാപനം നടത്തുന്ന ഏതൊരാൾക്കും ആദ്യലംഘനത്തിന് 50,000 രൂപ വരെയാണ് ശിക്ഷ. രണ്ടാമത്തെ ലംഘനത്തിന് രണ്ടുലക്ഷം രൂപയും,​ തുടർന്നുള്ള ഏതെങ്കിലും ലംഘനത്തിന് അഞ്ചു ലക്ഷം രൂപ വരെയും ശിക്ഷ ലഭിക്കും. രജിസ്‌ട്രേഷൻ ഇല്ലാതെ പ്രവർത്തിക്കുന്ന ഓരോ ദിവസത്തിനും ഇതിനു പുറമേ പതിനായിരം രൂപ പിഴയും നല്കേണ്ടിവരും.

(സെക്രട്ടേറിയറ്റിലെ നിയമ വകുപ്പ് അണ്ടർ സെക്രട്ടറിയാണ് ലേഖകൻ)

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: OPINION
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.