കോഴിക്കോട്: വാണിമേൽ ഗ്രാമപഞ്ചായത്ത് അടുപ്പിൽ ആദിവാസി ഉന്നതി കുടിവെള്ള പദ്ധതി മൂന്നുമാസത്തിനകം പൂർത്തിയാക്കുമെന്ന് ജില്ലാ കളക്ടർ സ്‌നേഹിൽ കുമാർ സിംഗ് . പ്രളയ ഭീഷണി നേരിടുന്ന ജലസംഭരണി നിലവിലെ സ്ഥലത്തുനിന്ന് സുരക്ഷിതമായ ഇടത്തേക്ക് മാറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ കളക്ടർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ട്രൈബൽ റീസെറ്റിൽമെന്റ് ആൻഡ് ഡെവലപ്‌മെന്റ് മിഷൻ വഴി വാണിമേൽ ഗ്രാമപഞ്ചായത്ത് ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് ജലസംഭരണി നിർമിക്കാനായി 74 ലക്ഷം രൂപ നേരത്തെ അനുവദിച്ചിരുന്നു. ജലസംഭരണി സുരക്ഷിതമായ ഇടത്തേക്ക് മാറ്റി സ്ഥാപിക്കാൻ അധികമായി വരുന്ന ഒമ്പത് ലക്ഷം രൂപയുടെ പ്രവർത്തനാനുമതി യോഗത്തിൽ നൽകി. 65 കുടുംബങ്ങളാണ് കോളനിയിൽ താമസിക്കുന്നത്. ഇവരെ ഉരുൾപൊട്ടലിന്റെയും പ്രളയത്തിന്റെയും ഭീഷണിയുള്ള സ്ഥലത്തു നിന്ന് പുനരധിവസിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണ്. 38 കുടുംബങ്ങളെ ഇതിനോടകം മാറ്റി. ബാക്കിയുള്ള കുടുംബങ്ങളുടെ പുനരധിവാസം അതിവേഗത്തിൽ പുരോഗമിക്കുകയാണ്. ഇതിനടുത്തായാണ് ജലസംഭരണി നിർമിക്കുക. യോഗത്തിൽ വാണിമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. സുരയ്യ, സബ് കളക്ടർ ഹർഷിൽ ആർ മീണ, അസി. കളക്ടർ ആയുഷ് ഗോയൽ, ദുരന്ത വിഭാഗം ഡെപ്യൂട്ടി കളക്ടർ ഇ. അനിതകുമാരി, ജില്ലാ പ്ലാനിംഗ് ഓഫീസർ ഏലിയാമ്മ നൈനാൻ, പട്ടികവർഗ ജില്ലാ ഓഫീസർ നിസാറുദ്ദീൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |