ഇലന്തൂർ : ഇരുപത്തിരണ്ടാം വയസിൽ ഹിമാചലിലെ ലഡാക്കിലേക്ക് പോയ പൊന്നച്ചൻ (തോമസ് ചെറിയാൻ) എഴുപത്തിയെട്ടാം വയസിൽ മരണത്തിന്റെ പുതപ്പണിഞ്ഞ് തിരകെ ജൻമനാട്ടിലേക്ക്. അൻപത്തിയാറ് വർഷം മുൻപ് ഒടാലിൽ വീട്ടിൽ നിന്ന് പിതാവ് ഒ.എം തോമസിനോടും മാതാവ് എലിയാമ്മയോടും യാത്ര പറഞ്ഞിറങ്ങിയ മകനെ പിന്നെയവർ കണ്ടിട്ടില്ല. ചണ്ഡീഗഢിൽ നിന്ന് ലഡാക്കിലേക്കുള്ള സഞ്ചരിക്കവെ വ്യാേമസേനാ വിമാനം തകർന്ന് വീണ് മരണപ്പെട്ട വാർത്ത വീട്ടിലെത്തിയപ്പോഴും മൃതദേഹം തിരികെ ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു മാതാപിതാക്കൾ. കണ്ണടയും മുൻപ് മകനെ കാണാൻ അവർക്കു കഴിഞ്ഞില്ലെങ്കിലും രാജ്യത്തിനു വേണ്ടി ജീവൻ നൽകിയ ധീരജവാന് വീരോചിതമായി വിടചൊല്ലൽ നൽകാൻ നാട്ടിൽ തയ്യാറെടുപ്പുകൾ പൂർത്തിയായി.
ലഡാക്കിന് സമീപം റാത്തോങ്ങിലെ ചന്ദ്രഭാഗ മേഖലയിൽ തകർന്നുവീണ വിമാനത്തിന്റെ അവശിഷ്ടങ്ങളിൽ നിന്ന് 2019ൽ അഞ്ച് പേരുടെ മൃതശരീരങ്ങൾ ലഭിച്ചെങ്കിലും അതിൽ തോമസ് ചെറിയാനുണ്ടായിരുന്നില്ല. തെരച്ചിലിന്റെ ഒാരോ ഘട്ടങ്ങളിലും വിവരങ്ങൾ അറിയിക്കാൻ സൈനിക ഉദ്യോഗസ്ഥർ വിളിക്കുമ്പോഴും പ്രതീക്ഷകൾ മാത്രമായിരുന്നു ബാക്കി. ഒടുവിൽ, ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് തോമസ് ചെറിയാന്റെ മൃതശരീരം ലഭിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. ആറൻമുള പൊലീസ് വിവരം വീട്ടിലെത്തി അറിയിക്കുകയായിരുന്നു.
യൂണിഫോമിലെ നെയിംബാഡ്ജും പോക്കറ്റിലെ ബുക്കിൽ നിന്ന് ലഭിച്ച വിവരങ്ങളുമാണ് തോമസ് ചെറിയാനെ തിരിച്ചറിയാൻ സഹായകമായത്. മൃതശരീരത്തിൽ പുറമേ പരിക്കുകളില്ലെങ്കിലും മഞ്ഞിൽ ഘനീഭവിച്ച് മാറ്റം സംഭവിച്ചതായാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. മൂന്ന് ദിവസത്തെ കാത്തിരിപ്പിനൊടുവിൽ വീരജവാന്റെ മൃതദേഹം ഇന്ന് ബന്ധുക്കൾക്കു കൈമാറും.
പാർക്കിംഗ് ക്രമീകരണങ്ങൾ
വാഹനങ്ങൾ കാരൂർ സ്‌കൂളിന് സമീപം ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം. മെത്രാപ്പോലീത്തമാർ, സർക്കാർ ഉദ്യോഗസ്ഥർ, മന്ത്രിമാർ, ജില്ലാ ഭരണകൂടം, മാദ്ധ്യമ പ്രവർത്തകർ എന്നിവരുടെ വാഹനങ്ങൾ പള്ളി പരിസരത്ത് പാർക്ക് ചെയ്യണം. പള്ളിക്കുള്ളിൽ വിശിഷ്ടാതിഥികളും കുടുംബാംഗങ്ങളും വൈദികരും കർമ്മങ്ങളിൽ പങ്കെടുക്കും. ബാക്കിയുള്ളവർക്ക് പള്ളി ഓഡിറ്റോറിയത്തിലും പന്തലിലും ശുശ്രൂഷ കാണുന്നതിനുള്ള സൗകര്യം ചെയ്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |