തിരുവനന്തപുരം: അദ്ധ്യയനവർഷം ആരംഭിച്ച് നാലുമാസം പിന്നിടുമ്പോഴും 398 പ്രധാന തസ്തികകളിൽ ആളില്ലാതെ വിദ്യാഭ്യാസവകുപ്പ്. 226 ഹൈസ്‌കൂളുകളിൽ പ്രഥമാദ്ധ്യാപകരും 153 ഹയർ സെക്കൻഡറി സ്‌കൂളുകളിൽ പ്രിൻസിപ്പലും ഇല്ല. 16 എ.ഇ.ഒ., രണ്ട് ഡി.ഇ.ഒ., ഒരു ഡി.ഡി.ഇ തസ്തികകളും ഒഴിഞ്ഞുകിടക്കുകയാണ്.
സ്ഥലംമാറ്റവും പ്രൊമോഷനുകളും യഥാസമയം നടക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. ഇതിനെതിരെ സ്റ്റാഫ് യൂണിയൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്കും പ്രിൻസിപ്പൽ സെക്രട്ടറിക്കും പരാതി നൽകിയിട്ടുണ്ട്.
പ്രഥമാദ്ധ്യാപക തസ്തികകൾ ഒഴിഞ്ഞുകിടക്കുന്ന സ്കൂളുകളിൽ അധിക ചുമതലയുള്ള സീനിയർ അദ്ധ്യാപകരും സമ്മർദ്ദത്തിലാണ്. എ.ഇ.ഒമാർ ഇല്ലാത്ത ഓഫീസുകളിൽ സീനിയർ സൂപ്രണ്ടിനും ഡി.ഇ.ഒ മാർക്ക് പകരം പേഴ്സണൽ അസിസ്റ്റന്റുമാർക്കും ഡി.ഡി ഓഫീസുകളിൽ അഡ്‌മിനിസ്ട്രേറ്റീവ് അസിസ്റ്റന്റുമാർക്കുമാണ് അധികചുമതല.
കലാ- ശാസ്ത്രമേളകൾ കൂടി തുടങ്ങുന്നതോടെ തങ്ങൾ കടുത്തസമ്മർദ്ദത്തിലാവുമെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
സ്ഥാനക്കയറ്റ സമിതി (ഡി.പി.സി) കൃത്യമായി കൂടുന്നുണ്ടെന്ന് പറയുന്ന വകുപ്പ് തുടർനടപടികളിലെ കാലതാമസം പരിഹരിക്കാൻ ഇടപെടുന്നില്ലെന്നും ആക്ഷേപമുണ്ട്.
വൈക്കത്ത് വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്യാനിടയായ സംഭവത്തിന്റെ പശ്ചാത്തലത്തിൽ പല ഉദ്യോഗസ്ഥരും പ്രഥമാദ്ധ്യാപകരും ജോലിസമ്മർദ്ദത്തെക്കുറിച്ച് വെളിപ്പെടുത്തി.
ജോലിസമ്മർദ്ദം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും പരാതിയുണ്ടെങ്കിൽ പരിശോധിക്കുമെന്നും മന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. ഈ വിഷയത്തിൽ കെ.പി.എസ്.ടി.എ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിന് മുന്നിൽ കഴിഞ്ഞദിവസം പ്രതിഷേധധർണ സംഘടിപ്പിച്ചു. വിഷയം അടിയന്തരമായി പരിഹരിച്ചില്ലെങ്കിൽ പ്രതിഷേധം കടുപ്പിക്കാനാണ് സംഘടനയുടെ തീരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |