ന്യൂഡൽഹി: പാകിസ്ഥാൻ ക്രിക്കറ്റ് താരങ്ങൾക്ക് ഇന്ത്യൻ നടിമാരുമായും സ്ത്രീകളുമായും അടുപ്പമുണ്ടെന്ന തരത്തിലുള്ള ചർച്ചകൾ പലപ്പോഴും നടക്കാറുണ്ട്. മുൻ പാക് താരം ഷോയിബ് മാലിക്കും ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസയും തമ്മിലുള്ള വിവാഹം ഇതിന് ഒരു ഉദാഹരണമായിരുന്നു. വർഷങ്ങളോളമുള്ള വിവാഹ ബന്ധം ഇരുവരും അടുത്തിടെയാണ് മോചിപ്പിച്ചത്. ഇപ്പോഴിതാ മറ്റൊരു പാക് ക്രിക്കറ്റ് താരം ഇന്ത്യക്കാരിയെ വിവാഹം കഴിക്കുന്ന ചർച്ചകളാണ് കായിക ലോകത്ത് നിറയുന്നത്.
പാകിസ്ഥാൻ ബൗളിംഗ് നിരയിലെ ഇടംകൈയ്യൻ സ്പിന്നർ റസ ഹസൻ ഇന്ത്യൻ വംശജയായ യുവതിയുമായി വിവാഹനിശ്ചയം നടത്തിയതിന്റെ ചിത്രങ്ങൾ പങ്കുവച്ചു. യുവതി ഇസ്ലാം മതം സ്വീകരിക്കാൻ തയ്യാറാണെന്ന് പാക് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 'അവസാനമായി, ഞങ്ങളുടെ ജീവിതത്തിന്റെ പുതിയ യാത്രയ്ക്ക് ഞങ്ങൾ തുടക്കം കുറിക്കുകയാണ്'- റസ ഹസൻ സോഷ്യൽ മീഡിയയിൽ കുറിച്ചത് ഇങ്ങനെയാണ്.
പുറത്തുവരുന്ന റിപ്പോർട്ട് പ്രകാരം ജനുവരി, ഫെബ്രുവരി മാസങ്ങൾക്കുള്ളിൽ വിവാഹം നടന്നേക്കും. 32കാരനായ റസ പാകിസ്ഥാൻ വിട്ടതിന് ശേഷം ഇപ്പോൾ യുഎസിലാണ് കഴിയുന്നത്. ഇവിടെ വച്ചായിരിക്കും വിവാഹം നടക്കുകയെന്നാണ് റിപ്പോർട്ട്. 'എന്റെ വിവാഹനിശ്ചയം കഴിഞ്ഞെന്ന് വിവരം പങ്കിടുന്നതിൽ സന്തോഷമുണ്ട്! എന്റെ ജീവിതത്തിൽ, എനിക്ക് നൽകിയ സ്‌നേഹം എന്നന്നേക്കും എന്റേതായിരിക്കാൻ ഞാൻ ആവശ്യപ്പെട്ടു, അവൾ അതെ എന്ന് പറഞ്ഞു! വരാനിരിക്കുന്ന എല്ലാ സാഹസികതകളും ഒരുമിച്ച് നേരിടാനുള്ള ആവേശത്തിലാണ്'- വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ പങ്കുവച്ച് റസ കുറിച്ചു.
പാകിസ്ഥാൻ മാദ്ധ്യമങ്ങൾ പറയുന്നതനുസരിച്ച്, റസ ഹസന്റെ പ്രതിശ്രുതവധുവിന്റെ പേര് പൂജ ബൊമ്മൻ എന്നാണ്. 32കാരിയായ പൂജ യുഎസിൽ സ്ഥിരതാമസമാക്കിയെന്നാണ് റിപ്പോർട്ട്. തന്റെ പുതിയ സന്തോഷം പങ്കുവച്ച് റസ ഹസൻ ഒരു മാദ്ധ്യമത്തിലൂടെ പ്രസ്താവനയും പുറത്തുവിട്ടിട്ടുണ്ട്. പൂജ ഹിന്ദു മത പശ്ചാത്തലത്തിൽ നിന്നാണ് വരുന്നതെന്ന് അദ്ദേഹം സൂചിപ്പിച്ചു. എന്നിരുന്നാലും, പൂജയ്ക്ക് ഇസ്ലാമിൽ താൽപ്പര്യമുണ്ടെന്നും തനിക്കുവേണ്ടി മതം മാറാൻ തയ്യാറാണെന്നും അദ്ദേഹം കുറിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |