കണ്ണൂർ: എ.ഡി.ജി.പി എം.ആർ അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റാൻ സി.പി.ഐ സമ്മർദ്ദമുയർത്തിയിട്ടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി .ഗോവിന്ദൻ പറഞ്ഞു. നടപടി ആവശ്യപ്പെട്ട് കത്ത് നൽകിയിട്ടില്ല. അന്വേഷണ ഉദ്യോഗസ്ഥരുടെ റിപ്പോർട്ട് കിട്ടിയാൽ നടപടി എടുക്കുമെന്നാണ് സർക്കാർ പറഞ്ഞത്. അത് നടപ്പിലാക്കി.
എൽ.ഡി.എഫ് ഒന്നാകെ എടുത്ത തീരുമാനമാണ്. സി.പി.ഐ അവരുടെ അഭിപ്രായം നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്. എന്തിനാണ് നടപടിയെന്ന് സർക്കാർതലത്തിൽ പിന്നെ പറഞ്ഞോളും. രാഷ്ട്രീയം മനസ്സിലാക്കുന്നവർക്ക് എന്തിനാണ് നടപടിയെന്ന് മനസിലാവും. മറ്റു പരാതികളിൽ പരിശോധന നടന്നുകൊണ്ടിരിക്കുകയാണ്.റിപ്പോർട്ട് കിട്ടിയാൽ അതിനെ അടിസ്ഥാനപ്പെടുത്തിയും നടപടിയുണ്ടാവും. ഇപ്പോഴത്തെ നടപടി ശരിയായ സമയത്താണ്. ഒരു സമുദായമാണ് കള്ളക്കടത്ത് നടത്തുന്നതെന്ന് പറയാൻ കഴിയില്ല. പക്ഷേ സമുദായ നേതാക്കൾക്ക് അതിൽ ബാദ്ധ്യതയുണ്ട്. ഇതൊന്നും കുറ്റകൃത്യമല്ലെന്ന ചിലയാളുകളുടെ ധാരണ മാറ്റണം. ഇക്കാര്യങ്ങളിൽ മതപരമായ ഇടപെടൽ നല്ലതാണ്. ചേലക്കരയിലും പാലക്കാടും ബി.ജെ.പിയുമായി ധാരണയുണ്ടെന്ന അൻവറിന്റെ ആരോപണം ശുദ്ധ അസംബന്ധമാണെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |