ന്യൂഡൽഹി : നക്‌സൽ വേട്ട അന്തിമഘട്ടത്തിലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാജ്യത്തുനിന്ന് 2026 മാർച്ചോടെ ഈ ഭീഷണി തുടച്ചുനീക്കാനും ആഹ്വാനം ചെയ്‌തു. നക്‌സൽ ബാധിത സംസ്ഥാനങ്ങളായ ആന്ധ്രാ പ്രദേശ്, ബീഹാർ, ഛത്തീസ്ഗഢ്, ജാർഖണ്ഡ്, തെലങ്കാന,ഒഡിഷ, മഹാരാഷ്ട്ര, മദ്ധ്യപ്രദേശ് മുഖ്യമന്ത്രിമാരോടാണ് ആഹ്വാനം. ഇന്നലെ ഡൽഹി വിഗ്യാൻ ഭവനിൽ നടന്ന ഉന്നതതല യോഗത്തിലാണിത്. എട്ടു സംസ്ഥാനങ്ങളിലെയും സാഹചര്യം വിലയിരുത്തി. വിവിധ കേന്ദ്രസേനകളിലെ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെ പങ്കെടുത്തു.
നക്‌സലിസം വികസനത്തിന് തടസമാണെന്ന് അമിത് ഷാ പറഞ്ഞു. എട്ടു കോടിയിലധികം ജനങ്ങളുടെ അടിസ്ഥാന ക്ഷേമത്തിന് തുരങ്കംവച്ചു. സുരക്ഷാസാഹചര്യം മെച്ചപ്പെട്ടതോടെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നക്‌സൽ ബാധിത മേഖലകളിലെ വോട്ടുശതമാനം വർദ്ധിച്ചു. മുൻപ് ഒരു വോട്ട് പോലും വീഴാതിരുന്ന മേഖലകളിൽ 70 ശതമാനം പേർ ഇപ്പോൾ അവകാശം വിനിയോഗിക്കുന്നു.
കേരളത്തിലെ സാഹചര്യവും ഉന്നതതല യോഗത്തിൽ ചർച്ചയായി നക്‌സൽ ബാധിതമെന്ന് കണ്ടെത്തിയ മേഖലകളിൽ തെരച്ചിലും നിരീക്ഷണവും തുടരണം. ഇത്തരം മേഖലകളിലെ വികസന പ്രവർത്തനങ്ങളുടെ വേഗത വർദ്ധിപ്പിക്കാനും സംസ്ഥാനങ്ങളോട് നിർദ്ദേശിച്ചു. കേരളത്തിനെ പ്രതിനിധീകരിച്ച് ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, ഡി.ജി.പി ഷേഖ് ദർവേഷ് സാഹിബ് എന്നിവരാണ് പങ്കെടുത്തത്.
ആയുധം താഴെവയ്‌ക്കണം
നക്‌സലേറ്റുകൾ ആയുധം താഴെവച്ചു മുഖ്യധാരയിലേക്ക് വരണമെന്ന് അമിത് ഷാ ആവശ്യപ്പെട്ടു. ജമ്മു കാശ്‌മീർ, വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലായി 13000ൽപ്പരം യുവാക്കളാണ് ആയുധമുപേക്ഷിച്ചത്. പ്രതിരോധത്തിൽ നിന്ന് സുരക്ഷാസേന കടന്നാക്രമണത്തിലേക്ക് കടന്നു. അടുത്തിടെ നടത്തിയ ഓപ്പറേഷനുകൾ വിജയകരമായി.ഛത്തീസ്ഗഢിൽ കഴിഞ്ഞ വെള്ളിയാഴ്ച നടന്ന ഏറ്റുമുട്ടലിൽ 31ൽപ്പരം നക്‌സലേറ്റുകളെ വധിച്ചതും ചർച്ചയായി. യോഗത്തിലുണ്ടായിരുന്ന ഛത്തീസ്ഗഢ് മുഖ്യമന്ത്രി വിഷ്‌ണു ദിയോ സായിയെ അഭിനന്ദിച്ചു.
72% ആക്രമണം കുറഞ്ഞു
മോദി സർക്കാർ ഭരണത്തിൽ നക്‌സൽ ആക്രമണങ്ങൾ 72 ശതമാനം കുറഞ്ഞു
സുരക്ഷാ കാര്യങ്ങൾക്കായി 2014-24 കാലയളവിൽ 3006 കോടി അനുവദിച്ചു
2019ന് മുൻപ് രണ്ട് രണ്ട് ഹെലിക്കോപ്റ്റർ എന്നത് ഇപ്പോഴത് 12 ആയി
ഛത്തീസ്ഗഢിൽ ഈവർഷം 194 നക്‌സലേറ്രുകൾ കൊല്ലപ്പെട്ടു
801 കേഡറുകൾ അറസ്റ്റിലായി, 742 പേർ കീഴടങ്ങി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |