കംബോഡിയ എന്ന കൊച്ചുരാജ്യത്തെ ഒരു നേവൽ ബേസിലേയ്ക്കാണ് ഇപ്പോൾ ലോകരാജ്യങ്ങൾ ഉറ്റുനോക്കുന്നത്. കംബോഡിയയിലെ സിഹാനൂക്‌വില്ലെ പ്രവിശ്യയിൽ തായ്‌ലൻഡ് ഉൾക്കടലിന്റെ തീരത്തായി സ്ഥിതി ചെയ്യുന്ന റോയൽ കംബോഡിയൻ നേവിയുടെ റീം നേവൽ ബേസാണ് അന്താരാഷ്‌ട്ര ശ്രദ്ധയാകർഷിക്കുന്നത്. ചൈനയുടെ മിലിട്ടറി ഔട്ട്‌പോസ്റ്റായി ഈ സൈനികത്താവളം മാറുകയാണോയെന്ന ആശങ്കയിലാണ് യുഎസ് അടക്കമുള്ള രാജ്യങ്ങൾ.
2023, 2024 ഉടനീളമുള്ള റീം നേവൽ ബേസിന്റെ സാറ്റലൈറ്റ് ചിത്രങ്ങളിൽ ചൈനീസ് നാവികസേനയുടെ രണ്ടുതരം യുദ്ധക്കപ്പലുകൾ കണ്ടെത്തിയതാണ് സംശയങ്ങൾക്ക് കാരണം. ചൈനയുടെ A56 കോർവെറ്റുകളാണ് കപ്പൽത്തുറയിൽ നിർത്തിയിട്ടിരിക്കുന്നതായി കണ്ടെത്തിയത്.
1500 ടൺ ഭാരമുള്ള ഈ യുദ്ധക്കപ്പലുകൾ ചൈനീസ് നിർമിത കടൽപ്പാലത്തിലോട് ചേർന്നാണ് നിലയുറപ്പിച്ചിരിക്കുന്നത്. വലിയ കപ്പലുകളെവരെ ഉൾക്കൊള്ളാൻ ശേഷിയുള്ളതാണ് ഈ കടൽപ്പാലം.
കിഴക്കൻ ആഫ്രിക്കയിലെ ജിബൂട്ടിയിലാണ് ചൈനയ്ക്ക് നിലവിൽ രാജ്യത്തിന് പുറത്തായി സൈനിക താവളമുള്ളത്. 2016ലായിരുന്നു ഇത് നിർമിച്ചത്. ജിബൂട്ടിയിലുള്ള കടൽപ്പാലത്തിന് സമാനമായാണ് റീമിലെ പുതിയ കടൽപ്പാലം നിർമിച്ചിരിക്കുന്നത്. ചൈനയുടെ വലിയ എയർക്രാഫ്റ്റ് കാരിയറുകളെ ഉൾകൊള്ളാനുള്ള ശേഷി ഇതിനുണ്ട്. നാവിക ശക്തി വളർത്തുന്ന ചൈനയുടെ അടുത്ത നീക്കമാണ് കംബോഡിയയിലെ നേവൽ ബേസ് എന്നാണ് യുഎസ് അടക്കമുള്ള രാജ്യങ്ങൾ വിശ്വസിക്കുന്നത്.
സംശയങ്ങളിൽ കംബോഡിയയുടെ മറുപടി
റീം നേവൽ ബേസ് ചൈനയ്ക്കായി അല്ലെന്നാണ് ലോകരാഷ്ട്രങ്ങളുടെ സംശയങ്ങളെ തള്ളി കംബോഡിയ പ്രതികരിച്ചത്. 'ദേശീയ പ്രതിരോധ സംവിധാനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി റീം നേവൽ ബേസ് വികസിപ്പിക്കാൻ ചൈന സഹായങ്ങൾ നൽകിയിട്ടുണ്ട്. എന്നാലത് ചൈനയ്ക്കോ മറ്റേതെങ്കിലും രാജ്യത്തിനോ ഉപയോഗിക്കാനല്ല'- എന്നായിരുന്നു കംബോഡിയയുടെ ഉപ പ്രധാനമന്ത്രി സൺ ചന്തോൾ ഒരു മാദ്ധ്യമത്തോട് വ്യക്തമാക്കിയത്.
കംബോഡിയയുടെ പ്രതിരോധ മന്ത്രാലയത്തിന്റെ വക്താവും ആരോപണങ്ങൾ തള്ളിയിരുന്നു. പരിശീലനത്തിന്റെ ഭാഗമായി മാത്രമാണ് ചൈനീസ് കപ്പലുകൾ എത്തിയതെന്നാണ് കംബോഡിയയുടെ വിശദീകരണം. തങ്ങളുടെ മണ്ണിൽ വിദേശ സൈനിക താവളങ്ങൾ പ്രവർത്തിക്കുന്നത് കംബോഡിയയുടെ ഭരണഘടനയിൽ വിലക്കുന്നുണ്ട്.
എന്നിരുന്നാലും ചൈനയും കംബോഡിയയും തമ്മിലെ സൈനിക ബന്ധത്തിൽ അമേരിക്ക ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. ചൈനീസ് യുദ്ധക്കപ്പലുകളുടെ സ്ഥിര സാന്നിദ്ധ്യം കഴിഞ്ഞ ഡിസംബർ മുതൽ കംബോഡിയ സൈനിക താവളത്തിലുള്ളതായി 2024 മേയിൽ യുഎസ് ആസ്ഥാനമായുള്ള ഏഷ്യ മാരിടൈം ട്രാൻസ്‌പരൻസി ഇനിഷ്യേറ്റീവായ തിങ്ക് ടാങ്ക് റിപ്പോർട്ട് ചെയ്തിരുന്നു.
യുഎസ് ഭയക്കുന്നതെന്ത്?
ഒരുകാലത്ത് യുഎസിന്റെ സൈനിക സേവനങ്ങളുടെ ഗുണഭോക്താവായിരുന്നു റീം നേവൽ ബേസ്, കംബോഡിയയും യുഎസും സംയുക്തമായി നാവിക അഭ്യാസങ്ങൾ സംഘടിപ്പിക്കുന്നതും പതിവായിരുന്നു. എന്നാൽ 2017ൽ കംബോഡിയൻ സർക്കാർ പ്രധാന പ്രതിപക്ഷ പാർട്ടിയെ വിലക്കിയത് യുഎസ്- കംബോഡിയ ബന്ധം വഷളാകുന്നതിനും യുഎസിന്റെ സൈനിക സഹായങ്ങൾ നിലയ്ക്കുന്നതിനും ഇടയാക്കി.
തുടർന്നുള്ള വർഷങ്ങളിൽ കംബോഡിയ ചൈനയുമായി ചേർന്ന് സൈനികാഭ്യാസങ്ങൾ നടത്താൻ ആരംഭിക്കുകയും ചൈനീസ് നിക്ഷേപം കൂടുതലായി സ്വീകരിക്കാനും തുടങ്ങി. 2020ൽ കംബോഡിയയിൽ യുഎസ് ഫണ്ടിൽ നിർമിച്ച കെട്ടിടങ്ങൾ തകർക്കുകയും ചൈനയുടെ ഫണ്ടിൽ കെട്ടിടങ്ങളുടെ നിർമാണം വ്യാപിപ്പിക്കുകയും ചെയ്തു.
റീം നേവൽ ബേസിന്റെ 77 ഹെക്‌ടറുകൾ 30 വർഷത്തേയ്ക്ക് വാടകയ്ക്ക് നൽകുന്നതുമായി ബന്ധപ്പെട്ട് കംബോഡിയയും ചൈനയും തമ്മിലുള്ള കരാർ 2019ൽ ദി വാൾസ്‌ട്രീറ്റ് ജേർണൽ പുറത്തുവിട്ടിരുന്നു. എന്നാലിത് വ്യാജവാർത്തയാണെന്നാണ് കംബോഡിയ അന്ന് പ്രതികരിച്ചത്. കംബോഡിയയിലെ ചൈനീസ് നീക്കങ്ങളിൽ യുഎസിന് പുറമെ അയൽരാജ്യങ്ങളായ തായ്‌ലൻഡും വിയറ്റ്‌നാമും ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.
റീം നേവൽ ബേസിന്റെ പ്രാധാന്യം
റീം നേവൽ ബേസിന്റെ സ്ഥാനമാണ് അതിന്റെ പ്രധാന നേട്ടങ്ങളിലൊന്ന്. ദക്ഷിണ ചൈനാ കടലിൽ നിന്ന് ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് നയിക്കുന്ന മലാക്ക കടലിടുക്കുമായി ബന്ധപ്പെട്ടാണ് ഈ സൈനിക താവളം സ്ഥിതി ചെയ്യുന്നത്. മറ്റാരു വിദേശ താവളം ജിബൂട്ടിയിലാണെന്നത് ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഇരുവശങ്ങളിലുമായി ചൈനയുടെ സ്വാധീനം വ്യാപിപ്പിക്കുന്നു. ഇത് ഇന്ത്യയ്ക്കും ആശങ്ക ഉളവാക്കുന്നു. സൈനിക വിശകലന വിദഗ്ധർ പറയുന്നതനുസരിച്ച്, ഉപഗ്രഹങ്ങൾ ട്രാക്കുചെയ്യുന്നതിനും രഹസ്യാന്വേഷണം ശേഖരിക്കുന്നതിനും മേഖലയിലെ നാവിക നീക്കങ്ങൾ നിരീക്ഷിക്കുന്നതിനും റീം ബേസ് ഉപയോഗിക്കാം.
ഇന്ത്യയുടെ നാവികശക്തിയെ മറികടക്കാനാനുള്ള ചൈനീസ് ശ്രമങ്ങളുടെ ഭാഗമാണ് റീമിലെ ചൈനയുടെ സാന്നിദ്ധ്യമെന്ന് വിലയിരുത്തലുണ്ട്. സംഘട്ടനമുണ്ടാകുന്ന സന്ദർഭങ്ങളിൽ മലാക്ക കടലിടുക്കിലൂടെയുള്ള ചൈനയുടെ വ്യാപാര പാതകൾ വെട്ടിക്കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള ഇന്ത്യയുടെയോ യുഎസ് നാവിക സേനയുടെയോ നീക്കങ്ങളെ തടസ്സപ്പെടുത്താൻ ചൈനീസ് നാവികസേനയ്ക്ക് റീം ഉപയോഗിക്കാനാവും.
കംബോഡിയയിലെ റീമിന് പുറെ മ്യാൻമറിലെ ക്യോക്ഫ്യു തുറമുഖത്തിലെ ചൈനയുടെ പങ്കാളിത്തവും പാകിസ്ഥാനിലെ ഗ്വാദർ തുറമുഖത്തിന്റെ വികസനവും പ്രധാന സമുദ്ര പാതകളിൽ സ്വാധീനം നേടുന്നതിനുള്ള ചൈനയുടെ വിശാലമായ തന്ത്രത്തിലേക്ക് വിരൽ ചൂണ്ടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |