ന്യൂഡൽഹി: എക്സിറ്റ് പോളിൽ വിശ്വസിച്ച് സത്യപ്രതിജ്ഞയും സ്വപ്നം കണ്ടാണ് ഹരിയാന കോൺഗ്രസ് നേതാവ് ഭൂപീന്ദർ ഹൂഡ ഇന്നലെ രാവിലെ ടിവിക്ക് മുന്നിലിരുന്നത്. 10 മണിവരെ ആഹ്ളാദിച്ച കോൺഗ്രസ് ക്യാമ്പിനെ ഞെട്ടിച്ച് ബി.ജെ.പി കുതിച്ചപ്പോൾ തിരിച്ചുവരവ് മോഹം തകർന്നടിഞ്ഞു. പാർട്ടിക്ക് അടുത്തകാലത്തേറ്റ കടുത്ത ഷോക്ക്. 2019ലേതിനെക്കാൾ മിന്നുന്ന പ്രകടനത്തോടെ ഹാട്രിക് വിജയം നേടിയ ബി.ജെ.പിയുടെ രാഷ്‌ട്രീയ നീക്കങ്ങളാണ് കോൺഗ്രസിന് പ്രഹരമായത്.
കഴിഞ്ഞ തവണത്തേക്കാൾ 12 ശതമാനം വോട്ടുവിഹിതം കൂടുതൽ നേടിയിട്ടാണ് കോൺഗ്രസ് വീണതെന്നത് ദുരന്തത്തിന്റെ ആഘാതം കൂട്ടുന്നു. 2019ൽ 31 സീറ്റിൽ ജയിച്ചത് 28 ശതമാനം വോട്ടോടെ. ഇക്കുറിയത് 40 ശതമാനമായിട്ടും സീറ്റുകളുടെ എണ്ണത്തിൽ പ്രതിഫലിച്ചില്ല. ബി.ജെ.പിയുടെ 2019ലെ 33 ശതമാനം (40സീറ്റ്) വോട്ട് വിഹിതം 40 ശമാനമായുയർന്നു. കേവല ഭൂരിപക്ഷത്തിനപ്പുറം സീറ്റുകൾ നേടുകയും ചെയ്തു. വോട്ട് വിഹിതത്തിൽ അന്തരമില്ലാത്തത് വിജയിച്ചവരുടെ ഭൂരിപക്ഷം കുറച്ചിട്ടുണ്ട്.
ഹൂഡയുടെ കണക്കുകൂട്ടൽ തെറ്റിച്ചത് ജാട്ടു വോട്ടുകൾ ഭിന്നിച്ചതാണ്. അദ്ദേഹത്തിന്റെ ശക്തികേന്ദ്രമായ റോത്തക്കിൽ അടക്കം പ്രതീക്ഷിച്ച ജാട്ടുവോട്ടുകൾ ലഭിച്ചില്ല. കർഷക രോഷം, ഗുസ്‌തി പ്രതിഷേധം എന്നിവ ബി.ജെ.പി വിരുദ്ധ വോട്ടുകൾ ഒന്നിപ്പിക്കുമെന്ന് കരുതിയെങ്കിലും തെറ്റി. അതേസമയം ഒ.ബി.സി, ദളിത് വോട്ടർമാർ ബി.ജെ.പിയെ തഴുകി. ദളിതർ ഒരുകാലത്ത് കോൺഗ്രസിന്റെ വോട്ടു ബാങ്കായിരുന്നു.
കോൺഗ്രസിന് ലഭിക്കേണ്ട വോട്ടുകൾ ബി.എസ്.പി, ഐ.എൻ.എൽ.ഡി, സ്വതന്ത്രർ എന്നിവർക്കായി ഭിന്നിച്ചുപോയതും തിരിച്ചടിച്ചു.
ഹൂഡയുടെ നിയന്ത്രണത്തിലായിരുന്നു കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനം. തലമുറ മാറ്റം ആവശ്യപ്പെട്ട പ്രമുഖ നേതാവ് കുമാരി സെൽജയും ഹൂഡയും തമ്മിലുള്ള തർക്കം പ്രചാരണത്തിലുടനീളം കണ്ടു. അവസാന ഫലത്തിൽ ഇതും പ്രതിഫലിച്ചു.
ഒ.ബി.സിയെ പാട്ടിലാക്കിയ ബി.ജെ.പി തന്ത്രം
ഭരണവിരുദ്ധ വികാരം തിരിച്ചറിഞ്ഞ് കഴിഞ്ഞ മാർച്ചിൽ മനോഹർ ലാൽ ഖട്ടറിനെ മാറ്റി ഒ.ബി.സി നേതാവ് നയാബ് സിംഗ് സൈനിയെ മുഖ്യമന്ത്രിയാക്കിയായിരുന്നു ബി.ജെ.പിയുടെ നീക്കം. കർഷക രോഷം, ഗുസ്‌തിക്കാരുടെ പ്രതിഷേധം തുടങ്ങിയ എതിർഘടകങ്ങൾക്ക് കൃത്യമായ മറുമരുന്ന് കണ്ടെത്തി. കർഷക-ഗുസ്‌തി പ്രതിഷേധം ജാട്ടുകളിലുണ്ടാക്കിയ അകൽച്ച തിരിച്ചറിഞ്ഞ് ഒ.ബി.സി, ദളിത് വിഭാഗക്കാരെ ഒപ്പം നിറുത്തി. അഗ്‌നിവീർ പദ്ധതിക്കെതിരായ പ്രതിഷേധം കാര്യമായി ഏശിയില്ലെന്നും ഫലം തെളിയിക്കുന്നു. സാമൂഹ്യക്ഷേമ, കർഷകക്ഷേമ പദ്ധതികളായിരുന്നു പ്രധാന പ്രചാരണ വിഷയങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |