തമിഴ്സിനിമയുടെ ക്രീസിൽ നാട്ടിൻപുറത്തെ കണ്ടം ക്രിക്കറ്റിന്റെ ഓളം അടങ്ങുന്നില്ല . നവാഗതനായ തമിഴരസൻ പച്ചമുത്തു സംവിധാനം ചെയ്ത ലബർ പന്ത് കോടികൾ വാരിയപ്പോൾ സിനിമയുടെ ആരംഭം മുതൽ അവസാനം വരെ തലയെടുപ്പോടെ നിൽക്കുന്നുണ്ട് മലയാളത്തിന്റെ സ്വന്തം സ്വാസികയുടെ യശോദ. 'രാശിയില്ലെന്ന്" പറഞ്ഞ് മടക്കി അയച്ച തമിഴ് സിനിമാലോകം വർഷങ്ങൾക്കു ശേഷം ആണത്തമുള്ള കഥാപാത്രം നൽകി സ്വാസികയെ ചേർത്തു പിടിക്കുമ്പോൾ വൻ ആരവം. ലബർ പന്തിന് പിന്നാലെ തെലുങ്ക് അരങ്ങേറ്റം കുറിച്ച സ്വാസിക ജീവിതത്തിലും കരിയറിലും ഉണ്ടായ വിജയത്തിളക്കത്തിൽ സംസാരിക്കുന്നു.
ട്രാക്ടർ ഡ്രൈവിംഗും
ഇറച്ചി വെട്ടും
യശോദ എന്ന കഥാപാത്രം അവതരിപ്പിച്ചതിന്റെ പേരും പ്രശസ്തിയും തമിഴ് സിനിമ ലോകത്തും തമിഴ് മക്കൾക്കിടയിലുമുണ്ട്. നല്ല ഒരു അഭിനേത്രി എന്ന വിലാസം കൂടി തന്നു. കേന്ദ്രകഥാപാത്രങ്ങളിലൊന്ന് തന്മയത്വത്തോടെ അവതരിപ്പിച്ചെന്നും ഇനിയും ഇത്തരം വേഷങ്ങൾ നൽകാമെന്നും എന്ന ചിന്ത തീർച്ചയായും സംവിധായകരിൽ ഉണ്ടായിട്ടുണ്ട്. മലയാളത്തിൽനിന്നും ലഭിച്ചു പ്രേക്ഷകരുടെയും സുഹൃത്തുക്കളുടെയും അംഗീകാരം. ലബർ പന്ത് കരിയറിൽ എന്തു മാറ്റംവരുത്തി എന്ന് അവസരങ്ങൾ വരുന്നതുനോക്കിവേണം അറിയാൻ. സംവിധായകന്റെ നിർദേശത്തിൽ കഥാപാത്രമാകാൻ വേണ്ട തയ്യാറെടുപ്പ് എന്നെ കൊണ്ട് കഴിയുംവിധം നടത്തി. ട്രാക്ടർ ഓടിക്കാൻ പഠിക്കുകയും ഇറച്ചിവെട്ട് പരിശീലിക്കുകയും നാട്ടിൻപുറത്തെ പെണ്ണുങ്ങളുടെ മാനറിസങ്ങൾ നിരീക്ഷിക്കുകയും ചെയ്തു.തമിഴ് നാട്ടിലെ ഉൾഗ്രാമത്തിൽ ജീവിക്കുന്ന സ്ത്രീയാണ് യശോദ. ആണുങ്ങളെ പേടിപ്പിച്ചു നിറുത്തുന്ന ആൾ . 20 വയസുകാരിയുടെ അമ്മ. ഒരു കണ്ണിൽനിന്ന് കണ്ണീർ വരണം. അഭിനയിക്കാൻ ഉണ്ടായിരുന്നു. വ്യത്യസ്തമാകണമെന്ന ചിന്ത കഥ കേട്ടപ്പോൾ തന്നെ തോന്നി.
16ന്റെ സ്വപ്നം
പതിനഞ്ച് വർഷം മുൻപ് വൈഗൈ എന്ന തമിഴ് സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വരുമ്പോൾ സിനിമ നടിയാകണമെന്ന ആഗ്രഹം മാത്രമേ ഉണ്ടായിരുന്നുള്ളു. അന്ന് 16 വയസാണ്. തമിഴോ, മലയാളമോ എന്നൊന്നും ചിന്തിച്ചില്ല. തമിഴിൽനിന്ന് അവസരം വന്നപ്പോൾ ചെന്നൈയിലേക്ക് അമ്മയോടൊപ്പം വണ്ടി കയറി. ഇനിമുതൽ തമിഴ് സിനിമയിലായിരിക്കും എന്റെ ജീവിതം എന്ന ചിന്തപോലും വന്നു. എന്നാൽ പ്രത്യേകിച്ച് വലിയ മാറ്റമൊന്നും സംഭവിച്ചില്ല. അന്ന് മുതൽ തുടങ്ങിയതാണ് തമിഴ് സിനിമയോട് സ്നേഹം.ഒരു വർഷ ം ചെന്നൈയിൽ നിന്നെങ്കിലും അവസരം ലഭിച്ചില്ല. സിനിമ ഉപേക്ഷിക്കാമെന്ന ചിന്തയിൽ ഞങ്ങൾ മടങ്ങി പോന്നു. വർഷങ്ങൾക്കുശേഷം ലബർ പന്തിൽ അഭിനയിക്കാൻ ചെന്നൈയിൽ പോകുമ്പോൾ അമ്മയും ഞാനും പഴയ കാലം ഓർത്തു. ലബർപന്തിന്റെ വിജയത്തിൽ അമ്മയാണ് ഏറെ സന്തോഷിക്കുന്നത്.വെല്ലുവിളി ഉയർത്തുന്ന കഥാപാത്രങ്ങൾ മലയാളത്തിൽ ലഭിക്കുന്നത് കുറവാണ്. ചതുരം സിനിമയിലാണ് മാറ്റം സംഭവിച്ചത്. സിദ്ധാർത്ഥ് ഭരതൻ എന്ന സംവിധായകന്റെ കാഴ്ചപ്പാടാണ് മേക്കോവറിൽ ഒരു കഥാപാത്രം എനിക്ക് തന്നാൽ ചെയ്യും എന്നത് . സംവിധായകന്റെ വിശ്വാസം പ്രധാനമാണ്. ആ രീതിയിൽ ചിന്തിക്കുന്ന സംവിധായകർ മലയാളത്തിൽ കുറവാണ്. ഭയങ്കരമായ വെല്ലുവിളി ഉയർത്തുന്ന വ്യത്യസ്തമായ കഥാപാത്രങ്ങൾ മലയാളത്തിൽ ലഭിച്ചിട്ടില്ല. അതിന്റെ കാരണം അറിയില്ല.
പുതിയ മുഖം
ജീവിതത്തിലും കരിയറിലും പുതിയ മുഖത്തിൽ യാത്ര. എന്റെ ആഗ്രഹത്തിനും പാഷനും പിന്തുണ നൽകുന്ന പങ്കാളിയെയും കുടുംബത്തെയും ലഭിക്കുക എന്നത് ഭാഗ്യമാണ്. വിവാഹത്തിന് മുൻപാണ് ലബർ പന്തിൽ അഭിനയിച്ചത്. കരിയറിൽ അടിപൊളി വർഷം. ഒരു രീതിയിലും ബുദ്ധിമുട്ടോ മനസിന് വേദനയോ ഒന്നുമില്ല. മലയാളത്തിൽ ഒരു അന്വേഷണത്തിന്റെ തുടക്കം ഉടൻ റിലീസ് ചെയ്യും. രണ്ടാം യാമം പൂർത്തിയായി.ആദ്യമായി തെലുങ്കിൽ അഭിനയിക്കുന്ന തമ്മുടു എന്ന ചിത്രത്തിൽ മുഴുനീളെ നെഗറ്റീവ് കഥാപാത്രം ആണ്. സിനിമയെ എന്നും പ്രണയിക്കുന്നു.
ഓടിനടന്നു ജോലി ചെയ്യാൻ ഇഷ്ടമാണ്. സിനിമ വിട്ടുപോകാൻ വയ്യാത്തതുകൊണ്ട് അഭിനയത്തിൽ തിളങ്ങാൻ കഴിഞ്ഞില്ലെങ്കിൽ ആരെ എങ്കിലും അസിസ്റ്റ് ചെയ്താൽ ലൊക്കേഷനിൽ തന്നെ ഞാനുണ്ടാകുമല്ലോ എന്ന് ഇടയ്ക്ക് പറയാറുണ്ട്.എന്നാൽ ക്യാമറയുടെ പിന്നിൽ പ്രവർത്തിക്കണമെന്നാഗ്രഹം കൊണ്ട് നടക്കുന്നില്ല. പ്രതീക്ഷിക്കാത്ത പല കാര്യങ്ങളും ജീവിതത്തിൽ സംഭവിക്കുമല്ലോ.അങ്ങനെ സംഭവിച്ചാൽ ഏറ്റെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |