മുംബയ്: രത്തൻ ടാറ്റയുടെ മൃഗസ്നേഹം പ്രസിദ്ധമാണ്. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ കഴിഞ്ഞ ജൂൺ 26ന് പങ്കുവച്ച പോസ്റ്റ് വൈറലായിരുന്നു. മുംബയിലെ ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥയിൽ പ്രവർത്തിക്കുന്ന സ്‌മോൾ അനിമൽ ഹോസ്‌പിറ്റലിൽ ഗുരുതരാവസ്ഥയിലുള്ള തെരുവ് നായയ്ക്ക് വേണ്ടി അടിയന്തരസഹായം തേടിയുള്ള പോസ്റ്റായിരുന്നു അത്.
ചെള്ളുപനി ബാധിച്ച് ചികിത്സയിലുള്ള ഏഴുമാസം പ്രായമുള്ള നായയ്ക്ക് രക്തത്തിനുവേണ്ടി അദ്ദേഹം അപേക്ഷിച്ചു. അടിയന്തരമായി 'രക്തദാതാവി'നെ വേണമെന്നും രക്തദാതാവിന് വേണ്ട യോഗ്യതകളും അദ്ദേഹം വ്യക്തമാക്കി. പോസ്റ്റ് വാർത്തകളിൽ നിറയുകയും ചർച്ചയായുകയും ചെയ്‌തു. ആ പോസ്റ്റിന് കീഴിൽ വന്ന കമന്റുകളിൽ അധികവും ഇങ്ങനെയായിരുന്നു, സാമ്പത്തികമായി മാത്രമല്ല അനുകമ്പയിലും ധനികനാണ് ടാറ്റ. ടാറ്റയുടെ അവസാനത്തെ പെറ്റ് പ്രോജക്ടും ദീർഘകാല സ്വപ്‌നവുമായിരുന്നു മുംബയിൽ ഒരു മൃഗാശുപത്രി തുടങ്ങുകയെന്നത്.
മുംബയിലെ മഹാലക്ഷ്മിയിൽ സ്ഥിതി ചെയ്യുന്ന ടാറ്റ ട്രസ്റ്റ്‌സ് സ്‌മോൾ അനിമൽ ഹോസ്‌പിറ്റൽ ഈ വർഷമാണ് പ്രവർത്തനം ആരംഭിച്ചത്. 2.2 ഏക്കറിൽ പരന്നുകിടക്കുന്ന ആശുപത്രിയിൽ അഞ്ച് നിലകളാണുള്ളത്. 165 കോടിയായിരുന്നു നിർമ്മാണച്ചെലവ്.
ചാൾസ് രാജാവിന്റെ
ക്ഷണം തിരസ്‌കരിച്ചു
2018ലെ ബ്രിട്ടീഷ് ഏഷ്യൻ ട്രസ്റ്റിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് രത്തൻ ടാറ്റയ്ക്കായിരുന്നു. ബക്കിംഗ് ഹാം കൊട്ടാരത്തിൽ വച്ച് അന്ന് അവാർഡ് നൽകുന്നത് ചാൾസ് രാജകുമാരനും. എന്നാൽ, ടാറ്റയെ സംബന്ധിച്ച് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡിനേക്കാൾ പ്രധാനം തന്റെ നായയുടെ രോഗാവസ്ഥയായിരുന്നു. അതിനാൽ അദ്ദേഹത്തിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. ആ ചടങ്ങ് തന്നെ നിരസിച്ചു.
ആ അനുഭവം ടാറ്റയുടെ ഉറ്റസുഹൃത്തും ഇന്ത്യൻ വ്യവസായിയുമായ സുഹേൽ സേത്താണ് പങ്കുവച്ചത്. അവാർഡുദാന ചടങ്ങിന് ദിവസങ്ങൾക്ക് മുമ്പ് ടാറ്റ,ബക്കിംഗ്ഹാം കൊട്ടരത്തിലേക്ക് വിളിച്ചു. ഒന്നും രണ്ടും തവണയല്ല, 11 തവണ. ഒടുവിൽ ചാൾസ് രാജകുമാരനെ കിട്ടി. ടാറ്റ അദ്ദേഹത്തോട് പറഞ്ഞതിങ്ങനെ, 'തന്റെ നായയ്ക്ക് അസുഖമാണ്. എനിക്കവനെ വിട്ടിട്ട് വരാൻ വയ്യ." ഇതുകേട്ട ചാൾസ് രാജകുമാരൻ ടാറ്റയെ പ്രശംസിക്കുകയും അദ്ദേഹത്തിന്റെ പരിഗണനയിൽ ആദരവ് പ്രകടിപ്പിക്കുകയും ചെയ്‌തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |